പാലക്കാട്: പരിസ്ഥിതി സൗഹൃദ വാഹന പ്രചാരണ ജാഥയുമായി പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി എം ബി രാജേഷ്. തെരഞ്ഞെടുപ്പിൽ പരിസ്ഥിതി രാഷ്ട്രീയം കൂടുതൽ ചർച്ചയാക്കാനുളള മാർഗ്ഗം കൂടിയാണിതെന്ന് എം ബി രാജേഷ്

ഫ്ലക്സ് നിരോധനത്തിന്റെ ചുവട് പിടിച്ച് കൂടുതൽ പരിസ്ഥിതി സൗഹൃദ പ്രചാരണ രീതിയുടെ അടുത്ത പടി. വാഹന റാലിക്ക് മോട്ടോർ വാഹനങ്ങൾക്ക് പകരം വൈദ്യുതി ഉപയോഗിച്ച് ഓടുന്ന കാറുകളും ഇരു ചക്ര വാഹനങ്ങളും. അംഗ പരിമിതർക്ക് എം പി ഫണ്ടിൽ നിന്ന് അനുവദിച്ച മുച്ചക്ര വാഹനങ്ങളും റാലിയിൽ അണിനിരന്നു. 

ബൈക്ക് റാലിയുടെ കാതടപ്പിക്കുന്ന ഹോണടി ശബ്ദവും അന്തരീക്ഷ മലിനീകരണവുമില്ല. പ്രചാരണ രംഗത്തെ ഈ രീതിയിലൂടെ പുതിയ പ്രായോഗിക മാതൃകയാണ് ലക്ഷ്യമിടുന്നതെന്ന് സ്ഥാനാർത്ഥി വിശദമാക്കുന്നു. വരും ദിവസങ്ങളിൽ പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ കൂടുതലായി പ്രചരണ പരിപാടികൾക്കിറങ്ങലാണ് ഇടത് സ്ഥാനാർത്ഥിയുടെ ലക്ഷ്യം.