Asianet News MalayalamAsianet News Malayalam

മേളം കൊട്ടിക്കയറുന്നു; തൃശൂരിലാര് തിടമ്പേറ്റും ?

വോട്ടുകുത്തി കാത്തിരിക്കാൻ ക്ഷമയേറെയുണ്ട് തൃശൂരുകാർക്ക്. ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ നെറ്റിപ്പട്ടവും ചാർത്തി നെയ്തലക്കാവിലമ്മയുടെ കോലവുമേന്തി തെക്കേഗോപുരനട തള്ളിത്തുറന്നെത്തുന്ന തെച്ചിക്കോട്ടിനെ വരവേൽക്കാനെന്ന പോലെ ആർപ്പുവിളികളുമായി കാത്തിനിൽക്കുന്നുണ്ടാവും തൃശൂരിലെ പുരുഷാരമത്രയും.

lok sabha election who win at thrissur
Author
Thrissur, First Published Apr 15, 2019, 6:24 PM IST

പൂരം വന്നടുത്തു, ഇലഞ്ഞിമരം മേളത്തിന് കാതോർക്കുന്നു. പൂരം വിരിയുന്ന തേക്കിൻകാട് മൈതാനത്തിന് ചുറ്റും പുരുഷാരം ചൂടിലാണ്. കത്തുന്ന മേടസൂര്യനെ പോലും വകവയ്ക്കാതെ തെരഞ്ഞെടുപ്പിന്‍റെ കൊടും ചൂടിൽ.
  
പാണികൊട്ടി ആദ്യം മേളം മുഴക്കിയത് കമ്യൂണിസ്റ്റാണെന്ന പേരിൽ അമേരിക്കന്‍ വിമാനത്താവളത്തിൽ തടഞ്ഞിട്ട രാജാജിയാണ്. ലോകയുവജന പ്രസ്ഥാനത്തിന്‍റെ  ഉപാധ്യക്ഷനായിരിക്കെ, ജനാധിപത്യപ്രക്രിയകളുടെ നിരീക്ഷണത്തിനും യുവജനങ്ങളുടെ സംഘാടനത്തിനുമായുള്ള ഔദ്യോഗിക സന്ദർശനമാണ് അദ്ദേഹത്തിന് അന്ന് മുടങ്ങിയത്. 

ബുഡാപെസ്റ്റിൽ നിന്ന് 78 രാജ്യങ്ങളിൽ സഞ്ചരിച്ച് ഇതേ ഉത്തരവാദിത്വം നിറവേറ്റിയ രാജാജി സാമ്രാജ്യത്വ പോരാളികളായ വിശ്വപൗരന്മാർക്ക് നൽകിപ്പോന്ന വുഫ്ഡി പുരസ്കാരവുമായാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. ഇടതുപക്ഷത്തിന്‍റെ തൃശൂർ സ്ഥാനാർത്ഥി മാഹാത്മ്യം ഇനിയുമേറെ. എന്തായാലും പൂരങ്ങളുടെ നാട്ടിൽ രാജാജി മാത്യു തോമസ് എന്ന വിശ്വപൗരൻ തെരഞ്ഞെടുപ്പ് പ്രാമാണ്യത്തമേറ്റെടുത്ത് മേളം കൊട്ടിക്കയറ്റുകയാണ്.

പ്രളയനാളുകളിൽ കേരളത്തെ കരയ്ക്കെത്തിച്ച മത്സ്യത്തൊഴിലാളികളുടെ ദേശീയ അമരക്കാരനാണ് മറുവശത്ത് യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് മേളം മുറുക്കുന്നത്. സൗഹൃദങ്ങളുടെ പൂങ്കാവനമാണ് തൃശൂരിലെ കോൺഗ്രസ് പ്രസിഡന്‍റുകൂടിയായ പ്രതാപൻ. ഗ്രൂപ്പുകളുടെ മേൽ വ്യക്തിത്വത്തിന്‍റെ മേമ്പൊടിതൂകി പ്രതാപിയായി തുടരുന്ന വി എം സുധീരന്‍റെ ശിക്ഷ്യനെന്ന ഖ്യാതിയാണ് പ്രതാപനെ നയിക്കുന്നത്.

ഇലഞ്ഞിത്തറയിൽ മേളം മുറുകുമ്പോഴും ശ്രീമൂലസ്ഥാനത്തെ കൊട്ടിപ്പെരുക്കത്തിലും ആസ്വാദക്കർക്ക് ഒരു പഞ്ഞവും പതിവില്ല. സമാനമാണ് രാജാജിയുടെയും പ്രതാപന്‍റെയും പ്രാമാണിത്തത്തിന് ചുറ്റുമുള്ള ആരാധകവൃന്ദം. ഇരുവരും ഇവയെ വോട്ടാക്കാനുള്ള വെടിക്കെട്ടിനാണിപ്പോൾ തിരികൊളുത്തിയിരിക്കുന്നത്.

