Asianet News MalayalamAsianet News Malayalam

സിപിഎമ്മുകാര്‍ തുരത്തിയോടിച്ചു, നായനാര്‍ സര്‍ക്കാര്‍ ജയിലിലിട്ടു; മുരളീധരന്‍ പിന്നിട്ടത് വേറിട്ട വഴികള്‍

പിഎസ് ശ്രീധരൻ പിള്ളയ്ക്കും കുമ്മനം രാജേശഖരനും മുൻപുള്ള നീണ്ട ആറ് വർഷം സംസ്ഥാന ബിജെപി അധ്യക്ഷനായിരുന്നുവെങ്കിലും ഇവർ രണ്ട് പേരും നേരിട്ട രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ ട്രോളോ, അനാവശ്യ രാഷ്ട്രീയ വിവാദങ്ങളോ മുരളീധരന് നേരിടേണ്ടി വന്നിട്ടില്ല

life journey of V muraleedharan
Author
Thiruvananthapuram, First Published May 30, 2019, 10:08 PM IST

ചരിത്രഭൂരിപക്ഷത്തോടെ നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തുമ്പോള്‍ രണ്ടാം മോദി സര്‍ക്കാരിലെ കേരള പ്രതിനിധിയായി എത്തുന്നത്  വി.മുരളീധരനാണ്. കണ്ണൂരിലെ എരഞ്ഞോളി എന്ന പാര്‍ട്ടി ഗ്രാമത്തില്‍ നിന്നും കടുത്ത അഗ്നിപരീക്ഷണങ്ങളെ അതിജീവിച്ച് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായ വി.മുരളീധരന്‍ പൊതുപ്രവര്‍ത്തന രംഗത്തെ നല്ലൊരു കാലവും ദേശീയ രാഷ്ട്രീയത്തിലാണ് ചിലവഴിച്ചത്. കേരളത്തിലെ മറ്റു  നേതാക്കളില്‍ നിന്നും വ്യത്യസ്തമായി സംഘപരിവാറിന് പകരം എബിവിപിയിലൂടെ നേതൃനിരയിലേക്കെത്തിയ ആള്‍ എന്ന പ്രത്യേകത മുരളീധരനുണ്ട്. 

1980-90 കാലഘട്ടത്തില്‍ എബിവിപിയിലൂടെ ഇന്ത്യയിലെങ്ങും സഞ്ചരിക്കുകയും ബന്ധങ്ങളുണ്ടാക്കുകയും ചെയ്ത ആളാണ് വി.മുരധീരന്‍. പിന്നീട് വാജ്പേയ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നെഹ്റു യുവജനകേന്ദ്രത്തിന്‍റെ നേതൃത്വത്തിലും ഇന്ത്യ റിപ്പബ്ളിക് രാഷ്ട്രമായതിന്‍റെ അന്‍പതാം വാര്‍ഷികാഘോഷങ്ങളുടെ സംഘാടകനായും അദ്ദേഹമുണ്ടായിരുന്നു. ഒരു കാലത്ത് മുരളീധരനൊപ്പം എബിവിപി ഓര്‍ഗനൈസിംഗ് സെക്രട്ടറിയായിരുന്ന ജെപി നഡ്ഡ ഇന്ന് അമിത് ഷായ്ക്ക് പകരം പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ ഒരാളാണ്.

ഒന്നാം മോദി സര്‍ക്കാരിലെ കേന്ദ്രമന്ത്രിയായിരുന്ന അനന്ത് കുമാറും, ബീഹാറില്‍ നിന്നുള്ള പ്രമുഖ ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിയുമെല്ലാം വി.മുരളീധരനൊപ്പമോ അദ്ദേഹത്തിന് കീഴിലോ എബിവിപിയില്‍ പ്രവര്‍ത്തിച്ചവരാണ്. എബിവിപിയില്‍ നിന്നും ഒഴിവായ ശേഷം മുരളീധരനൊപ്പമുണ്ടായിരുന്നവരെല്ലാം ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നും ഉന്നത പദവികളിലേക്ക് കയറിപോയെങ്കിലും കേരള ബിജെപി അധ്യക്ഷനായി ആറ് വര്‍ഷം പ്രവര്‍ത്തിച്ചത് മാത്രമാണ് ഇക്കാലയളവില്‍ വി.മുരളീധരന് ലഭിച്ച നിര്‍ണായകപദവി. ഒന്നാം മോദി സര്‍ക്കാരിന്‍റെ അവസാനകാലത്താണ് അദ്ദേഹത്തെ മഹാരാഷ്ട്രയില്‍ നിന്നും ബിജെപി രാജ്യസഭയില്‍ എത്തിക്കുന്നത്. 

