മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഈസ്റ്റ് ദില്ലിയിലെ എഎപി സ്ഥാനാര്‍ത്ഥി അതിഷി. ഗൗതം ഗംഭീര്‍ തന്നെ അപമാനിക്കുന്ന തരത്തിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്തെന്നാണ് അതിഷിയുടെ ആരോപണം.  

ദില്ലി: മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഈസ്റ്റ് ദില്ലിയിലെ എഎപി സ്ഥാനാര്‍ത്ഥി അതിഷി. ഗൗതം ഗംഭീര്‍ തന്നെ അപമാനിക്കുന്ന തരത്തിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്തെന്നാണ് അതിഷിയുടെ ആരോപണം. ഞായഴാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് തന്നെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ലഘുലേഖകള്‍ മുന്‍ ക്രിക്കറ്റ് താരവും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഗൗതം ഗംഭീറിന്‍റെ നേതൃത്വത്തില്‍ വിതരണം ചെയ്തതെന്നും അതിഷി ആരോപിക്കുന്നു. 

ഗംഭീര്‍ ഇത്രയും തരംതാണ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അതിഷി പറഞ്ഞു. ലഘുലേഖയുടെ ഉള്ളടക്കം കണ്ടപ്പോള്‍ വളരെ വേദന തോന്നി. ഗംഭീറിനെ പോലുള്ളവര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ സ്ത്രീകള്‍ എങ്ങനെ സുരക്ഷിതരാകും? തന്നെ ലൈംഗികമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അടങ്ങിയ ലഘുലേഖയാണ് വിതരണം ചെയ്തത്. 

അതിഷി ബീഫ് കഴിക്കുന്ന ആളാണെന്നും മിശ്രിത വിഭാഗക്കാരിയാണെന്നും അടക്കമുള്ള ആരോപണങ്ങളും ലഘുലേഖയിലുള്ളതായി അതിഷി പറഞ്ഞു. വളരെ മോശമായ ഭാഷയാണ് ലഘുലേഖയില്‍ ഉപോയഗിച്ചിരിക്കുന്നതെന്നും എഴുത്ത് വായിച്ചാല്‍ ലജ്ജിച്ചു പോകുമെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ ഇതിനെ പൂര്‍ണമായും തള്ളി ബിജെപി രംഗത്തെത്തി. 

തനിക്കെതിരായ ആരോപണം തെളിയിക്കാന്‍ കെജ്രിവാളിനെയും അതിഷിയെയും വെല്ലുവിളിക്കുന്നതായി ഗൗതം ഗംഭീര്‍ ട്വീറ്റ് ചെയ്തു. ഞാന്‍ അങ്ങനെ ചെയ്തു എന്ന് തെളിയിച്ചാല്‍ താന്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാമെന്നും മറിച്ചാണെങ്കില്‍ രാഷ്ട്രീയം വിടാന്‍ തയ്യാറാണോ എന്നുമാണ് ഗംഭീറിന്‍റെ വെല്ലുവിളി.