കോഴിക്കോട്: വടകര മണ്ഡലത്തിൽ പ്രചാരണത്തിലെ  നിസ്സഹകരണം അവസാനിപ്പിക്കാൻ ലോക് താന്ത്രിക് ജനതാദൾ. പാർട്ടി അനുഭാവികളായ ഉദ്യോഗസ്ഥരോടടക്കം തിങ്കളാഴ്ചമുതൽ അവധി എടുത്ത് പ്രവർത്തനത്തിനിറങ്ങാൻ നേതൃത്വം ആവശ്യപ്പെട്ടു. പ്രചാരണത്തിൽ എൽജെഡി നിഷ്ക്രിയമാണെന്ന വാർത്തകൾക്ക് പിറകെയാണ് പുതിയ നീക്കം.

ആരോപണവും പ്രത്യാരോപണവുമായി വടകരയിലെ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചപ്പോഴും ലോക്താന്ത്രി ജനതാദൾ പ്രവർത്തകർ പ്രചാരണത്തിനിറങ്ങിയിരുന്നില്ല. എൽജെഡിയുടെ  ശക്തി കേന്ദ്രങ്ങളിൽ പോലും പ്രവർത്തകരുടെ നിസ്സഹകരണമുണ്ടായത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. ബൂത്ത് തല സ്വാഡ് വർക്കുകളിലടക്കം പ്രർത്തകർ സജീവമല്ലെന്ന വാർത്തകളും വന്നു. ഇതോടെയാണ് പ്രവർത്തകരോട് സജീവമായി രംഗത്തിറങ്ങാൻ എല്‍ജെഡി നേതൃത്വം ആവശ്യപ്പെട്ടത്

ലോക് താന്ത്രിക് ഇടത് മുന്നണിയിലേക്ക് ചേക്കേറിയതിൽ അണികൾക്കിടയിൽ അമർഷമുണ്ടെന്നും അത് വോട്ട് ചേർച്ചയായി മാറുമെന്നുമുള്ള യുഡിഎഫ് സ്ഥാനാർത്ഥിയുടെ അവകാശവാദത്തെയും ലോക് താന്ത്രിക് തള്ളുകയാണ്. കാലുവാരുന്ന കാര്യത്തില്‍ മുരളീധരന്‍ സ്വന്തം അണികളെ സൂക്ഷിച്ചാല്‍ മതിയെന്നാണ് ഇതിനുള്ള എല്‍ജെഡിയുടെ മറുപടി.  വടകര, കൂത്ത് പറമ്പ്, പേരാമ്പ്ര അടക്കമുള്ള നിയമസഭ  മണ്ഡലങ്ങളിലായി 55,000-ലേറെ വോട്ടുള്ള എൽജെഡി ലോകസഭ തെരഞ്ഞടുപ്പ് വിജയത്തെ സ്വീധീനിക്കാൻ കഴിയുന്ന നിർണ്ണായക ശക്തിയാണ്.