ദില്ലി: തെരഞ്ഞെടുപ്പ് കാലത്ത് സ്വന്തം പാർട്ടി വിട്ട് മറുകണ്ടം ചാടുന്ന നേതാക്കൾ രാഷ്ട്രീയക്കളരിയിലെ സ്ഥിരം കാഴ്ചയാണ്. പാർട്ടി നേതൃത്വവുമായുണ്ടാകാറുള്ള സീറ്റ് കലഹങ്ങളാകും എല്ലാക്കാലത്തും നേതാക്കളുടെ കാലുമാറ്റത്തിന് പിന്നിലെ പ്രധാന കാരണം. പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാർട്ടി മാറി മറ്റ് പാർട്ടികളിൽ ചേക്കേറുന്നവരുടെ എണ്ണവും വർധിക്കുകയാണ്.

മാർച്ച് 10 ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇത്തവണത്തെ കാലുമാറ്റം തുടങ്ങിയിരുന്നു. സീറ്റ് ലഭിക്കാൻ സാധ്യതയില്ലെന്ന് മനസിലാക്കി മാസങ്ങൾക്ക് മുമ്പെ തന്നെ ചില നേതാക്കൾ എതിർ ചേരി ലക്ഷ്യമിട്ടുള്ള നീക്കം ആരംഭിച്ചിരുന്നു. ചിലർ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുന്നത് വരെ കാത്തുനിന്നു. ചിലർ സീറ്റ് കിട്ടിയിട്ടും പാർട്ടി വിട്ടു. മറ്റ് ചില നേതാക്കളാവട്ടെ സീറ്റ് കാത്ത് 'സ്വതന്ത്ര'രായി നിൽക്കുകയാണ്. 

രാജ്യം ഭരിക്കുന്ന ബിജെപി ഭരണവിരുദ്ധ വികാരം ഒഴിവാക്കാൻ 25 ശതമാനം സിറ്റിങ് എംപി മാരെ ഒഴിവാക്കുമെന്ന സൂചനയാണ് നൽകിയത്. അത് കൊണ്ട് തന്നെ സീറ്റ് പ്രഖ്യാപനത്തിന് ശേഷം മറുകണ്ടം ചാടുന്നവരുടെ ഒഴുക്ക് വർധിക്കാൻ സാധ്യത കൂടുതലാണ്. സീറ്റിന് വേണ്ടി ബിജെപിയിലേക്ക് പോയവരുടെ എണ്ണത്തിലും ഒട്ടും കുറവില്ല. 

ഇതുവരെ മറുകണ്ടം ചാടിയ പ്രമുഖരെ പരിചയപ്പെടാം

ബിജെപി

സുബല്‍ ഭൊവ്മിക്

ത്രിപുരയില്‍ ബിജെപി ഉപാധ്യക്ഷന്‍ സുബല്‍ ഭൊവ്മിക് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് ഏറ്റവും പുതിയ വാർത്ത. അനിവാര്യമായ സാഹചര്യത്തില്‍ ബിജെപി വിടുകയാണെന്നാണ് സുബല്‍ ഭൊവ്മികിന്റെ രാജിക്കത്തില്‍ പറയുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ ത്രിപുരയില്‍ നിന്ന് അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.  ത്രിപുരയില്‍ ബിജെപിക്ക് ഭരണംപിടിക്കാന്‍ സാധിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ് സുബല്‍.

റാം പ്രസാദ് ശര്‍മ്മ

മത്സരിക്കാന്‍ സീറ്റ് കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് അസമിലെ മുതിർന്ന ബിജെപി നേതാവും സിറ്റിങ് എംപിയുമായ റാം പ്രസാദ് ശര്‍മ്മ പാര്‍ട്ടിയില്‍ നിന്നും രാജി വച്ചത്. ഇത്തവണ സീറ്റ് നല്‍കാതെ പാര്‍ട്ടി അവഗണിച്ചെന്നും തന്നെ അപമാനിച്ചതില്‍ പ്രതിഷേധിച്ചാണ് ബിജെപി അംഗത്വം രാജിവെക്കുന്നതെന്നും റാം പ്രസാദ് ശര്‍മ്മ രാജി കത്തിൽ പറഞ്ഞു. നിലവില്‍ തേസ്പൂരില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് റാം പ്രസാദ് ശര്‍മ്മ. 