കണ്ണൂരിലെ തലശ്ശേരിക്കടുത്ത് എരഞ്ഞോളി എന്ന സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ നിന്നുമാണ് വി.മുരളീധരന്‍ എന്ന രാഷ്ട്രീയനേതാവിന്‍റെ വരവ്. വണ്ണത്താന്‍ വീട്ടില്‍ ഗോപാലനും ദേവകിയുടേയും മകനായി 1958-ലാണ് ജനനം. തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ മുരളീധരന്‍ സ്കൂള്‍ വിദ്യാഭ്യാസകാലം മുതല്‍ എബിവിപിയില്‍ സജീവമായിരുന്നു. 

എബിവിപിയുടെ തലശ്ശേരി താലൂക്ക് അധ്യക്ഷനായിരുന്ന വി.മുരളീധരന്‍ അടിയന്തരാവസ്ഥകാലത്ത്  സംഘടനയുടെ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  1979-ല്‍ എബിവിപിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും 1980-ല്‍ സംസ്ഥാന ജോയിന്‍റ് സെക്രട്ടറിയായും വി.മുരളീധരന്‍ തെരഞ്ഞെടുക്കപ്പെട്ടു.  എബിവിപിയില്‍ സജീവമായി കൊണ്ടിരുന്ന ഈ കാലത്താണ് മുരളീധരന്‍റെ പിതാവ് ഗോപാലന്‍ മരണപ്പെടുന്നത്. ഇതോടെ കുടുംബത്തിന്‍റെ ഉത്തരവാദിത്തം മുരളീധരന് മേലായി. ഇതേ തുടര്‍ന്ന് അദ്ദേഹം സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി നേടി. ജില്ല വ്യവസായ കേന്ദ്രത്തില്‍ എല്‍ഡി ക്ലര്‍ക്കായിട്ടായിരുന്നു നിയമനം. സര്‍ക്കാര്‍ ജോലി ലഭിച്ചതോടെ അദ്ദേഹം രാഷ്ട്രീയജീവിതം അവസാനിപ്പിക്കും എന്ന് കരുതിയെങ്കിലും അതുണ്ടായില്ല. പിന്നീട് അദ്ദേഹം സര്‍ക്കാര്‍ ജോലി വിട്ടു. 

പാര്‍ട്ടി ഗ്രാമത്തില്‍ നിന്നൊരാള്‍ എബിവിപിയിലും ആര്‍എസ്എസുമായും സഹകരിച്ച് പ്രവര്‍ത്തിക്കുക എന്നത് അന്നും വലിയ വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നു. പ്രാദേശിക ഭീഷണിയെ തുടര്‍ന്ന് സ്വന്തം വീട്ടിലോ നാട്ടിലോ പോലും പോകാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു ഒരുപാട് കാലം മുരളീധരന്‍. (ഈ അടുത്ത കാലത്തും എരഞ്ഞോളിയിലെ മുരളീധരന്‍റെ വീട് ആക്രമിക്കപ്പെട്ടിരുന്നു) 