സ്ഥാനാർത്ഥി ആരാകുമെന്ന വിശ്വാസത്തെ നിലനിർത്താൻ പോലും തുടക്കത്തില്‍ കഴിയാതിരുന്ന എൻഡിഎക്ക് വേണ്ടി സാക്ഷാൽ സുരേഷ് ഗോപി എത്തിയപ്പോൾ തൃശൂരിന്‍റെ പൂരപ്പറമ്പ് ഉഷാറായി. തുഷാറായിരുന്നു നേരത്തെ, സ്ഥാനാർത്ഥി... ചുവരെഴുത്തും പോസ്റ്റർ പ്രചാരണവും പാതിയിലെത്തിയപ്പോഴാണ് രാഹുലിനെതിരെ മത്സരിക്കാൻ ശക്തനായത് താൻ മാത്രമെന്ന് തുഷാറിന് തോന്നിയത്. തുഷാറിന് പകരം സുരേഷ് ഗോപിയെത്തിയതോടെ പൂരദിവസം 'രാഗ'ത്തിൽ പുത്തൻ പടം റിലീസായമട്ടിലെത്തി എൻഡിഎ ക്യാമ്പ്. ആവേശവും ആരവവും അഭിഷേകവുമെല്ലാമായി താരപ്രചാരണം കൊഴുക്കുകയാണ്.

lok sabha election who win at thrissur
  
ഇനിയാണ് കുടമാറ്റം

ദിവസം വിരലിലെണ്ണാനേയുള്ളൂ ഇനി. 13,36,399 വോട്ടർമാരാണ് തൃശൂർ പാർലമെന്‍റ് മണ്ഡലത്തിൽ ആകെയുള്ളത്. അതിൽ 6,93,440 പേർ സ്ത്രീകളും 6,42,942 പേർ പുരുഷന്മാരുമാണ്. ഭിന്നലൈംഗിക വിഭാഗത്തിൽപ്പെടുന്ന 17 പേരും മണ്ഡലത്തിലുണ്ട്. മണലൂർ നിയോജക മണ്ഡലത്തിലാണ് കൂടുതൽ വോട്ടർമാരുള്ളത്. 2,05,470 പേർ. ഏറ്റവും കുറവ് തൃശൂർ നിയോജക മണ്ഡലത്തിലാണ്. 1,69,008 വോട്ടർമാരാണ് ഇവിടെയുള്ളത്.

നിലവിൽ സിപിഐയുടെ ഏക പാർലമെന്‍റംഗം സി എൻ ജയദേവനാണ് തൃശൂരിന്‍റെ ജനപ്രതിനിധി. ഇടതുപക്ഷം ദേശീയതലത്തിൽ നിർണായകമെന്ന് ചിന്തിക്കുന്ന തെരഞ്ഞെടുപ്പിൽ തൃശൂരിന് തുടർച്ചയുണ്ടാകുമെന്നാണ് അവരുടെ പ്രതീക്ഷ. നേരത്തേകൂട്ടി സ്ഥാനാർത്ഥിയായതോടെ തെരഞ്ഞെടുപ്പ് സംഘടനാചിട്ടവട്ടങ്ങളിൽ അധിക പരിപാടികൾ ചേർത്താണിപ്പോൾ ഇടതുപക്ഷ പ്രവർത്തനം. തൃശൂരിലെ ഏഴ് നിയമസഭാമണ്ഡലങ്ങളെയും പ്രതിനിധീകരിക്കുന്ന ഇടത് എംഎൽഎമാരുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് പ്രവർത്തനങ്ങളാണിപ്പോൾ തുടരുന്നത്. ഇതിൽ രണ്ട് പേർ മന്ത്രിമാരാണെന്ന പരിഗണനയും തൃശൂർ പാർലമെന്‍റിനുണ്ട്. വി എസ് സുനിൽകുമാറും സി രവീന്ദ്രനാഥും. സ്ഥാനാർത്ഥിയുടെ പര്യടനങ്ങളും ഗൃഹസന്ദർശനങ്ങളും വേറെ.

കോൺഗ്രസിലെ പ്രതിസന്ധികളാണ് യുഡിഎഫ് ക്യാമ്പിനെ അലട്ടുന്നത്. ഗുരുവായൂരിലെ ചാവക്കാടും നാട്ടികയിലെ തളിക്കുളം മേഖലയിലുമാണ് സ്ഥാനാർത്ഥിക്കുവേണ്ടിയുള്ള പ്രവർത്തനം ചിട്ടയായി നടക്കുന്നത്. ചാവക്കാട് ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിലും തളിക്കുളത്ത് തട്ടകമെന്ന നിലയിലും. യുഡിഎഫിന് വോട്ട് നൽകുന്ന തൃശൂർ, ഒല്ലൂർ മണ്ഡലങ്ങളിൽ പ്രതാപന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. പുതുക്കാടും മണലൂരും കാര്യങ്ങൾ പന്തിയല്ല. 

