ദില്ലി: എന്‍ഡിഎ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് ടൈംസ് നൗ അഭിപ്രായ സര്‍വേ. സര്‍വേ പ്രകാരം എന്‍ഡിഎ 283 സീറ്റുകള്‍ നേടും. ഈ സര്‍വേയില്‍ 17,000ത്തോളം പേരുടെ അഭിപ്രായമാണ് എടുത്തത്. സര്‍വേ പ്രകാരം 135 സീറ്റാണ് കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ മുന്നണിക്ക് ലഭിക്കുക. മറ്റുപാര്‍ട്ടികള്‍ക്ക് 125 സീറ്റാണ് ലഭിക്കുക. വോട്ടിംഗ് ശതമാനത്തിലേക്ക് വന്നാല്‍ എന്‍ഡിഎയ്ക്ക് 40.1 ശതമാനം വോട്ട് ലഭിക്കും എന്നാണ് പറയുന്നത്. 2014 ല്‍ ഇത് 38.5 ആയിരുന്നു.

ഇതേ സമയം  യുപിഎ വോട്ട് ശതമാനം 30.6 ശതമാനം ആയിരിക്കും. ടൈംസ് നൗ സര്‍വേ പ്രകാരം ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് ഹിന്ദി ഹൃദയഭൂമിയിലും, നോര്‍ത്ത് ഈസ്റ്റ് മേഖലയിലും വന്‍ മുന്നേറ്റം ഉണ്ടാകും. അതേ സമയം പശ്ചിമ ബംഗാളിലും, ഓഡീഷയിലും മികച്ച വിജയം ബിജെപി നേടുമെന്നാണ് റിപ്പോര്‍ട്ട്. 

മധ്യപ്രദേശില്‍ 29 ല്‍ 22 സീറ്റ്, രാജസ്ഥാനില്‍ 25 ല്‍ 20. ചത്തീസ്ഗഢില്‍ 11 ല്‍ 6 എന്നിങ്ങനെയാണ് ബിജെപി സഖ്യം ഹിന്ദി ഹൃദയഭൂമിയില്‍ നേടുക എന്നാണ് സര്‍വേ പറയുന്നത്. ഉത്തര്‍പ്രദേശില്‍ 80 സീറ്റുകളില്‍ എസ്.പി-ബി.എസ്.പി സഖ്യം 36 സീറ്റും, ബിജെപി സഖ്യം 42 സീറ്റും നേടുമെന്നാണ് പറയുന്നത്. പശ്ചിമ ബംഗാളില്‍ എന്‍ഡിഎ മുന്നണി 11 സീറ്റ് നേടും. മഹാരാഷ്ട്രയില്‍ ബിജെപി മുന്നണി 39 സീറ്റ് ജയിക്കുമെന്നും, ഒഡീഷയില്‍ ഇത് 14 ആയിരിക്കുമെന്നും സര്‍വേ പറയുന്നു.

ബിഹാറില്‍ എന്‍ഡിഎ മുന്നണി 27 സീറ്റ് വിജയിക്കുമെന്നും. ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യം 13 സീറ്റ് വിജയിക്കുമെന്ന് സര്‍വേ പറയുന്നു. കര്‍ണാടകയില്‍ ബിജെപി 15 സീറ്റ് നേടും ഇവിടെ കോണ്‍ഗ്രസ് സഖ്യം 13 സീറ്റ് നേടും. ആന്ധ്രയില്‍ 25 ല്‍ 22 സീറ്റും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേടും എന്നാണ് സര്‍വേ പറയുന്നത്. തെലങ്കാനയില്‍ 17 ല്‍ 13 സീറ്റും ടിആര്‍എസ് നേടും എന്നാണ് പ്രവചനം. ടിഡിപി ആന്ധ്രയില്‍ 3 സീറ്റിലേക്ക് ഒതുങ്ങും എന്ന് സര്‍വേ പറയുന്നു.

തമിഴ്നാട്ടില്‍ ഡിഎംകെ നേതൃത്വത്തിലെ സഖ്യം 39 സീറ്റില്‍ 34 സീറ്റും ഡിഎംകെ സഖ്യം കരസ്ഥമാക്കും എന്നാണ് പറയുന്നത്. എഐഎഡിഎംകെ സഖ്യം 5 സീറ്റിലേക്ക് ഒതുങ്ങും.