1980-ലാണ് മുരളീധരന്‍റെ രാഷ്ട്രീയജീവിതംമാറി മറിയുന്നത്. അന്ന് അധികാരത്തിലിരുന്ന നായനാര്‍ സര്‍ക്കാര്‍ മുരളീധരനെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തു. രണ്ട് മാസത്തോളം അദ്ദേഹം തടവില്‍ കിടന്നു.ഇത് രാഷ്ട്രീയ പകപോക്കലാണെന്ന ആരോപണത്തോടെ എബിവിപി സമരരംഗത്തേക്ക് വന്നു. ആ സമയത്ത് ദില്ലിയില്ലെത്തിയ കേരള മുഖ്യമന്ത്രി ഇകെ നായനാരെ എബിവിപി പ്രവര്‍ത്തകര്‍ ഘരാവോ ചെയ്തത് ദേശീയതലത്തില്‍ വിഷയം ചര്‍ച്ചയാക്കി. മുരളീധരന് നേതാവെന്ന നിലയിൽ പ്രശസ്തി നേടി കൊടുത്ത ഈ വിവാദങ്ങൾ സർക്കാർ ചുമത്തിയ കേസുകൾ കോടതി റദ്ദാക്കിയതോടെയാണ് അവസാനിച്ചത്. 

198‌0-ന് ശേഷം ആർഎസ്എസിൽ സജീവമായ വി.മുരളീധരന് അവിടേയും എബിവിപിയുടെ ചുമതലയാണ് വഹിക്കാനുണ്ടായിരുന്നത്. ഇക്കായളവിലാണ് അദ്ദേഹം സർക്കാർ ജോലി രാജിവച്ച് മുഴുവൻ സമയരാഷ്ട്രീയപ്രവർത്തകനായി മാറുന്നതും. 1994-ൽ എബിവിപിയുടെ ദേശീയ ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടതോടെ മുരളീധരന്റെ പ്രവർത്തനമണ്ഡലം മുംബൈയായി. 

അടുത്ത പത്ത് വർഷത്തോളം കാലം ബിജെപി ദേശീയനേതൃത്വത്തിലെ പ്രമുഖ നേതാക്കളുമായി സഹ​കരിച്ച് പ്രവർത്തിക്കാനുള്ള അവസരം ഇതുവഴി മുരളീധരന് ലഭിച്ചു. ഹിന്ദി ഭാഷയിൽ അദ്ദേഹം പ്രാവീണ്യം നേടുന്നതും ഇക്കാലത്താണ്. പിന്‍ക്കാലത്ത് ബിജെപിയുടെ പ്രമുഖ നേതാക്കളായി മാറിയ  ജെപി നഡ്ഡ, അനന്ത് കുമാര്‍, സുശീല്‍ കുമാര്‍ മോദി, മുരളീധര റാവു, ഓം പ്രകാശ് കോഹിലി, വിനോദ് താവഡെ, ചന്ദ്രകാന്ത് പാട്ടീല്‍ എന്നിവരെല്ലാം ഈ കാലയളവില്‍ മുരളീധരനൊടൊപ്പം സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു.  1998ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് കണ്‍ട്രോള്‍ റൂമില്‍ വെങ്കയ്യ നായിഡുവിന്റെ സഹായിയായിരുന്നു മുരളീധരന്‍. പിന്നീട് വാജ്പേയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയപ്പോൾ അദ്ദേഹം നെഹ്റു യുവകേന്ദ്രയുടെ വൈസ് ചെയര്‍മാനായി. 

പതിനൊന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2006-ലാണ് വി.മുരളീധരൻ വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച് എത്തുന്നത്. ആ വർഷം അദ്ദേഹം ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിക്കപ്പെട്ടു. പാര്‍ട്ടിയുടെ ആശയപരമായ പ്രചാരണത്തിനും വിദേശത്തെ പ്രവര്‍ത്തകരുടെ ഏകോപനത്തിലും ഇക്കാലയളവില്‍ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.  2009-ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മുരളീധരൻ മത്സരിച്ചു. അന്ന് മുരളീധരന്റെ പ്രചാരണത്തിനായി ബിജെപിയുടെ പ്രധാമന്ത്രി സ്ഥാനാർത്ഥി എൽകെ അധ്വാനിയും കോഴിക്കോടെത്തി. 