രേഷ്മ പട്ടേല്‍

ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ വനിതാ മുഖമായിരുന്ന രേഷ്മ പട്ടേലിന്റെ രാജി ബിജെപിക്ക് വൻ തിരിച്ചടിയായി. തട്ടിപ്പ് പദ്ധതികള്‍ പ്രൊമോട്ട് ചെയ്യുന്ന ഒരു മാര്‍ക്കറ്റിംഗ് കമ്പനിയാണ് ബിജെപി എന്ന് അഭിപ്രായപ്പെട്ടായിരുന്നു രേഷ്മ പട്ടേലിന്റെ രാജി. പട്ടീദാര്‍ ആന്ദോളന്‍ സമിതിയുടെ സജീവപ്രവര്‍ത്തകയായിരുന്ന രേഷ്മ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്. 

ശ്യാമചരൺ ഗുപ്ത

ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കുന്നതിനു മണിക്കൂറുകൾ മുമ്പ് പാർട്ടി വിട്ട നേതാവാണ് ശ്യാമചരൺ ഗുപ്ത. ഉത്തർപ്രദേശിലെ  പ്രയാഗ്‌രാജിലെ ബിജെപി എംപിയായ ശ്യാമചരൺ പാർട്ടി വിട്ട് സമാജ്‌വാദി പാർട്ടിയിലാണ് ചേർന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സമാജ്‌വാദി പാർട്ടി വിട്ട് ബിജെപിയിൽ കുടിയേറിയ നേതാവായിരുന്ന ശ്യാമചരൺ.  ആ വർഷം അദ്ദേഹം  പ്രയാഗ്‌രാജ് മണ്ഡലത്തിൽ നിന്ന് വിജയിക്കുകയായിരുന്നു. ബിജെപി വിട്ടതോടെ ബാന്ദ മണ്ഡലത്തിൽ നിന്ന് സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥിയായി ശ്യാമചരൺ മത്സരിക്കും. കിഴക്കൻ ഉത്തർപ്രദേശിലെ ബനിയ വിഭാഗത്തിന്റെ പ്രമുഖ നേതാവാണ് ശ്യാമചരൺ.

ദേവി സിംഗ് ഭാട്ടി

സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പാർട്ടി വിട്ട് പോയ രാജസ്ഥാനിലെ മുതിര്‍ന്ന ബിജെപി നേതാവാണ് ദേവി സിംഗ് ഭാട്ടി.  ബിക്കാനീര്‍ എംപി അര്‍ജുന്‍ റാം മേഘവാളിന്റെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്നാണെന്ന് രാജിയെന്ന് അദ്ദേഹം പറഞ്ഞു. 

ഹരിചന്ദ്ര പാണ്ഡെ 

ഒഡിഷ ബിജെപി അധ്യക്ഷന്റെ മരുമകനും ബിജെപി നേതാവുമായ ഹരിശ്ചന്ദ്ര പാണ്ഡെ ബിജു ജനതാ ദളില്‍ (ബിജെഡി) ചേര്‍ന്നു. മുഖ്യമന്ത്രി നവീന്‍ പട്നായിക് അംഗത്വം നല്‍കുന്ന ചടങ്ങില്‍ പങ്കെടുത്തു.


മക്കൾ നീതി മയ്യം

കമൽ ഹാസന്റെ മക്കൾ നീതി മയ്യം പാർട്ടി നേതാവ് സി കെ കുമാരവേല്‍ പാർട്ടി വിട്ടു. നേതൃത്വത്തിന്റെ തീരുമാനങ്ങൾ അംഗീകരിക്കാൻ കഴിയാത്തത് കൊണ്ടാണ് പാർട്ടി വിടുന്നതെന്ന് അദ്ദേഹത്തിന്റെ രാജി കത്തിൽ പറയുന്നു. ലോക്സഭാ, തമിഴ്നാട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർഥികളെ ബുധനാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് പാർട്ടിയിലെ പ്രമുഖ നേതാക്കളിൽ ഒരാളായ കുമാരവേലിന്റെ രാജി.

കോൺഗ്രസ്

രാധാകൃഷ്ണ വിഖെ, മകൻ സുജയ്

ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മഹാരാഷ്ട്രയില്‍ കോൺഗ്രസ് നേതാവ് രാധാകൃഷ്ണ വിഖെ പാട്ടിലും മകൻ സുജയും കോൺഗ്രസ് വിട്ടത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി. മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവാണ് രാധാകൃഷ്ണ വിഖെ പാട്ടില്‍. കോണ്‍ഗ്രസ് വിട്ട പാട്ടിൽ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. മറാത്ത നേതാവായ രാധാകൃഷ്ണ വിഖെ പാർട്ടി വിട്ട് പോകുന്നത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത പ്രഹരമാകും. ഷിര്‍ദി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വിഖെ പാര്‍ട്ടി നേതൃത്വത്തിന് രാജി കൈമാറി.

വിഖെ പാട്ടിലിന്റെ മകന്‍ സുജയ് കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നത്. കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന്റെ ഭാഗമായി അഹമ്മദ്‌നഗര്‍ മണ്ഡലത്തില്‍ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി മല്‍സരിക്കാന്‍ തീരുമാനിച്ചതോടെയാണ് സുജയ് പാര്‍ട്ടി വിട്ടത്. ഇവിടെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു സുജയ്. ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും സംസ്ഥാന അധ്യക്ഷന്‍ റാവുസാഹിബ് ദാന്‍വെയുടെയും സാന്നിധ്യത്തിലായിരുന്നു സുജയുടെ ബിജെപി പ്രവേശനം.

അരവിന്ദ് കുമാര്‍ ശര്‍മ്മ

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ അരവിന്ദ് കുമാര്‍ ശര്‍മ്മയാണ് അവസാനമായി പാർട്ടി വിട്ടത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ സാന്നിധ്യത്തിലായിരുന്നു ശർമ്മയുടെ ബിജെപി പ്രവേശം. കാര്‍നല്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ തെരഞ്ഞടുക്കപ്പെട്ട എംപിയാണ് അരവിന്ദ് കുമാര്‍ ശര്‍മ. 

ടോം വടക്കന്‍

കോണ്‍ഗ്രസ് വക്താവും മലയാളിയുമായ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് കോണ്‌ഗ്രസിന് വൻ തിരിച്ചടിയായി. പുല്‍വാമ ആക്രമണത്തിലെ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചാണ് സോണിയ ഗാന്ധിയുടെ വിശ്വസ്തനായ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ ടോം വടക്കൻ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും. അദ്ദേഹത്തെ കൊല്ലത്ത് സ്ഥാനാർഥിയാക്കാനാണ് സാധ്യത. ബിജെപി ആസ്ഥാനത്ത് വച്ച് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദാണ് അദ്ദേഹത്തിന് ബിജെപി അംഗത്വം നല്‍കിയത്.
 
സുനിതാ ബിസ്വാള്‍  

ഒഡിഷ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഹേമനാഥ ബിസ്വാളിന്‍റെ മകള്‍ സുനിതാ ബിസ്വാള്‍ കോൺഗ്രസ് വിട്ട് ബിജെഡിയില്‍ ചേര്‍ന്നിരുന്നു. ബിജെഡി നേതാവ് നവീൻ പട്നായിക്കിന്റെ സാന്നിധ്യത്തിലാണ് പാർട്ടി അം​ഗത്വം സ്വീകരിച്ചത്. 
 
പ്രകാശ് ബഹ്‌റ

നിയമസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയാണ് ഒഡിഷ കോണ്‍ഗ്രസ്സ് എംഎല്‍എ പ്രകാശ് ബഹ്‌റ കോണ്‍ഗ്രസ്സ് ഉപേക്ഷിച്ച് ബിജെപിയില്‍ ചേർന്നത്. പാര്‍ട്ടി അവഗണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു രാജി. 

നബകിഷോര്‍ ദാസ്, ജോഗേഷ് സിംഗ്, കൃഷ്ണ ചന്ദ്ര സഗാരിയ, ചന്ദ്ര ബാര്‍

ഒഡിഷ എംഎല്‍എമാരായ നബകിഷോര്‍ ദാസ്, ജോഗേഷ് സിംഗ് എന്നിവര്‍ കോൺഗ്രസ് അവഗണിക്കുന്നുവെന്ന് കാണിച്ച് ബിജെഡിയിലേക്കും എംഎൽഎ കൃഷ്ണ ചന്ദ്ര സഗാരിയ ബിഎസ്പിയിലേക്കുമാണ് ഇടം തേടിയത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ പശ്ചിമ ബംഗാളിലെ ബിഗാഡയില്‍ നിന്നും ജയിച്ച ചന്ദ്ര ബാര്‍ ബിജെപിയില്‍ ചേര്‍ന്നു. 

