ഒന്നര മാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അവസാനിച്ചിരിക്കുകയാണ്. ഇനി ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി. ഇക്കുറി ആര് ഇന്ത്യ ഭരിക്കുമെന്ന ചോദ്യമാണ് പ്രസക്തം.
കഴിഞ്ഞ തവണ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയതിന് സമാനമായ ഫലമാണ് ഇപ്പോൾ എക്സിറ്റ് പോൾ ഫലങ്ങളെല്ലാം പ്രവചിക്കുന്നത്. സിഎൻഎൻ ന്യൂസ് 18 എൻഡിഎക്ക്ക് 336 സീറ്റുകളും യുപിഎക്ക് 82 സീറ്റും മറ്റുള്ളവർക്ക് 124 സീറ്റുമാണ് പ്രവചിച്ചത്.
ടൈംസ് നൗ പുറത്തുവിട്ട എക്സിറ്റ് പോൾ ഫലങ്ങൾ പ്രകാരം 306 സീറ്റുകളാണ് എൻഡിഎക്ക് ലഭിക്കുക. 132 സീറ്റ് കോൺഗ്രസിന് പ്രവചിക്കുമ്പോൾ 104 സീറ്റുകളാണ് മറ്റ് പാർട്ടികൾക്ക് പ്രവചിക്കുന്നത്.
റിപ്പബ്ലിക് ചാനലിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പ്രകാരം 287 സീറ്റിലാണ് എൻഡിഎ വിജയിക്കാൻ സാധ്യതയുള്ളത്. യുപിഎക്ക് 128 സീറ്റ് വരെ കിട്ടാം. മറ്റ് പാർട്ടികളും 127 സീറ്റ് വരെ വിജയിക്കാമെന്നും അവർ പറയുന്നു.
ഇന്ത്യാ ടുഡെയാണ് ഏറ്റവുമധികം സീറ്റുകളിൽ ബിജെപിക്കും എൻഡിഎയ്ക്കും വിജയം പ്രവചിക്കുന്നത്. 365 സീറ്റ് വരെ എൻഡിഎ നേടിയേക്കാമെന്ന് അവർ പറയുന്നു. 108 സീറ്റിൽ യുപിഎയും 69 സീറ്റിൽ മറ്റുള്ളവരും വിജയിക്കുമെന്നാണ് ഇന്ത്യ ടുഡെ പുറത്തുവിട്ട ഫലം.
ന്യൂസ് എക്സ് 298 സീറ്റിൽ എൻഡിഎയ്ക്കും 118 സീറ്റിൽ യുപിഎയക്കും 126 സീറ്റിൽ മറ്റ് പാർട്ടികൾക്കും വിജയം പ്രവചിക്കുന്നു. എബിപി ന്യൂസാണ് ഇന്ത്യയിൽ ഒരു മുന്നണിക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് പ്രവചിച്ചിരിക്കുന്നത്. എൻഡിഎക്ക് 267 സീറ്റ് മാത്രമേ ലഭിക്കൂവെന്നും യുപിഎയ്ക്ക് 127 സീറ്റ് വരെ മാത്രമേ ലഭിക്കൂവെന്നും മറ്റുള്ളവർ 148 സീറ്റിലും വിജയിക്കും.
അതേസമയം കേരളത്തിൽ സിഎൻഎൻ ന്യൂസ് 18 മാത്രമാണ് ഇടതുമുന്നണിക്ക് മുന്നേറ്റം ഉണ്ടാകുമെന്ന് പറഞ്ഞിരിക്കുന്നത്. മറ്റെല്ലാ ഫലങ്ങളും 10 മുതൽ 16 സീറ്റ് വരെ യുഡിഎഫിന് മുന്നേറ്റം പ്രവചിക്കുന്നു. ബിജെപിക്ക് ഒന്ന് മുതൽ മൂന്ന് സീറ്റ് വരെ ജയിക്കാനുള്ള സാഹചര്യം ഉണ്ടെന്നും പറയുന്നു. സിഎൻഎൻ ന്യൂസ് 18 ഫലം പ്രകാരം ഇടതുപക്ഷം 13 വരെ സീറ്റുകളിൽ വിജയിക്കും.
ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി വൻ മുന്നേറ്റം നടത്തുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്.
ഉത്തർപ്രദേശിൽ എസ്‌പി-ബിഎസ്പി സഖ്യം വലിയ വിജയം നേടുമെന്ന് എബിപി ന്യൂസ് പ്രവചിക്കുമ്പോൾ മറ്റാരുടെയും ഫലം ഇതുമായി ചേർന്നു നിൽക്കുന്നതല്ല. ബിജെപി വോട്ട് വിഹിതം വർധിക്കുമെന്നും 68 സീറ്റുകൾ വരെ നേടാമെന്നുമാണ് പ്രവചനം.



