മുംബൈ/ ഹരിയാന: മഹാരാഷ്ട്രയും ഹരിയാനയും നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോൾ ബിജെപി ക്യാമ്പ് വലിയ ആത്മവിശ്വാസത്തിലാണ്. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ ആധികാരിക വിജയം നേടുകയെന്നത് ബിജെപിക്ക് അനിവാര്യമാണ്. സാമ്പത്തിക പ്രതിസന്ധിയും സംസ്ഥാനങ്ങളിലെ പ്രാദേശിക വിഷയങ്ങളും തെരഞ്ഞെടുപ്പ് ഗോദയിൽ അധികം ചർച്ചചെയപ്പിട്ടില്ലെന്നാണ് വിലയിരുത്തൽ.

ഹരിയാനയിൽ ബിജെപിയുടെ ലക്ഷ്യം 75+

1.83 കോടി വോട്ടര്‍മാരുള്ള ഹരിയാന നിയമസഭയിലെ 90 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 16357 പോളിംഗ് ബൂത്തുകളാണ് ഹരിയാനയിൽ തെരഞ്ഞെടുപ്പിനായി ക്രമീകരിച്ചിട്ടുള്ളത്. നൂറ് പ്രശ്ന ബാധിത ബൂത്തുകളും, മൂവായിരം പ്രശ്ന സാധ്യത ബൂത്തുകളുമാണ് ഹരിയാനയിലുള്ളത്. എഴുപത്തിയയ്യായിരം സുരക്ഷാ ജീവനക്കാരെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. ബിജെപി കോണ്‍ഗ്രസ്, ജെജെപി, ഐഎന്‍എല്‍ഡി തുടങ്ങിയ കക്ഷികളാണ് ഇവിടെ മത്സരരംഗത്തുള്ളത്. 1169 സ്ഥാനാര്‍ത്ഥികൾ ഇക്കുറി ജനവിധി തേടുന്നുണ്ട്. 

മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ കര്‍ണ്ണാല്‍ പ്രേംനഗറിലും , കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ റോത്തഖിലും വോട്ട് രേഖപ്പെടുത്തും. 75ലധികം സീറ്റുകൾ നേടണമെന്നാണ് ഭരണത്തുടര്‍ച്ചയ്ക്ക് വോട്ടു ചോദിക്കുന്ന മനോഹര്‍ ലാല്‍ ഖട്ടറിന് മുന്നില്‍ കേന്ദ്ര നേതൃത്വം വച്ചിരിക്കുന്ന ലക്ഷ്യം ഇത് സാധിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് നേതൃത്വമുള്ളത്, പ്രമുഖ അഭിപ്രായ സർവ്വേകളെല്ലാം ബിജെപിക്ക് മുൻതൂക്കം പ്രവചിക്കുന്നു. 

ലോക്സഭയിലേക്ക് 58 ശതമാനം വോട്ടോടെ പത്തില്‍ പത്ത് സീറ്റും നേടാനായത് ബിജെപി ക്യാംപിന്‍റെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നു. 2014-ൽ മനോഹര്‍ ലാൽ കട്ടാറിനെ മുഖ്യമന്ത്രിയാക്കിയുള്ള ബി.ജെ.പി നീക്കം ഭരണതലത്തിലെ ജാട്ട് ആധിപത്യം തകര്‍ക്കുന്നതായിരുന്നു. ഇത്തവണയും അതേ തന്ത്രം തന്നെയാണ് പാര്‍ട്ടി പയറ്റുന്നത്. കാര്‍ഷിക പ്രശ്നങ്ങളും തൊഴിലില്ലായ്മയുമാണ് കോണ്‍ഗ്രസ് ഉൾപ്പടെ പ്രതിപക്ഷ പാര്‍ട്ടികളുടെ ആയുധം. 

രണ്ട് വട്ടം മുഖ്യമന്ത്രിയായിരുന്ന ഭൂപേന്ദര്‍ സിംഗ് ഹൂഡ തന്നെയാണ് ഇക്കുറിയും കോണ്‍ഗ്രസിനെ നയിക്കുന്നത്. സംസ്ഥാനത്തെ 46 ശതമാനത്തോളം വരുന്ന ദലിത്, ജാട്ട് വോട്ടുകളിൽ കോണ്‍ഗ്രസ് പ്രതീക്ഷ വയ്ക്കുന്നു. 19 സീറ്റുമായി നിയമസഭയിലെ മുഖ്യ പ്രതിപക്ഷ കക്ഷിയായിരുന്ന ഐഎന്‍എല്‍ഡിയ്ക്ക് ഇത്തവണ കാര്യങ്ങള്‍ എളുപ്പമല്ല. ബിജെപിയിലേക്കുള്ള നേതാക്കളുടെ കൊഴിഞ്ഞു പോക്കും ചൗട്ടാല കുടുംബത്തിലെ ഭിന്നതയും കാര്യങ്ങള്‍ വഷളാക്കുന്നു.

മഹാരാഷ്ട്രയിൽ പവാറിന്‍റെ ചെറുത്ത് നിൽപ്പ് ഫലം കാണുമോ?

