Asianet News MalayalamAsianet News Malayalam

ഫലപ്രഖ്യാപനം പൂർത്തിയായി; വിവിപാറ്റ്,ഇവിഎം സംഖ്യകൾക്കിടയിൽ വ്യത്യാസമില്ലെന്ന് കമ്മീഷൻ

ബിജെപിക്ക് 303 സീറ്റും കോൺഗ്രസിന് 52 സീറ്റും ലഭിച്ചു. വിവിപാറ്റ് - ഇവിഎം സംഖ്യകൾക്കിടയിൽ വ്യത്യാസം ഇല്ലായിരുന്നുവെന്ന്കമ്മീഷൻ വൃത്തങ്ങൾ. 

Lok Sabha Election 2019 counting completed
Author
Delhi, First Published May 24, 2019, 9:13 PM IST

ദില്ലി: 17-ാം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ അവസാന കണക്ക് വരുമ്പോൾ 303 സീറ്റുകളാണ് ബിജെപി നേടിയത്. കോൺഗ്രസിന് 52 സീറ്റുകളും ലഭിച്ചു. വിവിപാറ്റ് രസീതുകളും ഇവിഎമ്മിലെ വോട്ടും തമ്മിൽ ഒരിടത്തും വ്യത്യാസം ഇല്ലായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി. ഒരിടത്ത് സാങ്കേതികപ്രശ്നം കാരണമുണ്ടായ പ്രശ്നം പരിഹരിച്ചു എന്നും കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

പശ്ചിമബംഗാളിൽ കൊൽക്കത്തയിൽ ഈശ്വര ചന്ദ്ര വിദ്യാസാഗറിൻറെ പ്രതിമ തകർത്ത അക്രമത്തിന് ശേഷം നടന്ന അവസാന ഘട്ട വോട്ടെടുപ്പിലെ എല്ലാ സീറ്റിലും ബിജെപി തോറ്റു. തൃണമൂൽ നേടിയ 22 സീറ്റിൽ അവസാന ഘട്ടത്തിലെ ഒമ്പത് സീറ്റുകൾ നിർണ്ണായകമായി. സ്മൃതി ഇറാനിയുടെ വിജയം ഇന്നു പുലർച്ചെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 55,000 വോട്ടിന്‍റെ ഭൂരിപക്ഷം. 

വോട്ട് വിഹിതത്തിൽ വൻ നേട്ടമാണ് ബിജെപിക്ക്. നാല്‍പത് ശതമാനത്തിലധികം വോട്ട് ബിജെപി നേടിയപ്പോൾ എൻഡിഎയുടേത് നാല്‍പത്തിയഞ്ച് ശതമാനത്തിലെത്തി. ഉത്തർപ്രദേശിലുൾപ്പടെ പതിമൂന്ന് സംസ്ഥാനങ്ങളിൽ 50 ശതമാനത്തിലധികം വോട്ട് നേടിയാണ് എൻഡിഎ ആധികാരിക വിജയം സ്വന്തമാക്കി.

രാജ്യത്തെ ഏറ്റവും വലിയ ഭൂരിപക്ഷം ഗുജറാത്തിൽ വിജയിച്ച സിആർ പാട്ടിലിനാണ്. 6,28,548  വോട്ടുകളുടെ ഭൂരിപക്ഷമാണ് പാട്ടിലിന് ലഭിച്ചത്. 5, 55,843 വോട്ടുകളുടെ ഭൂരിപക്ഷവുമായി അമിത് ഷായാണ് തൊട്ടുപിന്നാല്‍. 15 സ്ഥാനാർത്ഥികൾക്ക് അഞ്ച് ലക്ഷത്തിലധികം ഭൂരിപക്ഷം കിട്ടി. 

181 വോട്ടുകൾക്ക് ജയിച്ച ബിഎസ്പി സ്ഥാനാർത്ഥി ഭോലാനാഥിനാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. തെലങ്കാനയിൽ കോൺഗ്രസിനെ മറികടന്ന് ബിജെപി പ്രധാന പ്രതിപക്ഷമാകുന്നു. നാല് സീറ്റിൽ ബിജെപി വിജയിച്ചു. അരുണാചൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും ബിജെപി വിജയിച്ചു. സിക്കിമിൽ പവൻ കുമാർ ചാമ്ലിലിങിന്‍റെ എസ്ടിഎഫിനെക്കാൾ രണ്ടു സീറ്റുകൾ കൂടുതൽ നേടി സിക്കിം ക്രാന്തികാരി മോർച്ച അധികാരത്തിലേക്ക് നീങ്ങുന്നു. 

Follow Us:
Download App:
  • android
  • ios