കഴിഞ്ഞ തവണ നേരിട്ട് സംഭാവനയായി 20,000 രൂപവരെ വാങ്ങാമായിരുന്നു. ഇത്തവണ അത് 10,000 രൂപയായി കുറച്ചു. 10,000 രൂപയിൽ കൂടുതലുള്ള സംഭാവന ചെക്ക്, ഡ്രാഫ്റ്റ്, ഓൺലൈൻ ട്രാൻസാക്ഷൻ എന്നിവ വഴി മാത്രമേ സ്വീകരിക്കാനാവൂ.
തിരുവനന്തപുരം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൈപ്പറ്റാവുന്ന സംഭാവനയുടെ കണക്ക് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. ഇത്തവണ നേരിട്ട് സ്വീകരിക്കാന്‍ പറ്റുന്ന സംഭാവന 10,000 രൂപയായി നിശ്ചയിച്ചു. കഴിഞ്ഞ തവണ 20,000 രൂപവരെ വാങ്ങാമായിരുന്നു. 10,000 രൂപയിൽ കൂടുതലുള്ള സംഭാവന ചെക്ക്, ഡ്രാഫ്റ്റ്, ഓൺലൈൻ ട്രാൻസാക്ഷൻ എന്നിവ വഴി മാത്രമേ സ്വീകരിക്കാനാകുകയുള്ളുവെന്നും കമ്മീഷന്‍ വ്യക്തമാക്കി.
ചെലവ് ചുരുക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷൻറെ കർശന നിർദ്ദേശം ഇത്തവണയുമുണ്ട്. ചെലവിനത്തിൽ കൃത്യത പുലർത്താൻ നിരീക്ഷകർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. സ്ഥാനാർത്ഥികളുടെ ചെലവ് വിവരങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള വീട്ട് വീഴ്ച്ച ശ്രദ്ധയിൽപ്പെട്ടാൽ ചെലവ് കാര്യങ്ങൾ നിരീക്ഷിക്കുന്നതിനായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ ജോലി തന്നെ പ്രതിസന്ധിയിലാകുമെന്ന് കമ്മീഷൻ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി.
വിദേശത്ത് വോട്ട് പിടിക്കാൻ പോയാലും സംഭാവന സ്വീകരിക്കാൻ പോയാതായാലും ചെലവ് കണക്കിൽപ്പെടും. വിദേശത്ത് നിന്ന് ലഭിക്കുന്ന സംഭാവനകളും മറ്റും നിരീക്ഷിക്കുന്നതിനായി എൻഫോഴ്സ്മെന്റിലും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ സ്ഥാനാർത്ഥികൾ സംഭവനയായി സ്വീകരിക്കുന്നതോ ചെലവാക്കുന്നതോ സംബന്ധിച്ചുള്ള പരാതികൾ അന്വേക്ഷിക്കുന്നതിന് പ്രത്യേക സംഘത്തെയും നിയമിച്ചിട്ടുണ്ട്.
ഒരു സ്ഥാനാർത്ഥിക്ക് പരമാവധി 70 ലക്ഷം വരെ ചെലവാക്കാം. നാമനിർദ്ദേശിക പത്രിക കൊടുക്കുന്നത് മുതൽ തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെയുള്ള ചെലവുകളാണ് ഈ ഇനത്തിൽ വരിക. അതേസമയം നാമനിർദ്ദേശിക പത്രിക സമർപ്പിക്കുന്നതിന് മുമ്പുള്ള ചെലവുകളെല്ലാം അതാത് സ്ഥാനാർത്ഥികള്‍ പ്രതിനിധീകരിക്കുന്ന രാഷട്രീയ പാർട്ടികളുടെ ചെലവിൽ മാത്രമേ വരുകയുള്ളു. നാമനിർദ്ദേശിക പത്രികസമർപ്പിക്കുന്ന ദിവസം സ്ഥാനാർത്ഥിക്ക് റിട്ടേണിങ് ഓഫീസർ ചെലവ് രജിസ്റ്റർ നൽകും. നാമനിർദ്ദേശിക പത്രിക സമർപ്പിച്ച് ഫലം വരുന്നതിന് മുമ്പ് വരേയുള്ള ചെലവ് വിവരകണക്കുകൾ സ്ഥാനാർത്ഥികൾ രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്തുകയും വൗച്ചറുകൾ സൂക്ഷിക്കുകയും വേണം.
പത്രിക പിൻവലിക്കൽ തീയതി കഴിഞ്ഞ് ചെലവ് നിരീക്ഷക സംഘം രജിസ്റ്റർ പരിശോധിക്കും. തുടർന്ന് കുറവുകളും തെറ്റുകളും തിരുത്താൻ ആവശ്യപ്പെടും. ഫലം വന്ന് ഒരു മാസത്തിനുള്ളിൽ കൃത്യമായ തെളിവുകളോടുകൂടി കണക്ക് വിവരങ്ങൾ ഹാജരാക്കണം. ഒരു മണ്ഡലത്തിൽ എട്ട് ചെലവ് നിരീക്ഷകരെയാണ് കമ്മീഷൻ നിയമിച്ചിരിക്കുന്നത്.