ഇരിങ്ങാലക്കുടയിൽ കേരള കോൺഗ്രസ് എം പ്രവർത്തകർ സജീവമാണെങ്കിലും കോൺഗ്രസ് നേതാക്കൾ തെരുവുയുദ്ധത്തിലാണ്. ഡിസിസി ജനറൽ സെക്രട്ടറിയും സ്ഥാനാർത്ഥിയുടെ വിശ്വസ്തനുമായ എം എസ് അനിൽകുമാറിന്‍‌റെ നേതൃത്വത്തിൽ രമേശ് ചെന്നിത്തലയുടെ പൊതുയോഗത്തിനെത്തിയ ബ്ലോക്ക് വൈസ് പ്രസിഡൻറ്  ബിബിനെ മർദ്ദിച്ചത് മൂന്നു ദിവസം മുമ്പാണ്. ബിബിനൊപ്പം നിന്നവർക്കെതിരെ കള്ളക്കേസ് ചുമത്തിയെന്ന പുതിയ പ്രശ്നത്തോടെ അവിടമാകെ കലുഷിതമാണ്. എങ്കിലും 35,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന കണക്കാണ് കഴിഞ്ഞ ദിവസം പ്രതാപന്‍റെ തെരഞ്ഞെടുപ്പ് സമിതി എ കെ ആന്‍റണിക്ക് നേരിട്ടുനൽകിയത്.

lok sabha election who win at thrissur

സംസ്ഥാനത്ത് എൻഡിഎയുടെ തെരഞ്ഞെടുപ്പ് ചുമതല ഏറ്റെടുത്ത ആർഎസ്എസ് പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലങ്ങളുടെ പട്ടികയിൽ ആദ്യപേര് തൃശൂരിന്‍റതാണ്. തിരുവനന്തപുരവും പത്തനംതിട്ടയും വിജയിക്കുമെന്നും തൃശൂരും പാലക്കാടും പ്രതീക്ഷക്കുന്നുവെന്നുമാണ് ആർഎസ്എസ് അവലോകന റിപ്പോർട്ട്. തൃശൂരിൽ സുരേഷ് ഗോപിയുടെ പ്രചാരണ കേന്ദ്രങ്ങളിലെ ആൾക്കൂട്ടമാണ് ആർഎസ്എസ് പ്രതീക്ഷ. ഒപ്പം വിശ്വാസവും ശബരിമലയും സുവർണാവസരമാക്കാൻ സ്ഥാനാർത്ഥിക്ക് കഴിയുമെന്ന കണക്കുകൂട്ടലും. രാഷ്ട്രീയം ഒഴിവാക്കിയാണ് സുരേഷ് ഗോപിയുടെ പ്രചാരണം. വീടുകളിലെ അപ്രതീക്ഷിത സന്ദർശനവും വിരുന്നൂണും പ്രവർത്തകർക്കിടയിൽ സിനിമാസ്റ്റൈലിൽ തന്നെയുള്ള വിദ്വേഷപ്രസംഗങ്ങളും താരപ്പൊലിമ കൂട്ടുന്നുണ്ട്.

ത്രികോണ മത്സരപ്രതീതിയാണ് തൃശൂരിനെ സജീവമാക്കുന്നത്. ഓരോ ദിനവും കുടമാറ്റം കണക്കെ വോട്ടർമാരെ ഇളക്കിമറിച്ചുള്ള മുന്നേറ്റം. സ്ഥാനാർത്ഥികളാവട്ടെ ഗജവീരന്മാരെപ്പോലെ തലയുയർത്തി നിൽക്കുന്നവർ. തൃശൂരിൽ ഇവരിലാരു തിടമ്പേറ്റുമെന്നത് കാത്തിരുന്ന് കാണാം. വോട്ടുകുത്തി കാത്തിരിക്കാൻ ക്ഷമയേറെയുണ്ട് തൃശൂരുകാർക്ക്. ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ നെറ്റിപ്പട്ടവും ചാർത്തി നെയ്തലക്കാവിലമ്മയുടെ കോലവുമേന്തി തെക്കേഗോപുരനട തള്ളിത്തുറന്നെത്തുന്ന തെച്ചിക്കോട്ടിനെ വരവേൽക്കാനെന്ന പോലെ ആർപ്പുവിളികളുമായി കാത്തിനിൽക്കുന്നുണ്ടാവും തൃശൂരിലെ പുരുഷാരമത്രയും.

Follow Us:
Download App:
  • android
  • ios