Asianet News MalayalamAsianet News Malayalam

കോഴ ആരോപണം: എം കെ രാഘവനെതിരെ പ്രചാരണം ശക്തമാക്കി എല്‍ഡിഎഫ്; ആശങ്കയില്‍ യുഡിഎഫ്

കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് എതിരേയുള്ള പ്രചാരണ ആയുധമായാണ് എല്‍ഡിഎഫ് ഈ സംഭവത്തെ കാണുന്നത്. വരും ദിവസങ്ങളി‍ല്‍ ഈ വിഷയമുയര്‍ത്തി രാഘവനെതിരേ ശക്തമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷം.

ldf use allegation against m k raghavan to campaign against the candidate
Author
Kozhikode, First Published Apr 4, 2019, 7:12 AM IST

കോഴിക്കോട്: യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍ ഒളിക്യാമറയില്‍ കുടുങ്ങിയത് ഉയര്‍ത്തി കോഴിക്കോട് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് എല്‍ഡിഎഫ്. കോഴ ആരോപണം കെട്ടിച്ചമച്ചതാണെന്ന് രാഘവന്‍ വ്യക്തമാക്കുമ്പോഴും തെരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് യുഡിഎഫ്.

തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്ത സംഘത്തോട് പണം കൈമാറാന്‍ തന്‍റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെടാന്‍ എം കെ രാഘവന്‍ ആവശ്യപ്പെടുന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് ഹിന്ദി ചാനല്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. കോഴിക്കോട് മണ്ഡലത്തില്‍ ഇത് പ്രധാന പ്രചാരണ ആയുധമാക്കാനാണ് എല്‍ഡിഎഫിന്‍റെ തീരുമാനം. മണ്ഡലത്തില്‍ രാഘവന്‍ നേടിയ മൈല്‍ക്കൈ ഇതോടെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് ഇടതുപക്ഷത്തിന്‍റെ പ്രതീക്ഷ.

രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ ദിവസം തന്നെ ഒളിക്യാമറ റിപ്പോര്‍ട്ട് പുറത്ത് വന്നത് യുഡിഎഫിനെ വെട്ടിലാക്കിയിരിക്കുകയാണ്. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളിലൂന്നിയായിരുന്നു ഇതുവരെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം. കോഴ ആരോപണം വന്നതോടെ ഇതിനെ എങ്ങനെ പ്രതിരോധിക്കുമെന്ന ആശങ്കയിലാണ് യുഡിഎഫ്

ഒരു ഹിന്ദി ചാനലിന്‍റെ ഒളിക്യാമറ ഓപറേഷനിലാണ് കോഴിക്കോട്ടെ എം.കെ രാഘവന്‍ കുടുങ്ങിയത്. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്ത സംഘത്തോട് പണം കൈമാറാന്‍ തന്‍റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെടാന്‍ രാഘവന്‍ ആവശ്യപ്പെടുന്നത് അടക്കമുള്ളവയാണ് ചാനല്‍ പുറത്ത് വിട്ടത്. 

ഒരു കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്‍റെ പ്രതിനിധികളായി രാഘവനെ സമീപിക്കുന്നതും തെരഞ്ഞെടുപ്പിന് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്യുന്നതുമാണ് സ്വകാര്യ ഹിന്ദി ചാനല്‍ പുറത്ത് വിട്ടത്. പഞ്ചനക്ഷത്ര ഹോട്ടല്‍ തുടങ്ങാന്‍ പത്ത് മുതല്‍ പതിനഞ്ചേക്കര്‍ സ്ഥലം കോഴിക്കോട് ആവശ്യമുണ്ടെന്നും ഇതിന് സഹായിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഓപറേഷന്‍.

അതേസമയം കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് എതിരേയുള്ള പ്രചാരണ ആയുധമായാണ് എല്‍ഡിഎഫ് ഈ സംഭവത്തെ കാണുന്നത്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളി‍ല്‍ ഈ വിഷയമുയര്‍ത്തി രാഘവനെതിരേ ശക്തമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇടത്പക്ഷം.

അതേസമയം എം കെ രാഘവന് പിന്തുണയുമായി യുഡിഎഫ് നേതാക്കൾ രംഗത്തെത്തി. ആരോപണം കെട്ടിചമച്ചതാണെന്നും വാർത്ത പുറത്ത് വിട്ട ചാനലിന്റെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള കള്ളക്കഥ ആണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ സർക്കാ‌ർ അന്വേഷിച്ച് കണ്ടെത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios