വിജയവാഡ: രാജ്യത്ത് കോൺഗ്രസ് അധികാരത്തിൽ വന്നാൽ ന്യായ് പദ്ധതിയിലൂടെ പട്ടിണി തുടച്ചുമാറ്റുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ആന്ധ്രയിലെ വിജയവാഡയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും പാവപ്പെട്ട എല്ലാ കുടുംബങ്ങൾക്കും വർഷം 72000 രൂപ വീതം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

"അഞ്ച് വർഷം പ്രധാനമന്ത്രിയായി മോദി അധികാരത്തിൽ ഇരുന്നിട്ടും അദ്ദേഹം നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ല. ആന്ധ്ര പ്രദേശിന്റെ പ്രത്യേക പദവിയെന്ന കാര്യത്തിൽ മോദി സ്വീകരിച്ച നിലപാടിനെ വിമർശിക്കാൻ പോലും ഇവിടുത്തെ പാർട്ടികൾ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ഞാൻ ആശ്ചര്യപ്പെടുന്നു. കോൺഗ്രസിന്റെയോ മൻമോഹൻ സിങിന്റെയോ പ്രതിജ്ഞാബദ്ധത മാത്രമായിരുന്നില്ല, രാജ്യം ആന്ധ്രയോട് കാട്ടിയ പ്രതിജ്ഞാബദ്ധതയാണ് പ്രത്യേക പദവി," രാഹുൽ ഗാന്ധി പറഞ്ഞു.

"പാവപ്പെട്ടവർക്കെതിരെ മോദി യുദ്ധം പ്രഖ്യാപിക്കുമ്പോൾ പട്ടിണിക്കെതിരെയുളള കോൺഗ്രസിന്റെ യുദ്ധ പ്രഖ്യാപനമാണ് ന്യായ്. പട്ടിണിക്കെതിരെയുളള കോൺഗ്രസിന്റെ സർജിക്കൽ സ്ട്രൈക്കാണിത്. ഞാൻ മോദിയല്ല, ഞാൻ കള്ളം പറയില്ല. അദ്ദേഹം പറഞ്ഞത്, നിങ്ങ8ക്ക് 15 ലക്ഷം തരുമെന്നാണ്. അതൊരു നുണയായിരുന്നു. അത്രയും പണം ഇന്ത്യാ ഗവൺമെന്റിന് നൽകാനാവില്ല. എന്നാൽ ഞങ്ങൾ പറയുന്നു 72000 രൂപ തരുമെന്ന്. അത് ഇന്ത്യാ ഗവൺമെന്റിന് നൽകാനാവും. ഞാനും കോൺഗ്രസ് പാർട്ടിയും രാജ്യത്ത് ന്യായ് പദ്ധതി നടപ്പിലാക്കും. തൊഴിലുറപ്പ് പദ്ധതിയും, ധവള വിപ്ലവവും ഹരിത വിപ്ലവവും പോലെയാകും അത്," രാഹുൽ ഗാന്ധി പറഞ്ഞു.