Asianet News MalayalamAsianet News Malayalam

'എല്ലാവര്‍ക്കും 15 ലക്ഷം'; മോദിയുടെ പ്രസംഗ വീഡിയോയുടെ ഡബ്സ്മാഷുമായി ലാലു പ്രസാദ്

ലാലുവിന്‍റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു ഇപ്പോള്‍ റാഞ്ചിയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്

lalu prasad yadav dubsmash on narendra modi
Author
Ranchi, First Published Apr 13, 2019, 10:36 PM IST

റാഞ്ചി: പൊതു തെരഞ്ഞെടുപ്പ് പോരാട്ടത്തിന്‍റെ ആവേശം രാജ്യമാകെ അലയടിക്കുകയാണ്. അധികാരത്തുടര്‍ച്ചയ്ക്കായി മോദിയും എന്‍ ഡി എയും ഒരു വശത്ത് നില്‍ക്കുമ്പോള്‍ അധികാരത്തില്‍ തിരിച്ചെത്തുകയെന്ന സ്വപ്നവുമായാണ് രാഹുലും പ്രതിപക്ഷ പാര്‍ട്ടികളും കളം പിടിക്കാന്‍ ശ്രമിക്കുന്നത്. അതിശക്തമായ പോരാട്ടം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ബിഹാറിലാകട്ടെ മഹാസഖ്യമുണ്ടാക്കിയ പ്രതിപക്ഷം വലിയ പ്രതീക്ഷയിലാണ്.

അതിനിടയിലാണ് മഹാസഖ്യത്തിന്‍റെ നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിലല്ല, സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്തമായ അടവുമായാണ് ലാലു എത്തിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും ഹിറ്റായ ഡബ്സ്മാഷിലൂടെയാണ് മോദിക്കെതിരായ വിമര്‍ശനം ലാലു നടത്തിയിരിക്കുന്നത്.

എല്ലാവര്‍ക്കും 15 ലക്ഷം എന്നതടക്കമുള്ള മോദിയുടെ വാഗ്ദാനങ്ങളാണ് ഡബ്സ്മാഷിനായി ലാലു ഉപയോഗിച്ചിരിക്കുന്നത്. മോദിയുടെ ശബ്ദത്തിനൊപ്പം ചുണ്ടനക്കിയുള്ള ആര്‍ ജെ ഡി നേതാവിന്‍റെ വീഡിയോ 17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ്. വിദേശത്തുള്ള കള്ളപ്പണം തിരിച്ചു കൊണ്ടുവരുമെന്നതടക്കമുള്ള മോദിയുടെ പ്രസംഗങ്ങള്‍ ലാലു ആയുധമാക്കിയിട്ടുണ്ട്. ലാലുവിന്‍റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു ഇപ്പോള്‍ റാഞ്ചിയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്.

 

Follow Us:
Download App:
  • android
  • ios