നാളെ പോളിംഗ് നടക്കുന്ന മഹാരാഷ്ട്രയിൽ അവസാനവട്ട വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. ആർട്ടിക്കിൾ 370 റദ്ദാക്കിയത് തന്നെയായിരുന്നു ഇവിടെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ആയുധം. പ്രചാരണത്തിൽ കോൺഗ്രസ് പിന്നിലായപ്പോൾ എൻസിപി അധ്യക്ഷൻ ശരത് പവാറിന്റെ ഒറ്റയാൾ പോരാട്ടമാണ് മഹാരാഷ്ട്ര കണ്ടത്. 288 മണ്ഡലങ്ങളിലെ 8 കോടിയിലേറെ വരുന്ന വോട്ടർമാർ നാളെ പോളിങ്ങ് ബുത്തിൽ വിധിയെഴുതും.

പ്രചാരണത്തിന്റെ അജണ്ട നിശ്ചയിച്ചത് ബിജെപിയാണ്. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത് ചർച്ചയാക്കി സവർക്കറിന് ഭാരത രത്ന എന്ന വാഗ്ദാനം നടത്തിയാണ് ബിജെപി സഖ്യം വോട്ടർമാരെക്കണ്ടത്.  തീവ്ര ദേശീയതയിലൂന്നിയ പ്രചാരണം മുന്നേറിയപ്പോൾ കോൺഗ്രസ് ഉയർത്തിയ സംസ്ഥാനത്തെ ജനകീയ പ്രശ്നങ്ങൾ ചർച്ചയായില്ല. 

പ്രതിപക്ഷത്തെ മുന്നിൽ നിന്ന് നയിച്ചത് ശരത് പവാറാണ്. ബിജെപിയെ കടന്നാക്രമിച്ചുള്ള പവാർ റാലികളിൽ ആയിരങ്ങൾ ഒഴുകിയെത്തി. രണ്ടുതവണ രാഹുൽ മഹാരാഷ്ട്രയിൽ വന്നെങ്കിലും പ്രചാരണം ദുർബലമായിരുന്നു. സ്വന്തം ജയം ഉറപ്പിക്കാനായി സംസ്ഥാനത്തെ മുതിർന്ന നേതാക്കളായ പൃത്വിരാജ് ചവാനും അശോക് ചവാനും മണ്ഡലം വിട്ട് പുറത്തുപോയില്ല. 

20 മണ്ഡലങ്ങളിലെങ്കിലും വിമതൻമാർ ബിജെപിക്ക് വെല്ലുവിളി ഉയർത്തുണ്ട്. പല മണ്ഡലങ്ങളിലും ശിവസേനയുമായുള്ള സീറ്റ് തർക്കവും പ്രതിസന്ധിയാണ്. അതേസമയം പ്രകാശ് അംബേദ്കറിന്റെ പാർട്ടി പിടിക്കുന്ന വോട്ടുകൾ കോൺഗ്രസ് എൻസിപി സഖ്യത്തിന് തിരിച്ചടിയാകും. സംസ്ഥാനത്ത് ബിജെപി സേന സഖ്യം അധികാരം നിലനിർത്തുമെന്നാണ് അഭിപ്രായ സർവ്വെ ഫലങ്ങൾ.

ശിവസേനയും ബിജെപിയും

രണ്ടുസംസ്ഥാനങ്ങളിലും വിജയം നേടിയാൽ കശ്മീർ നയത്തിന്‍റെ വിജയമായി അത് ബിജെപി ആഘോഷിക്കും. പുറമേയ്ക്ക് ബിജെപി ശിവസേന സഖ്യത്തിൽ വലിയ ഐക്യമുണ്ടെങ്കിലും പരസ്പരം സീറ്റ് കുറയ്ക്കാനുള്ള രഹസ്യ നീക്കം ഇരുഭാഗത്ത് നിന്നുമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. മാന്ത്രികസംഖ്യയ്ക്ക് അടുത്ത് എത്തി ശിവസേനയുടെ സമ്മർദ്ദം കുറയ്ക്കേണ്ടത് ബിജെപിക്ക് അനിവാര്യമാണ്

സാമ്പത്തികരംഗത്തെ പ്രതിസന്ധിയും പിഎംസി ബാങ്ക് തകർച്ചയും പ്രതിപക്ഷം ആയുധമാക്കിയെങ്കിലും ഈ വിഷയങ്ങളിൽ ചർച്ച ഒഴിവാക്കാനായിരുന്നു ബിജെപിയുടെ ശ്രമം. സവർക്കർക്ക് ഭാരതരത്ന നല്കുന്നത് ഉയർത്തിക്കൊണ്ടു വന്നത് ഈ ലക്ഷ്യത്തോടെയാണ്

ഉത്തർപ്രദേശിലെ 11 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം യോഗി ആദിത്യനാഥിന് പ്രധാനമാണ്. ബിജെപി വലിയ വിജയം നേടിയാൽ പാർലമെൻറ് സമ്മേളനത്തിൽ കൂടുതൽ നാടകീയ നീക്കങ്ങൾ പ്രതീക്ഷിക്കാം. ദേശീയ രാഷ്ട്രീയത്തിൽ ഈ തെരഞ്ഞെടുപ്പ് ഫലത്തിന് കാര്യമായ അനക്കമൊന്നും ഉണ്ടാക്കാനാകില്ലെങ്കിലും നിലവിലെ ബിജെപിയുടെ ഏകപക്ഷീയ അന്തരീക്ഷം തുടരുമോ എന്ന് ഫലം നിർണ്ണയിക്കും.