Asianet News MalayalamAsianet News Malayalam

ലോക്സഭാ തെരഞ്ഞെടുപ്പ്; ആന്ധ്രയിലെ അരക്കുവില്‍ അച്ഛനെതിരെ പോരാട്ടത്തിനൊരുങ്ങി മകൾ

ടിഡിപി സ്ഥാനാർത്ഥി വി കിഷോര്‍ ചന്ദ്ര ദേവും മകൾ വി ശ്രുതി ദേവിയും ആണ് തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങുന്നത്. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കിഷോര്‍ ചന്ദ്ര ദേവ് അടുത്തിടെയാണ് കോൺ​ഗ്രസ് വിട്ട് ടിഡിപിയില്‍ ചേര്‍ന്നത്. 

Lok sabha election against V Kishore Chandra Deo congress fields his daughter
Author
Andhra Pradesh, First Published Mar 26, 2019, 6:50 PM IST

ഹൈദരാബാദ്: ആന്ധ്രയിലെ വിശാഖപട്ടണത്തെ അരക്ക് ലോക്സഭാ മണ്ഡലത്തിൽ അച്ഛനെതിരെ മകളെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് കോൺ​ഗ്രസ്. ടിഡിപി സ്ഥാനാർത്ഥി വി കിഷോര്‍ ചന്ദ്ര ദേവും മകൾ വി ശ്രുതി ദേവിയും ആണ് തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങുന്നത്. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കിഷോര്‍ ചന്ദ്ര ദേവ് അടുത്തിടെയാണ് കോൺ​ഗ്രസ് വിട്ട് ടിഡിപിയില്‍ ചേര്‍ന്നത്. 

ആറ് തവണ കോൺ​ഗ്രസ് ടിക്കറ്റിൽ മത്സരിച്ച് എംപിയായ ദേവ് രണ്ടാം യുപിഎ സര്‍ക്കാരില്‍ പഞ്ചായത്ത് രാജ്, ഗോത്രക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. 1979-80-ല്‍ ഉരുക്ക്, കല്‍ക്കരിഖനന വകുപ്പുകളുടെ മന്ത്രിയായിരുന്നു. കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച ദേവ് ഒരു തവണ രാജ്യസഭാ​ അം​ഗവുമായിരുന്നു. 2014-ലെ തെരഞ്ഞെടുപ്പില്‍ അരക്കുവില്‍നിന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടതിന് ശേഷമാണ് 72-കാരനായ ദേവ് ടിഡിപിയില്‍ ചേര്‍ന്നത്. 42 വർഷം കോൺ​ഗ്രസ് പാർട്ടിയിലുണ്ടായിരുന്ന ദേവ് ഈ വർഷം ഫെബ്രുവരി 14-ആണ് ടിഡിപിയിൽ ചേർന്നത്.  

അതേസമയം, 46-കാരിയായ ശ്രുതിയുടെ ആദ്യത്തെ തെരഞ്ഞെടുപ്പാണിത്. സുപ്രീം കോടതി അഭിഭാഷകയും എഴുത്തുകാരിയുമായ ശ്രുതി ആന്ധ്രപ്രദേശ് കോണ​ഗ്രസ് കമ്മിറ്റി അം​ഗമാണ്. കോൺ​ഗ്രസ് വിടുന്നതിന് മുമ്പ് വരെ ദേവിന് വേണ്ടി ശ്രുതി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങാറുണ്ടായിരുന്നു. 

സംസ്ഥാനത്ത് കോൺ​ഗ്രസ് പാർട്ടിക്ക് ഇനിയൊരു ഭാവി കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് താൻ ടിഡിപിയിൽ ചേർന്നതെന്ന് ദേവ് പറഞ്ഞു. അതേസമയം, കോൺ​ഗ്രസിൽ യുവാക്കൾ ചേരുകയും പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്തതോടെ തന്റെ അച്ഛനെ പോലുള്ള മുതിർന്ന നേതാക്കൾക്ക് പാർട്ടി വിടണമെന്ന് തോന്നികാണും. അതാണ് അദ്ദേഹം കോൺ​ഗ്രസ് വിട്ട് മറ്റൊരു പാർട്ടിയിൽ ചേർന്നതെന്ന് ശ്രുതി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ലോക്സഭാ മണ്ഡലമാണ് അരക്ക്. ഏഴ് നിയമസഭാ മണ്ഡലങ്ങളുൾപ്പെടുന്നതാണ് അരക്ക്.  

Follow Us:
Download App:
  • android
  • ios