കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 72.09 ആയിരുന്നു കൊല്ലത്തെ പോളിംഗ് ശതമാനം. ഇക്കുറി 2.31 ശതമാനം ഉയര്‍ന്ന് അത് 74.40 ആയി. യുഡിഎഫിന്‍റെ ശക്തി കേന്ദ്രങ്ങളായ ചവറ, കൊല്ലം എന്നിവിടങ്ങളില്‍ റെക്കോര്‍ഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. 

കൊല്ലം: കൊല്ലത്ത് പോളിംഗ് ശതമാനം ഉയര്‍ന്നതില്‍ പ്രതീക്ഷയര്‍പ്പിച്ച് എല്‍ഡിഎഫും യുഡിഎഫും. ന്യൂനപക്ഷ മേഖലകളിലും മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് ഇരു മുന്നണികളും കണക്ക് കൂട്ടുന്നത്. അതേസമയം വോട്ടുകള്‍ ചോര്‍ന്നിട്ടില്ലെന്നാണ് എൻഡിഎയുടെ അവകാശവാദം. 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 72.09 ആയിരുന്നു കൊല്ലത്തെ പോളിംഗ് ശതമാനം. ഇക്കുറി 2.31 ശതമാനം ഉയര്‍ന്ന് അത് 74.40 ആയി. യുഡിഎഫിന്‍റെ ശക്തി കേന്ദ്രങ്ങളായ ചവറ, കൊല്ലം എന്നിവിടങ്ങളില്‍ റെക്കോര്‍ഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. എല്‍ഡിഎഫ് സംഘടനാ സംവിധാനം ചവറയിലും കൊല്ലത്തും ശക്തമായി പ്രവര്‍ത്തിച്ചതോ പരമ്പരാഗത യു‍ഡിഎഫ് വോട്ടുകള്‍ പെട്ടിയിലായതോ ആകാം ഇവിടങ്ങളില്‍ പോളിംഗ് കൂടാൻ കാരണം. 

കൊല്ലത്ത് നിക്ഷ്‍പക്ഷ വോട്ടുകള്‍ തങ്ങള്‍‍ക്ക് ലഭിക്കുമെന്ന് യുഡിഎഫ് നേരത്തെ കണക്ക് കൂട്ടിയിരുന്നു. തീരപ്രദേശം ഉള്‍പ്പെടുന്നത് ഈ മേഖലയിലാണ്. ചടയമംഗലം, പുനലൂര്‍ ചാത്തന്നൂര്‍ കുണ്ടറ തുടങ്ങിയ പരമ്പരാഗത എല്‍ഡിഎഫ് കോട്ടകളില്‍ താരതമ്യേന പോളിംഗ് കുറവായിരുന്നു. ഉച്ചയ്ക്ക് മുമ്പ് തന്നെ ഇവിടങ്ങളില്‍ പാര്‍ട്ടി വോട്ടുകള്‍ പോള്‍ ചെയ്തെന്നാണ് എല്‍ഡിഎഫ് കണക്ക്കൂട്ടല്‍. ന്യൂനപക്ഷ സാന്നിധ്യമുള്ള ഇരവിപുരത്ത് കഴിഞ്ഞ തവണ യുഡിഎഫിന് കിട്ടിയ മേല്‍ക്കൈ ഇത്തവണ ഭിന്നിപ്പിക്കാനായെന്നും ഇടത് കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നു. 

യുഡിഎഫിനൊപ്പം നിന്നിരുന്ന 45000 ത്തോളം വരുന്ന എസ്‍ഡിപിഐ വോട്ടുകളിലും സമാന സാഹചര്യമുണ്ടായി. മറ്റ് മണ്ഡലങ്ങളിലേതുപോലെ എൻഎസ്എസ് കൊല്ലത്ത് എല്‍ഡിഎഫിനെ കാര്യമായി എതിര്‍ത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാമത് എത്തിയ ചാത്തന്നൂര്‍ ഉള്‍പ്പടെ എല്ലായിടങ്ങളിലും സ്ത്രീ വോട്ടര്‍മാരുടെ മികച്ച സാന്നിധ്യം ഗുണം ചെയ്യുമെന്ന് ബിജെപി കരുതുന്നു. വോട്ട് ചോരുമെന്ന് പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗത്തിന്‍റെ ആരോപണം ബിജെപിയെ ഒറ്റക്കെട്ടാക്കിയെന്നും അവര്‍ വിശ്വസിക്കുന്നു. എങ്കിലും ബിജെപി ആകെ പിടിക്കുന്ന വോട്ട് എഴുപതിനായിരത്തില്‍ താഴ്ന്നാല്‍ പ്രതീക്ഷ വേണ്ടെന്നാണ് എല്‍ഡിഎഫ് പറയുന്നത്.