ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയയാത്ര തുടരുകയെന്ന ലക്ഷ്യമാണ് ബിജെപിക്ക് മുന്നിലുള്ളത്. അട്ടിമറിക്കുള്ള സാഹചര്യങ്ങളൊന്നും സംസ്ഥാനങ്ങളിൽ ദൃശ്യമല്ല. കോൺഗ്രസിനും പ്രാദേശിക പാർട്ടികൾക്കും ഈ അവസരം ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ ദേശീയ രാഷ്ട്രീയത്തിൽ തിരിച്ചുവരാൻ ഒരു അവസരത്തിനായി രണ്ട് കൊല്ലം കാത്തിരിക്കേണ്ടി വരും.

മഹാരാഷ്ട്രയിൽ കഴിഞ്ഞ തവണത്തെ വിജയം മോദിയുടെ ജൈത്രയാത്രയിൽ നിർണ്ണായകമായിരുന്നു, സഖ്യകക്ഷിയായ ശിവസേനയെ പോലും ഞെട്ടിച്ച വിജയമായിരുന്നു അത്. ഇത്തവണ രണ്ട് പാർട്ടികളും ഒന്നിച്ച് മത്സരിക്കുന്നുണ്ടെങ്കിലും പരസ്പര വിശ്വാസം കൂട്ടാനുള്ള നീക്കങ്ങളൊന്നും വിജയിച്ചിട്ടില്ല. മുഖ്യമന്ത്രി സ്ഥാനം ശിവസേന ആവശ്യപ്പെടുമ്പോൾ നൽകാൻ ബിജെപി തയ്യാറായിട്ടില്ല.

എങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യം മഹാരാഷ്ട്രയിൽ കാര്യമായി മാറിയ സൂചനയില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ മേൽക്കൈ ബിജെപിക്ക് തന്നെയാണ്. കോൺഗ്രസിലെയും എൻസിപിയിലെയും നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടുന്നതും താഴേതട്ടിലെ ജനവികാരം എന്തെന്ന സൂചന നല്കുന്നു. 

വിജയയാത്ര തുടരുക എന്ന ലക്ഷ്യമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നിലുള്ളത്. കാര്യമായ അട്ടിമറിക്കുള്ള സാഹചര്യം തൽക്കാലം സംസ്ഥാനങ്ങളിൽ ദൃശ്യമല്ല. കോൺഗ്രസിനും പ്രാദേശിക പാർട്ടികൾക്കും ഈയവസരം നഷ്ടമായാൽ ദേശീയരാഷ്ട്രീയത്തിലെ തിരിച്ചുവരവിന് രണ്ടു കൊല്ലം കാത്തിരിക്കേണ്ടി വരും.

ഹരിയാനയിലും സ്ഥിതി വ്യത്യസ്തമല്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തിൽ പത്തും ബിജെപി തൂത്തുവാരി. കോൺഗ്രസിലെ ഭിന്നത അവസാനിപ്പിക്കാൻ പാർട്ടിക്കായിട്ടില്ല. ബിഎസ്പി അദ്ധ്യക്ഷ മായാവതി പ്രതിപക്ഷ ഐക്യത്തിൽ നിന്ന് പിൻമാറി. ഓംപ്രകാശ് ചൗതാലയുടെ പാർട്ടിയും കുടുംബവഴക്കിനെ തുടർന്ന് രണ്ടു തട്ടിലാണ്. 

ജാർഖണ്ടിൽ ബിജെപി സർക്കാരിന്‍റെ ജനപിന്തുണ ഇടിയുന്നു എന്ന റിപ്പോർട്ടുകളിലാണ് പ്രതിപക്ഷത്തിന്‍റെ പ്രതീക്ഷ. ലോക്സഭയിലേക്ക് നരേന്ദ്രമോദിക്കൊപ്പം വോട്ടർമാർ നിന്നെങ്കിലും മുഖ്യമന്ത്രി രഘുബർ ദാസിന് ഇതേ പിന്തുണയില്ലെന്നാണ് അവലോകനം. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞു മുത്തലാഖ് വിരുദ്ധ നിയമം പാസാക്കിയും ബിജെപി പരമ്പരാഗത വോട്ടു ബാങ്ക് വീണ്ടും ശക്തമാക്കിയിട്ടുണ്ട്. 

അന്താരാഷ്ട്ര വേദികളിലെ ഇന്ത്യാ പാകിസ്ഥാൻ ഏറ്റുമുട്ടലും തെരഞ്ഞെടുപ്പ് പ്രചാരണത്തെ സ്വാധീനിക്കും. മൂന്നു സംസ്ഥാനങ്ങളിലും ബിജെപിക്ക് മുന്നോട്ടു വയ്ക്കാൻ പ്രാദേശിക മുഖമുണ്ട്. ലോക്സഭയിൽ കനത്ത തിരിച്ചടിയേറ്റ കോൺഗ്രസിന് തല്ക്കാലം പിടിച്ചുകയറാനുള്ള ഏറ്റവും നല്ല അവസരമാണ് തെരഞ്ഞെടുപ്പ്. ഒരു സംസ്ഥാനത്തെങ്കിലും ബിജെപിയെ പരാജയപ്പെടുത്താനായാൽ പാർലമെന്‍റിൽ പ്രതിപക്ഷത്തിന്‍റെ ഒച്ച കൂടും. സോണിയാഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷപദത്തിൽ തുടരാനും അത് വഴിയൊരുക്കും. എല്ലാ രംഗങ്ങളിലും പിടിമുറുക്കുന്ന മോദി-അമിത് ഷാ കൂട്ടുകെട്ടിനെ ബിജെപിയിലും പുറത്തും നേരിടാൻ ആഗ്രഹിക്കുന്നവർക്ക് ഈ തെരഞ്ഞെടുപ്പിലെങ്കിലും അവരെ പരാജയപ്പെടുത്തണം.