Asianet News MalayalamAsianet News Malayalam

ഇടത് കോട്ടകള്‍ പോലും കൈവിട്ടു; ശബരിമലയും കൊലപാതക രാഷ്ട്രീയവും കണ്ണൂരില്‍ തിരിച്ചടിയായോ?

ശബരിമല വിഷയവും കൊലപാതക രാഷ്ട്രീയവും പാർട്ടി ഗ്രാമങ്ങളിൽ പോലും ആഴത്തിൽ ബാധിച്ചുവെന്ന് ഉറപ്പിക്കുന്നതാണ് കണ്ണൂരിലെ ഫലം. 

ldf loss kannur lok sabha constituency
Author
Kannur, First Published May 23, 2019, 11:28 PM IST

കണ്ണൂര്‍: ഇടത് മുന്നണിയുടെ കോട്ടകളടക്കം യുഡിഎഫിന് റെക്കോർഡ് ലീഡ് നൽകിയാണ് കണ്ണൂരിൽ ജനം വോട്ട് ചെയ്തത്.  ശബരിമല വിഷയവും കൊലപാതക രാഷ്ട്രീയവും പാർട്ടി ഗ്രാമങ്ങളിൽ പോലും ആഴത്തിൽ ബാധിച്ചുവെന്ന് ഉറപ്പിക്കുന്നതാണ് കണ്ണൂരിലെ ഫലം. സർക്കാരിലും പാർട്ടിയിലും സിപിഎമ്മിലെ ഏറ്റവും വലിയ അധികാര കേന്ദ്രമായ കണ്ണൂരിൽ പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറികൾക്ക് ഫലം വഴിവെക്കുമെന്നുറപ്പാണ്.

വോട്ടെണ്ണിത്തുടങ്ങുന്ന ഘട്ടത്തിൽ പോസ്റ്റൽ വോട്ടുകളിൽ ഒഴികെ പിന്നീട് ഒരിക്കൽപോലും പി കെ ശ്രീമതിക്ക് ലീഡ് ചെയ്യാനായില്ല. മൂന്നാം റൗണ്ടിലെത്തിയപ്പഴേക്കും ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ലീഡ് സുധാകരന് മാത്രമായി. പിണറായിയും പാറപ്രവും ഉൾപ്പെടുന്ന മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടം ആദ്യ റൗണ്ടുകളിൽ സുധാകരന് ലീഡ് നൽകിക്കൊണ്ടിരുന്നു.  മട്ടന്നൂരും ധർമ്മടവും മാത്രമാണ്  അവസാനഘട്ടത്തിലെത്തിയപ്പോൾ നേരിയ ലീഡെങ്കിലും നൽകി പി കെ ശ്രീമതിക്ക് ഒപ്പം നിന്നത്. 

ന്യൂനപക്ഷ മേഖലയായ കണ്ണൂരും അഴീക്കോടും ഒന്നടങ്കം യുഡിഎഫിനൊപ്പമായി. മുഖ്യമന്ത്രി തന്നെ നേരിട്ട് കുടുംബയോഗങ്ങൾക്ക് തുടക്കമിടുകയും, സർക്കാരിന്റെ വികസനം അജണ്ടയാക്കി  ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ തുടങ്ങുകയും ചെയ്ത ധർമ്മടം മണ്ഡലത്തിലെ ചോർച്ച വലിയ ചർച്ചയാകുമെന്നുറപ്പാണ്. ശബരിമലയിലെ പ്രതിഷേധം പാർട്ടികോട്ടകളിൽപ്പോലും വോട്ടായെന്ന വിലയിരുത്തലിന് സിപിഎമ്മിന് മറുപടി പറയേണ്ടി വരും.

പി ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് മാറ്റി വടകരയിൽ മത്സരിപ്പിച്ചതും, പി ജയരാജൻ പോയതോടെ തെരഞ്ഞെടുപ്പ് പ്രവർത്തനം താളം തെറ്റിയതും പാർട്ടിക്കുള്ളിൽ ചർച്ചയാണ്. പി കെ ശ്രീമതിക്കായി പുതിയ വോട്ടുകൾ ചേർക്കുന്നതിലും ചെയ്യിക്കുന്നതിലും വരെ വീഴ്ച്ചയുണ്ടായി. ചുമതലയുണ്ടായിരുന്ന കെ കെ രാഗേഷിനെതിരെയും മുറുമുറുപ്പുണ്ട്. വടകരയിൽ തോൽക്കുകയും, ജില്ലാ സെക്രട്ടറി സ്ഥാനം പോവുകയും ചെയ്തതോടെ പി ജയരാജൻ കണ്ണൂരിൽ അപ്രസക്തനും അസ്വസ്ഥനുമാകുന്ന സ്ഥിതിയാണ്. മുഖ്യമന്ത്രിയുടെ മേൽക്കൈയിൽ നടപ്പായ ഇവയടക്കമുള്ള തീരുമാനങ്ങളിലെ അതൃപ്തി പുകയുകയാണ്. പക്ഷെ സിപിഎം നേതാക്കൾ പ്രതികരണം നിയന്ത്രിക്കുകയാണ്.

Follow Us:
Download App:
  • android
  • ios