പ്രാദേശിക കോൺഗ്രസ് നേതാവ് ഹാജി സുൽത്താന്റെ മകൻ ഹാജി ഹാറൂൺ റഷീദാണ് രാഹുൽ ഗാന്ധിക്കെതിരെ വിമതനായി മത്സരിക്കുന്നത്. 1991ൽ രാജീവ് ഗാന്ധിയെയും 1999 ൽ സോണിയ ഗാന്ധിയെയും പിന്തുണച്ച് നോമിനേഷനിൽ ഒപ്പിട്ട വ്യക്തിയാണ് പ്രാദേശിക നേതാവായ ഹാജി സുൽത്താൻ.
അമേഠി: അമേഠിയിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുന്നത് പ്രാദേശിക കോൺഗ്രസ് നേതാവിന്റെ മകൻ. പ്രാദേശിക കോൺഗ്രസ് നേതാവ് ഹാജി സുൽത്താന്റെ മകൻ ഹാജി ഹാറൂൺ റഷീദാണ് രാഹുൽ ഗാന്ധിക്കെതിരെ വിമതനായി മത്സരിക്കുന്നത്. 1991ൽ രാജീവ് ഗാന്ധിയെയും 1999 ൽ സോണിയ ഗാന്ധിയെയും പിന്തുണച്ച് നോമിനേഷനിൽ ഒപ്പിട്ട വ്യക്തിയാണ് പ്രാദേശിക നേതാവായ ഹാജി സുൽത്താൻ. കോൺഗ്രസിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ് ഇവരുടെ ഈ തീരുമാനം. എന്നാൽ ഇപ്പോൾ കോൺഗ്രസ് പാർട്ടി തങ്ങളെ അകറ്റി നിർത്തുകയാണ് എന്നാണ് ഇവരുടെ വാദം.
കുറച്ചു കാലമായി സമുദായത്തെ മൊത്തം അവഗണിക്കുകയും ഒഴിവാക്കുകയും ചെയ്യുന്ന രീതിയാണ് കോൺഗ്രസ് പാർട്ടി ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഹാറൂൺ റഷീദ് ആരോപിച്ചു. സമുദായത്തിന്റെ വികസനമാണ് പ്രാദേശിക വികസനത്തിന് കാരണമായിത്തീരുന്നത്. മണ്ഡലത്തിൽ 6.5 ലക്ഷം വരുന്ന മുസ്ലീം സമുദായത്തെ തികഞ്ഞ അവഗണനയോടെയാണ് കാണുന്നത്. അതുകൊണ്ടാണ് രാഹുലിനെതിരെ മത്സരിക്കാൻ തീരുമാനിച്ചതെന്നാണ് ഹാറൂൺ റഷീദിന്റെ വിശദീകരണം. ആറ് ലക്ഷത്തിലധികം വരുന്ന മുസ്ലീം വിഭാഗക്കാർ ഇത്തവണ കോൺഗ്രസിനെതിരെ വോട്ട് ചെയ്യുമെന്നും ഹാറൂൺ റഷീദ് വ്യക്തമാക്കി.
രാജീവ് ഗാന്ധി. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ കാണിച്ചാണ് ഹാറൂൺ റഷീദിന്റെ പ്രഖ്യാപനം. തുടർച്ചയായി രാഹുൽ ഗാന്ധിയാണ് അമേഠിയെ പ്രതിനിധീകരിക്കുന്നത്. എന്നാൽ ഇത്തവണ മണ്ഡലം പിടിച്ചെടുക്കാനുള്ള കഠിന പരിശ്രമത്തിലാണ് ബിജെപി.
