Asianet News MalayalamAsianet News Malayalam

കൊല്ലത്ത് ചട്ടലംഘന പരാതികളുമായി യുഡിഎഫും എല്‍ഡിഎഫും കൊമ്പ് കോര്‍ക്കുന്നു

മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എൻ കെ പ്രേമചന്ദ്രൻ പ്രസംഗിച്ചെന്ന പരാതിയുമായി സിപിഎം സംസ്ഥാന സമതിയംഗം കെ വരദരാജനാണ് ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. 

ldf and udf made allegation regards election code of conduct
Author
Kollam, First Published Apr 14, 2019, 7:26 AM IST

കൊല്ലം:പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവേ കൊല്ലത്ത് തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതികളുമായി കൊമ്പ് കോര്‍ത്ത് എല്‍ഡിഎഫും യുഡിഎഫും. സാമൂഹ്യമാധ്യങ്ങള്‍ വഴിയും ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് ഇരു മുന്നണികളും. അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ കൊല്ലത്ത് ഇഞ്ചോടിഞ്ചാണ് പോരാട്ടം.

മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എൻ കെ പ്രേമചന്ദ്രൻ പ്രസംഗിച്ചെന്ന പരാതിയുമായി സിപിഎം സംസ്ഥാന സമതിയംഗം കെ വരദരാജനാണ് ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. വരാണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ക്കാണ് അദ്ദേഹം പരാതി നല്‍കിയത്. ഈ സംഭവത്തില്‍ പ്രേമചന്ദ്രൻ കളക്ടര്‍ക്ക് വിശദീകരണം നല്‍കി. ഭരണഘടനാപരമായി മാത്രമാണ് താൻ പ്രസംഗിച്ചതെന്നാണ് പ്രേമചന്ദ്രന്‍റെ നിലപാട്.

കൊല്ലം ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ 750 ദിവസമായി നടന്ന് വരുന്ന ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണത്തില്‍ പ്രവര്‍ത്തകര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍ ബാലഗോപാലിന്‍റെ ചിത്രം പതിച്ച ടീഷര്‍ട്ട് ധരിച്ചതാണ് യുഡിഎഫ് ഉന്നയിച്ച ചട്ടലംഘന പരാതി. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഡിവൈഎഫ്ഐ നേതൃത്വം ഉന്നയിക്കുന്നത്. ഈ പരാതിയില്‍ ഇതുവരെ കളക്ടര്‍ തുടര്‍ നടപടി എടുത്തിട്ടില്ല. ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുക്യാംപുകളിലേയും പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലും ഏറ്റുമുട്ടുന്നുണ്ട്. 

ഏതുവിധേയനേയും കൊല്ലം നിലനിര്‍ത്താന്‍ യുഡിഎഫ് പ്രയത്നിക്കുമ്പോള്‍ ഇടതുകോട്ടയായ മണ്ഡലം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തില്‍ എല്‍ഡിഎഫ്. ശബരമല വിഷയം വച്ച് മണ്ഡലത്തില്‍ ത്രികോണമത്സരം നടത്താം എന്ന പ്രതീക്ഷയിലാണ് ബിജെപി ക്യാംപ്. അവസാനഘട്ടത്തില്‍ മൂന്ന് മുന്നണികളും കേന്ദ്ര നേതാക്കളെയാണ് രംഗത്തിറക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാം തവണ ജില്ലയിലെത്തി. രാജ്നാഥ് സിംഗിന് പുറമേ നിര്‍മ്മല സീതാരാമനാണ് അടുത്ത് എൻഡിഎയ്ക്കായി എത്തുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വരുന്ന ചൊവ്വാഴ്ച കൊല്ലത്ത് എത്തും.

Follow Us:
Download App:
  • android
  • ios