ഡോ. കെഎസ് രാധാകൃഷ്ണന്‍ 

കോണ്‍ഗ്രസ് നേതാവും പിഎസ് സി മുന്‍ ചെയര്‍മാനുമായ ഡോ. കെ എസ് രാധാകൃഷ്ണൻ കോ​ൺ​ഗ്രസ് പാർട്ടിയിൽനിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരൻ പിള്ള രാധാകൃഷ്ണന് അം​ഗത്വം നൽകി. 2004ലെ യുഡിഎഫ് ഭരണകാലത്ത് കാലടി സര്‍വകലാശാല വൈസ് ചാന്‍സലറും കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പി എസ് സി ചെയര്‍മാനുമായിരുന്നു രാധാകൃഷ്ണന്‍. 

ഹനുഭായി ധൊറാജിയ

​ഗുജറാത്ത് മുന്‍ ലാഠി എംഎല്‍എയും പട്ടേല്‍ നേതാവുമായ ഹനുഭായി ധൊറാജിയ കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. 2012 സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ആദ്യം എഎപിയിലും പിന്നീട് കോണ്‍ഗ്രസ്സിലും ചേര്‍ന്നിരുന്നു.
 
ടിഡിപി

അഡാല പ്രഭാകര്‍ റെഡ്ഡി

മത്സരിക്കാന്‍ സീറ്റ് കൊടുത്തിട്ടും പാർട്ടി വിട്ട് പോയ ആളാണ് ടിഡിപി നേതാവും മുന്‍ മന്ത്രിയുമായ അഡാല പ്രഭാകര്‍ റെഡ്ഡി. പാര്‍ട്ടി വിട്ട അദ്ദഹം വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ടിഡിപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് അദ്ദേഹം വൈഎസ്ആര്‍ പാളയത്തിലെത്തുന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രയില്‍ നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. നെല്ലൂര്‍(റൂറല്‍) അസംബ്ലി സീറ്റിലേക്ക് പ്രഭാകര്‍ റെഡ്ഡിയെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം.

മഗുന്ത ശ്രീനിവാസുലു റെഡ്ഡി

ലോക്സഭാ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ആന്ധ്ര എംഎല്‍സി മഗുന്ത ശ്രീനിവാസുലു റെഡ്ഡി ടിഡിപി വിട്ടു വൈഎസ്ആര്‍ കോണ്‍ഗ്രസ്സില്‍ ചേർന്നത്. നേരത്തെ കോണ്‍ഗ്രസ് എംപിയായിരുന്ന അദ്ദേഹം 2014ലാണ് ടിഡിപിയില്‍ ചേര്‍ന്നത്.

ബിജു ജനതാദള്‍ (ബിജെഡി)

ഒഡിഷയിലെ ബിജെഡി എംപിയായ ബാലഭദ്ര മാജി കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി അംഗ്വതം രാജി വച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെഡിയുടെ അവഗണനയില്‍ പ്രതിക്ഷേധിച്ചാണ് രാജിയെന്ന് മാജി പറഞ്ഞു. പാർട്ടിയിൽ നിന്ന് രാജി വച്ച് 36 മണിക്കൂറുകള്‍ക്കുള്ളിലാണ് മാജി ബിജെപിയില്‍ ചേക്കേറി സീറ്റുറപ്പിച്ചത്. നബറംഗ്പൂര്‍ ലോക്‌സഭാമണ്ഡലത്തില്‍ നിന്നുള്ള ബിജെഡി നേതാവാണ് ബാലഭദ്ര മാജി.  
 
ദാമോദര്‍ റൗട്ട്

ഏഴു തവണ എംഎല്‍എയും നാല് തവണ മന്ത്രിയുമായ ബിജെഡി നേതാവ് ദാമോദര്‍ റൗട്ട് ബിജെപിയില്‍ ചേര്‍ന്നു. ഒഡിഷയിലെ ബിജെഡി സര്‍ക്കാറിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്തംബറില്‍ അദ്ദേഹത്തെ ബിജെഡി പുറത്താക്കിയിരുന്നു.

ബൈജയന്ത് പാണ്ഡെ  

ഒഡിഷയിൽ നിന്നുള്ള മുന്‍ ബിജെഡി എം പി ബൈജയന്ത് പാണ്ഡെ കഴിഞ്ഞ ആഴ്ചയാണ് ബിജെപിയില്‍ ചേർന്നത്. മുഖ്യമന്ത്രി നവീന്‍ കുമാര്‍ പട്‌നായിക്കിനെ അധികാര ഭ്രഷ്ടനാക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു പാണ്ഡെ ബിജെപിയില്‍ ചേര്‍ന്നത്.

സുകന്ത് കുമാര്‍ നായക്

ഒഡിഷയിലെ ബാലാസോര്‍ ജില്ലയിലെ നിലാഗിരിയില്‍ നിന്നുള്ള ബിജെഡി എംഎല്‍എ സുകന്ത് കുമാര്‍ നായക് പാര്‍ട്ടി അവഗണനയില്‍ മനം നൊന്താണ് പാര്‍ട്ടി ഉപേക്ഷിച്ചത്.  
 
തൃണമൂല്‍ കോണ്‍ഗ്രസ്

അനുപം ഹസ്ര

പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് ജനുവരിയിൽ തൃണമൂല്‍ കോണ്‍ഗ്രസ് പുറത്താക്കിയ എംപി അനുപം ഹസ്ര ബിജെപിയില്‍ ചേര്‍ന്നു. പശ്ചിമ ബംഗാളിലെ ഭോല്‍പൂര്‍ മണ്ഡലം എംപിയാണ് അനുപം. സാമൂഹികമാധ്യമങ്ങളിൽ പാർട്ടിക്കെതിരേ തുടർച്ചയായി ആക്ഷേപങ്ങളുയർത്തി‍യതിനെ തുടർന്നാണ് പുറത്താക്കൽ നടപടി. നേരത്തേ മമതയുടെ വിശ്വസ്തനായിരുന്നു. 

അര്‍ജുന്‍ സിംഗ്

പശ്ചിമ ബംഗാളില്‍ ബാരക്ക് പൂരില്‍ നിന്നും നാലു തവണ എംഎല്‍എയായ അര്‍ജുന്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നു. തൃണമൂല്‍ നേതാവ് ദിനേശ് ത്രിവേദിക്കെതിരെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും.

സിപിഎം

ബംഗാളിലെ പ്രമുഖ സിപിഎം നേതാവും എംഎല്‍എയുമായ ഖഗേന്‍ മര്‍മു പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നു.

ജെഡിയു

സതീഷ് കുമാര്‍, വിരേന്ദര്‍ ചൗധരി

ബിഹാറില്‍ ജെഡിയു മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും പ്രചാരണ സമിതി ചെയര്‍മാനുമായിരുന്ന സതീഷ് കുമാര്‍, മുന്‍ എംഎല്‍എ വിരേന്ദര്‍ ചൗധരി എന്നിവര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു.

ജെഡിഎസ്

ദാനിഷ് അലി

തെരഞ്ഞെടുപ്പ് സഖ്യത്തിന്റെ ഭാഗമായാണ് ജനതാ ദള്‍ എസ് ജനറല്‍ സെക്രട്ടറി ദാനിഷ് അലി ബിഎസ്പിയില്‍ ചേര്‍ന്നത്. ഉത്തർപ്രദേശിലെ ലഖ്നൗവിലെ ബിഎസ്പി ഓഫീസില്‍ നടന്ന ചടങ്ങില്‍ ദേശീയ സെക്രട്ടറി സതീശ് മിശ്രയാണ് അദ്ദേഹത്തിന് അംഗത്വം നല്‍കിയത്. ജെഡിയു സ്ഥാപകന്‍ ദേവഗൗഡയുടെ അനുവാദത്തോടെയാണ് പാര്‍ട്ടി മാറിയതെന്നും ബിഎസ്പി ടിക്കറ്റില്‍ പശ്ചിമ ഉത്തർപ്രദേശിലെ അംറോഹ മണ്ഡലത്തില്‍ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു.