തിരുവനന്തപുരം: സംസ്ഥാനത്ത‌്  2,61,51,534 വോട്ടർമാരുണ്ടെന്ന‌് മുഖ്യ തെരഞ്ഞെടുപ്പ‌് ഓഫീസർ ടിക്കാറാം മീണ. ഏറ്റവും പുതിയ കണക്കനുസരിച്ച് 1,26,84,839 പുരുഷൻമാരും 1,34,66,521 സ്ത്രീവോട്ടർമാരുമാണ് സംസ്ഥാനത്തുള്ളത്. 174 ട്രാൻസ്ജെൻഡരും വോട്ടർമാരും കേരളത്തിലുണ്ട്. ഇതില്‍  2,88,191 പേർ പുതിയ വോട്ടർമാരാണ‌്.

ഭിന്നശേഷിക്കാർക്ക് വോട്ട് ചെയ്യാൻ വീടുകളിൽ നിന്ന് വാഹനസൗകര്യം ഏർപ്പെടുത്തുമെന്ന് ടിക്കാറാം മീണ അറിയിച്ചു. കാഴ്ചയില്ലാത്തവർക്ക് ബ്രെയിൽ ലിപിയിൽ വോട്ടർ സ്ലിപ് ആദ്യമായി തിരുവനന്തപുരത്ത് നടപ്പാക്കും. പെരുമാറ്റച്ചട്ടം നിലവിൽവന്നശേഷം സംസ്ഥാനത്ത‌് അനധികൃതമായി കൈവശംവച്ച 6.63 കോടി രൂപ പിടിച്ചെടുത്തു. പെരുമാറ്റചട്ടം ലംഘിച്ചതിന് സംസ്ഥാനത്ത‌് നിന്ന് 15 ലക്ഷത്തോളം പോസ്റ്ററുകൾ നീക്കിയെന്നും ടിക്കാറാം മീണ കൂട്ടിച്ചേര്‍ത്തു