Asianet News MalayalamAsianet News Malayalam

കെ വി തോമസ് ബിജെപി നേതാക്കളുമായി ചർച്ച നടത്തുമെന്ന് വിശ്വസിക്കുന്നില്ല: ബെന്നി ബെഹനാൻ

സ്ഥാനാർത്ഥിത്വത്തിൽ നിന്ന് മാറ്റി നിർത്തുന്നത് രാഷ്ട്രീയ ജീവിതത്തിന്‍റെ അവസാനമായി കാണേണ്ടതില്ലെന്നും ബെന്നി ബെഹനാൻ പറഞ്ഞു.
 

kv thomas wont plan to join bjp says udf convenor benni behnan
Author
Kochi, First Published Mar 17, 2019, 10:59 AM IST

കൊച്ചി: കെ വി തോമസ് ബിജെപി നേതാക്കളുമായി ചർച്ച നടത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ വിശ്വസിക്കുന്നില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ. കെ വി തോമസിനെ പോലെ നീണ്ട വർഷത്തെ രാഷ്ട്രീയ അനുഭവമുള്ള നേതാവിനെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് മാറ്റി നിർത്തുമ്പോൾ അതിന് പകരമായി  നേതൃത്വം മറ്റ് പരിഗണനകൾ ആലോചിച്ചുണ്ടാകുമെന്നാണ് തന്‍റെ പ്രതീക്ഷ. സ്ഥാനാർത്ഥിത്വത്തിൽ നിന്ന് മാറ്റി നിർത്തുന്നത് രാഷ്ട്രീയ ജീവിതത്തിന്‍റെ അവസാനമായി കാണേണ്ടതില്ലെന്നും ബെന്നി ബെഹനാൻ പറഞ്ഞു.

എറണാകുളം സീറ്റ് നിഷേധിക്കപ്പെട്ടതിൽ അതൃപ്തി തുറന്നു പറഞ്ഞ കെ വി തോമസ് പാർട്ടി തീരുമാനം തന്നെ ഞെട്ടിച്ചുവെന്നും എന്ത് തെറ്റിന്‍റെ പേരിലാണ് തന്നെ മാറ്റി നിർത്തിയതെന്ന് മനസ്സിലാകുന്നില്ലെന്നും പത്രസമ്മേളനത്തിൽ തുറന്നടിച്ചിരുന്നു. കോൺഗ്രസ് പാർട്ടി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തു വന്ന കെ വി തോമസിനെ ബിജെപി ദേശീയ നേതൃത്വം ഫോണിൽ ബന്ധപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി നിർമലാ സീതാരാമന്‍റെ നേതൃത്വത്തിലാണ് കെ വി തോമസിനെ ബിജെപിയിലെത്തിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതെന്നാണ് സൂചന. എന്നാൽ കെ വി തോമസ് ഇതുവരെ ഇതിനോട് വ്യക്തമായി പ്രതികരിച്ചിട്ടില്ല. 

സോണിയാ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള ടോം വടക്കന്‍റെ കളം മാറ്റത്തിന് തൊട്ടുപിന്നാലെ സീറ്റ് കിട്ടാത്തതിൽ അതൃപ്തിയുമായി രംഗത്ത് വന്ന കെ വി തോമസിനെക്കൂടി ബിജെപി പാളയത്തിലെത്തിക്കാൻ കഴിഞ്ഞാൽ അത് നേട്ടമാകുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
 

Follow Us:
Download App:
  • android
  • ios