ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ദരിദ്ര കുടുംബങ്ങൾക്ക് പ്രതിവര്‍ഷം ചുരുങ്ങിയത് 72,000 രൂപ വരുമാനം ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതിക്കൊപ്പം പല വാഗ്ദാനങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. പ്രകടന പത്രികക്ക് അന്തിമ രൂപം നൽകാൻ കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നിരുന്നു.

ന്യായ് പദ്ധതിക്ക് എങ്ങനെ പണം കണ്ടെത്തും, എത്ര കുടുംബങ്ങൾക്കും വ്യക്തികൾക്കും ഇതിന്‍റെ നേട്ടം കിട്ടും എന്നതടക്കമുള്ള വിവരങ്ങളും ഇന്ന് പ്രകടന പത്രികയിലൂടെ കോണ്‍ഗ്രസ് പുറത്തുവിടും. അധികാരത്തിൽ എത്തിയാൽ 12 മാസം കൊണ്ട് സര്‍ക്കാര്‍ തലത്തിലെ 22 ലക്ഷം ഒഴിവുകൾ നികത്തും. നീതി അയോഗ് പിരിച്ചുവിട്ട് ആസൂത്രണ കമ്മീഷൻ പുനഃസ്ഥാപിക്കും, ജി.എസ്.ടിയിലെ പോരായ്മകൾ പരിഗണിക്കുന്നതിനുള്ള ബദൽ നിര്‍ദ്ദേശങ്ങൾ, കര്‍ഷകര്‍, തൊഴിലാളികൾ എന്നിവര്‍ക്കുള്ള നിരവധി വാഗ്ദാനങ്ങളും പ്രകടന പത്രികയിൽ ഉണ്ടായേക്കും.