Asianet News MalayalamAsianet News Malayalam

കോഴ ആരോപണം; പിന്നില്‍ സിപിഎം നേതൃത്വമെന്ന് എം കെ രാഘവന്‍

ശബ്ദം ഡെബ് ചെയ്തതാണ്. തെരഞ്ഞെടുപ്പ് ചർച്ച ചെയ്തത് പത്രക്കാരാണെന്ന് പറഞ്ഞ് തന്നെ സമീപച്ചതിനാലാണ്. താന്‍ ആരോടും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും എം കെ രാഘവന്‍

m k raghavan about the allegation against him
Author
Kozhikode, First Published Apr 4, 2019, 9:35 AM IST

കോഴിക്കോട്: ആരോപണങ്ങൾക്ക് പിന്നിൽ കോഴിക്കോട്ടെ സിപിഎം നേതൃത്വും ഒരു മാഫിയ സംഘവുമെന്ന് മണ്ഡലം സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ എം കെ രാഘവൻ. ഇവരാണ് ദില്ലിയിൽ നിന്ന് മാധ്യമ പ്രവർത്തകരെ  കൊണ്ടു വന്നത്. ഇതിന്‍റെ തെളിവുകൾ ഉടൻ പുറത്ത് വിടും. സിപിഎമ്മിന്‍റെ പരാജയ ഭീതിയാണ് ആരോപണത്തിന് പിന്നിലെന്നും എം കെ രാഘവന്‍ പറഞ്ഞു. 

ശബ്ദം ഡെബ് ചെയ്തതാണ്. തെരഞ്ഞെടുപ്പ് ചർച്ച ചെയ്തത് പത്രക്കാരാണെന്ന് പറഞ്ഞ് തന്നെ സമീപച്ചതിനാലാണ്. താന്‍ ആരോടും പണം ആവശ്യപ്പെട്ടിട്ടില്ല.  ചാനലിനെതിരെ മാനനഷ്ടകേസ് നൽകുന്ന കാര്യം ആലോചിക്കും. തന്‍റെ പാര്‍ട്ടിക്കാര്‍ക്ക് ഈ ആരോപണത്തില്‍ പങ്കില്ല. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച മാഫിയ സംഘത്തിന്‍റെ രാഷ്ടീയ ബന്ധം പിന്നീട് വെളിപ്പെടുത്തും. തന്റെ വിജയം ഉറപ്പായതാണ് തന്നെ ഉന്നം വയ്ക്കാൻ കാരണമെന്നും എം കെ രാഘവൻ പറഞ്ഞു. 

ഒരു ഹിന്ദി ചാനലിന്‍റെ ഒളിക്യാമറ ഓപറേഷനിലാണ് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍ കുടുങ്ങിയത്. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്ത സംഘത്തോട് പണം കൈമാറാന്‍ തന്‍റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെടാന്‍ രാഘവന്‍ ആവശ്യപ്പെടുന്നത് അടക്കമുള്ളവയാണ് ചാനല്‍ പുറത്ത് വിട്ടത്. 

ഒരു കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്‍റെ പ്രതിനിധികളായി രാഘവനെ സമീപിക്കുന്നതും തെരഞ്ഞെടുപ്പിന് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്യുന്നതുമാണ് സ്വകാര്യ ഹിന്ദി ചാനല്‍ പുറത്ത് വിട്ടത്. പഞ്ചനക്ഷത്ര ഹോട്ടല്‍ തുടങ്ങാന്‍ പത്ത് മുതല്‍ പതിനഞ്ചേക്കര്‍ സ്ഥലം കോഴിക്കോട് ആവശ്യമുണ്ടെന്നും ഇതിന് സഹായിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഓപറേഷന്‍.

രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ ദിവസം തന്നെ ഒളിക്യാമറ റിപ്പോര്‍ട്ട് പുറത്ത് വന്നത് യുഡിഎഫിനെ വെട്ടിലാക്കിയിരിക്കുകയാണ്. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളിലൂന്നിയായിരുന്നു ഇതുവരെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം. കോഴ ആരോപണം വന്നതോടെ ഇതിനെ എങ്ങനെ പ്രതിരോധിക്കുമെന്ന ആശങ്കയിലാണ് യുഡിഎഫ്

Follow Us:
Download App:
  • android
  • ios