2010-ല്‍ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായി മുരളീധരന്‍ നിയമിക്കപ്പെട്ടു. 2013-ൽ അതേ പദവിയിൽ രണ്ടാം ഊഴം ലഭിച്ചു. ആറ് ശതമാനമായിരുന്ന സംസ്ഥാനത്തെ ബിജെപിയുടെ വോട്ടം ശതമാനം രണ്ട് അക്കത്തിൽ എത്തുന്നത് ഇക്കാലയളവിലാണ്. 2018ല്‍ മഹാരാഷ്ട്രയിൽ നിന്നും ബിജെപി അദ്ദേഹത്തെ രാജ്യസഭയിലെത്തിച്ചു. പാർട്ടി അധ്യക്ഷൻ എന്ന രീതിയിൽ കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുകയും ഇടതുവലത് മുന്നണികൾക്കെതിരെ രാഷ്ട്രീയയുദ്ധം ശക്തമാക്കുകയും ചെയ്തു ആളാണ് മുരളീധരൻ.

സംസ്ഥാന ബിജെപിയിൽ കെ.സുരേന്ദ്രന്‍ അടക്കം ഒരു വിഭാ​ഗം നേതാക്കൾ അന്നും ഇന്നും അദ്ദേഹത്തിനൊപ്പം അടിയുറച്ചു നിൽക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കാലത്ത് മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെ നടത്തിയ പദയാത്ര തന്‍റെ രാഷ്ട്രീയ ജീവിതത്തിലെ അവിസ്മരണീയമായ സംഭവമായി വി.മുരളീധരന്‍ ഇപ്പോഴും എടുത്തു പറയാറുണ്ട്. 560 കിലോമീറ്റര്‍ ദൂരമാണ് അന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം മുരളീധരന്‍ നടന്ന തീര്‍ത്തത്. 

അതേസമയം സംസ്ഥാന ബിജെപിയിലെ വിഭാ​ഗീയ പ്രവർത്തനങ്ങളിൽ എപ്പോഴും ഒരു ഭാ​ഗത്ത് മുരളീധരനുണ്ടായിരുന്ന എന്നത്. സത്യമാണ്. മറ്റൊരു നേതാവായ പികെ കൃഷ്ണദാസ് വിഭാ​ഗവുമായി വർഷങ്ങളായി മുരളീധരനും കൂട്ടരും ഏറ്റുമുട്ടലിലാണ്. സംസ്ഥാനത്ത് ബിജെപി വേര് പിടിക്കാതിരിക്കാൻ ഒരു കാരണം ഈ പോരാണെന്ന വിമർശനം പാർട്ടിക്കുള്ളിൽ തന്നെ ശക്തമാണ്. ഇത്തരം വിമർശനങ്ങൾ നിരന്തരം ഏറ്റുവാങ്ങുമ്പോൾ തന്നെ കേരള ബിജെപിയുടെ മുഖമാണ് ദേശീയതലത്തിൽ വി.മുരളീധരൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനങ്ങളിൽ ആദ്യാവസാനം ഒപ്പമുണ്ടാവാറുള്ള മുരളീധരൻ തന്നെയാണ് കേരളത്തിലെ പരിപാടികളിൽ അദ്ദേഹത്തിന്റെ പ്രസം​ഗം പരിഭാഷപ്പെടുത്താറുള്ളത്. 

ആർഎസ്എസിന് പകരം എബിവിപിയിലൂടെ ബിജെപിയിൽ എത്തിയ മുരളീധരൻ ഇതേ പോലെ മറ്റു പല കാര്യങ്ങളിലും സഹപ്രവർത്തകരേക്കാൾ വ്യത്യസ്തനാണ്. സംസ്ഥാന ബിജെപിയില്‍ ആര്‍എസ്എസിന്‍റെ അപ്രമാദിത്വം അംഗീകരിക്കാത്ത നേതാവാണ് മുരളീധരന്‍. അതിനാല്‍ തന്നെ കേരളത്തിലെ ആര്‍എസ്എസ് നേതൃത്വത്തിന് അനഭിമതനുമാണ് അദ്ദേഹം. കേരളത്തിൽ ബിജെപി ഏറ്റെടുത്തതോ ചെന്നുപ്പെട്ടതോ ആയ പല വിവാദവിഷയങ്ങളിലും തന്ത്രപരമായ മാറി നിന്നിരുന്നു മുരളീധരന്‍. കേരളത്തിലെ പല പ്രമുഖ ബിജെപി നേതാക്കളും നിരന്തരം സമൂഹമാധ്യമങ്ങളിൽ ട്രോൾ ചെയ്യപ്പെടുകയോ മറ്റു ചിലർ വിവാദ പരാമർശങ്ങളുടെ പേരിൽ വിമർശിക്കപ്പെടുകയും ചെയ്തിട്ടും ഒരിക്കൽ പോലും അത്തരം സാഹചര്യം വി.മുരളീധരൻ സൃഷ്ടിച്ചിട്ടില്ല. 

