Asianet News MalayalamAsianet News Malayalam

'മക്കളെ ജയിപ്പിക്കാനാണോ ശ്രദ്ധിച്ചത്?', പ്രവർത്തക സമിതിയിൽ നേതാക്കൾക്ക് രാഹുലിന്‍റെ രൂക്ഷവിമർശനം

രാജി സന്നദ്ധത അറിയിച്ച് സംസാരിക്കുന്നതിനിടയിലും അശോക് ഗെലോട്ടിനും ചിദംബരത്തിനും കമൽനാഥിനും എതിരെ രാഹുൽ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. 

leaders like kamal nath chidambaram and ashok gehlot criticised in congress working committee meet on failure
Author
New Delhi, First Published May 26, 2019, 11:14 AM IST

ദില്ലി: കോൺഗ്രസ് അധ്യക്ഷപദത്തിൽ നിന്ന് രാജി വയ്ക്കണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം പാടേ തള്ളിയെങ്കിലും നാടകീയരംഗങ്ങളാണ് ശനിയാഴ്ച നടന്ന കോൺഗ്രസ് പ്രവർത്തകസമിതിയിൽ അരങ്ങേറിയത്. മുതിർന്ന പല നേതാക്കളെയും രൂക്ഷമായി വിമർശിച്ചാണ് യോഗത്തിൽ രാഹുൽ ഗാന്ധി സംസാരിച്ചത്.

തോൽവി ചർച്ച ചെയ്യാൻ ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതിയിൽ സ്വന്തം മക്കൾക്ക് സീറ്റ് കിട്ടാനും ജയിപ്പിക്കാനും മാത്രം ശ്രദ്ധിച്ച മുതിർന്ന നേതാക്കൾക്കെതിരെ കടുത്ത വിമർശനം രാഹുൽ ഉയർത്തി. പ്രാദേശിക തലത്തിൽ കോൺഗ്രസിന് ശക്തരായ നേതാക്കളെ വേണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ എഴുന്നേറ്റ് നിന്ന് സംസാരിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു രാഹുലിന്‍റെ വിമർശനം. 

ബിജെപിയിൽ നിന്ന് തിരിച്ചുപിടിച്ച സംസ്ഥാനങ്ങളിൽപ്പോലും കോൺഗ്രസ് വളരെ മോശം പ്രകടനമാണ് നടത്തിയതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. രാജസ്ഥാനിൽ അശോക് ഗെലോട്ടും, മധ്യപ്രദേശിൽ കമൽനാഥും സ്വന്തം മക്കൾക്ക് സീറ്റുറപ്പിക്കുന്നതിലും അവരെ ജയിപ്പിക്കുന്നതിലും മാത്രമാണ് ശ്രദ്ധിച്ചത്. തനിക്ക് അവർക്ക് സീറ്റ് നൽകുന്നതിൽ വലിയ താത്പര്യമുണ്ടായിരുന്നില്ലെന്ന് അറിഞ്ഞിട്ട് പോലും സീറ്റ് വേണമെന്ന് നിർബന്ധം പിടിച്ചു. തമിഴ്‍നാട്ടിൽ ശിവഗംഗ സീറ്റ് മകൻ കാർത്തി ചിദംബരത്തിന് കൊടുക്കണമെന്ന് പി ചിദംബരവും വാശി പിടിച്ചു - രാഹുൽ പറഞ്ഞു.

താൻ കൊണ്ടുവന്ന പ്രചാരണവിഷയങ്ങൾ പലതും താഴേത്തട്ടിൽ നേതാക്കൾ പ്രചാരണവിഷയമാക്കിയില്ലെന്ന് രാഹുൽ വിമർശിച്ചു. 'ചൗകിദാർ ചോർ ഹേ' എന്ന മുദ്രാവാക്യമോ, റഫാൽ അഴിമതിയോ നേതാക്കൾ പ്രസംഗങ്ങളിൽ കൃത്യമായി ഉന്നയിച്ചില്ല. താൻ പറഞ്ഞതിനെ എതിർക്കുന്നവരുണ്ടെങ്കിൽ കൈ പൊക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. 

പാർട്ടിക്കകത്ത് ഉത്തരവാദിത്തം ആവശ്യമാണെന്നും തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് താൻ അധ്യക്ഷപദം ഒഴിയാൻ തയ്യാറാണെന്നും രാഹുൽ യോഗത്തിൽ പറഞ്ഞു. എന്നാൽ ഇതോടെ വികാരഭരിതമായ രംഗങ്ങളാണ് യോഗത്തിലുണ്ടായത്. മുതിർന്ന നേതാക്കൾ കൂട്ടത്തോടെ, രാഹുൽ തെരഞ്ഞെടുപ്പിനെ മുന്നിൽ നിന്ന് നയിച്ചയാളാണെന്നും സ്ഥാനമൊഴിയേണ്ടതില്ലെന്നും പറഞ്ഞു. രാഹുലിന്‍റെ രാജിയാവശ്യം തള്ളി പ്രമേയം പാസ്സാക്കുകയും ചെയ്തു.

പ്രവർത്തകസമിതിയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല രാഹുൽ രാജി സന്നദ്ധത അറിയിച്ചെങ്കിലും അത് സമിതി ഏകകണ്ഠമായി തള്ളിക്കളഞ്ഞെന്ന് വ്യക്തമാക്കുകയും ചെയ്തു.

Read More: 'ഗാന്ധി കുടുംബാംഗമല്ലാത്ത കോൺഗ്രസ് പ്രസിഡന്‍റ് ഉണ്ടായ ചരിത്രമില്ലേ?', രാജിയിൽ ഉറച്ച് രാഹുൽ പറഞ്ഞത്...

Follow Us:
Download App:
  • android
  • ios