പിഎസ് ശ്രീധരൻ പിള്ളയ്ക്കും കുമ്മനം രാജേശഖരനും മുൻപുള്ള നീണ്ട ആറ് വർഷം സംസ്ഥാന ബിജെപി അധ്യക്ഷനായിരുന്നുവെങ്കിലും ഇവർ രണ്ട് പേരും നേരിട്ട രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ ട്രോളോ, അനാവശ്യ രാഷ്ട്രീയ വിവാദങ്ങളോ മുരളീധരന് നേരിടേണ്ടി വന്നിട്ടില്ല. ബിജെപിയിലെ നേതാക്കളിൽ ശക്തനായ വാ​ഗ്മിയാണെങ്കിലും ഒരിക്കൽ പോലും കൈവിട്ട വാക്ക് പ്രയോ​ഗങ്ങൾ മുരളീധരനിൽ നിന്നുണ്ടായിട്ടില്ല.

മാധ്യമചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണെങ്കിലും എതിരാളികൾക്ക് ആയുധമാക്കാനൊരു വാക്കും മുരളീധരൻ വിട്ടു കൊടുക്കാറുമില്ല. ഈ ജാഗ്രതയും നയതന്ത്രവുമാണ് മുരളീധരന്‍ എന്ന വ്യക്തിയുടേയും നേതാവിന്‍റേയും സവിശേഷത. ഫേസ്ബുക്കില്‍ വി.മുരളീധരന്‍റെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജിന്‍റെ കവര്‍ ഫോട്ടോയില്‍ കാണാം ഈ കരുതല്‍. 'വാദിക്കാനും ജയിക്കാനുമല്ല... അറിയാനും അറിയിക്കാനുമുള്ളതാവട്ടെ ഈ ഇടം'. എന്നാണ് മുരളീധരന്‍റെ ഫേസ്ബുക്ക് കവര്‍ പേജില്‍ രേഖപ്പെടുത്തിയ വരികള്‍. 

നാട്ടിക എസ്.എൻ കോളേജിലെ സംസ്കൃതവിഭാ​ഗം അധ്യാപകിയായ ജയശ്രീയാണ് മുരളീധരന്റെ ഭാര്യ. പൊതുപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി മക്കൾ വേണ്ട എന്ന് തീരുമാനിച്ച ദമ്പതികളാണ് ഇവർ. കോഴിക്കോട് എരഞ്ഞിപ്പാലത്താണ് മുരളീധരനും ജയശ്രീയും ഇപ്പോൾ താമസിക്കുന്നത്. ജീവിതത്തിലെ തന്‍റെ ഏറ്റവും വലിയ വിമര്‍ശക എന്നാണ് ഭാര്യയെ മുരളീധരന്‍ വിശേഷിപ്പിക്കുന്നത്. ഞാന്‍ വളരെ സ്ട്രെയിറ്റ് ഫോര്‍വേഡാണ്… സിംപിളാണ്… സാധുവാണ്… എന്നൊക്കെ പലരും പറയാറുണ്ട്. എന്നാല്‍ ഞാന്‍ അങ്ങനെ അല്ല എന്നതാണ് സത്യം -  ഒരു മലയാളം വാരികയ്കക് നല്‍കിയ അഭിമുഖത്തില്‍ മുരളീധരന്‍ ഒരിക്കല്‍ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios