Asianet News MalayalamAsianet News Malayalam

മഴയിൽ നനഞ്ഞ് തെറ്റ് സമ്മതിച്ച് പവാർ, മഹാരാഷ്ട്രയിൽ ആത്മവിശ്വാസത്തോടെ ബിജെപി

ലോക്സഭാ തെരഞ്ഞെടുപ്പിന് സതാരയിൽ എൻസിപി മത്സരിപ്പിച്ച ഉദയൻരാജെ ഭോസാലെ നിയമസഭാ തെര‍ഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിനെക്കുറിച്ച് - തന്‍റെ തെറ്റെന്ന് തുറന്ന് സമ്മതിക്കുന്നു പവാർ.

maharashtra assembly elections 2019 campaign ends today
Author
Satara, First Published Oct 19, 2019, 12:50 PM IST

മുംബൈ/സതാര: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കിതച്ചുനിന്നപ്പോൾ വാർധക്യത്തിന്‍റെ അവശതകൾ അവഗണിച്ച് പ്രതിപക്ഷത്തെ ഒറ്റയാനായി നിന്ന് നയിച്ച ശരദ് പവാറിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. പ്രചാരണം കൊട്ടിക്കലാശിക്കുന്നതിന് ഒരു ദിവസം മുമ്പേ, മഹാരാഷ്ട്രയിലെ സതാരയിൽ മഴ നനഞ്ഞു നിന്ന് പ്രസംഗിക്കുന്ന ശരദ് പവാറിന്‍റെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. സതാരയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥിയെ തെരഞ്ഞെടുത്തതിൽ തനിക്ക് തെറ്റ് പറ്റിയെന്ന് പ്രസംഗത്തിൽ ശരദ് പവാർ തുറന്ന് സമ്മതിക്കുന്നത് കാണാം.

ലോക്സഭാ തെരഞ്ഞെടുപ്പിന് സതാരയിൽ എൻസിപി മത്സരിപ്പിച്ച ഉദയൻരാജെ ഭോസാലെ നിയമസഭാ തെര‍ഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. ഉദയൻരാജെ ഭോസാലെയെ മത്സരിപ്പിക്കാൻ പാടില്ലായിരുന്നുവെന്നും, അത് തന്‍റെ തെറ്റെന്നും ശരദ് പവാർ തുറന്ന് സമ്മതിക്കുന്നു. മഹാരാഷ്ട്ര ഛത്രപതിയായിരുന്ന ശിവാജിയുടെ കുടുംബാംഗമാണ് ഉദയൻരാജെ ഭോസാലെ. കളംമാറി ചവിട്ടിയ ഭോസാലെക്ക് അതേ നിയമസഭാ മണ്ഡലത്തിൽ തന്നെ ബിജെപി സീറ്റും നൽകി.

''ഒരാൾ തെറ്റ് ചെയ്താൽ അത് തുറന്ന് സമ്മതിക്കണം. ഞാൻ ചെയ്തത് തെറ്റാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിൽ എനിക്ക് പിഴവ് പറ്റി. ഞാനത് തുറന്ന് സമ്മതിക്കുകയാണ്. പക്ഷേ, ആ പിഴവ് തിരുത്താൻ എനിക്ക് സന്തോഷമേയുള്ളൂ. മണ്ഡലത്തെ, അണികളെ ചതിച്ചവർക്ക് മറുപടി നൽകാൻ സതാരയിലെ ഓരോരുത്തരും കാത്തിരിക്കുകയാണ് പോളിംഗ് ദിനത്തിനായി'', എന്ന് ശരദ് പവാർ. 

മറ്റ് നേതാക്കൾ കുടയുണ്ടോ എന്ന് അന്വേഷിച്ച് മഴയിൽ നിന്ന് ഓടി രക്ഷപ്പെടാൻ നോക്കുമ്പോൾ, മഴ നനഞ്ഞ് പ്രസംഗം തുടരുകയാണ് പവാർ. ''മഴദൈവങ്ങൾ എൻസിപിക്കൊപ്പമാണ്. ആ അനുഗ്രഹത്തിനൊപ്പം ജനവും എൻസിപിക്കൊപ്പം നിൽക്കും. തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കാണാം ആ മായാജാലം'', എന്ന് പവാർ. 

ആഞ്ഞടിച്ച് മോദി, കളം നിറഞ്ഞ് ഫട്‍നവിസും സേനയും

അതേസമയം, എൻസിപിക്കും നാഥനില്ലാതെ വിയർക്കുന്ന കോൺഗ്രസിനും എതിരെ ആരോപണങ്ങൾ കടുപ്പിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്മീരും തീവ്രവാദവും തന്നെയായിരുന്നു അവസാനദിന പ്രചാരണത്തിലും മോദിയും അമിത് ഷായും ഉയർത്തിക്കാട്ടിയത്. സതാരയിലെ തെരഞ്ഞെടുപ്പിൽ ധൈര്യത്തോടെ കളത്തിലിറങ്ങാൻ പോലും കോൺഗ്രസിനായില്ലെന്ന് മോദി പരിഹസിച്ചു. 

മൂന്ന് തവണ മഹാരാഷ്ട്രയിലെത്തിയ മോദിയും 17 റാലികളിൽ സംസാരിച്ച അമിത് ഷായും തീവ്രദേശീയതയിലൂന്നിയാണ് പ്രസംഗിച്ചത്. നെഹ്റുവിന് സംഭവിച്ച പിഴവ് തിരുത്താന്‍ 56 ഇഞ്ച് നെഞ്ചളവുള്ളയാള്‍ വരേണ്ടി വന്നുവെന്ന അമിത് ഷായുടെ പ്രസ്താവനയും അണികളിൽ ആവേശമുയർത്തി, വിവാദവുമായി.

സമാന്തരമായി മുഖ്യമന്ത്രി ഫട്നവിസ് വികസന നേട്ടങ്ങളെണ്ണി സംസ്ഥാനത്തൊട്ടാകെ പര്യടനം നടത്തി. ഉദ്ധവ് താക്കറെ ശിവസേന ശക്തികേന്ദ്രങ്ങളിൽ പ്രചാരണം നയിച്ചു. നരേന്ദ്ര ദേവേന്ദ്ര വികസന മാതൃക ഉയര്‍ത്തിക്കാട്ടുന്നതിലും ബിജെപി നേതൃത്വം വിജയിച്ചു.
സീറ്റ് വീതം വെക്കുന്നതിലുള്‍പ്പെടെ പല  പ്രശ്നങ്ങളും മഹായുതിയില്‍ ഉണ്ടായിരുന്നു.  ആദിത്യ താക്കറെ മുഖ്യമന്ത്രിയാകുമെന്ന തരത്തില്‍ ശിവസേന വക്താവും രാജ്യസഭ എംപിയുമായ സഞ്ജയ് റാവത്ത് പ്രസ്താവന നടത്തിയത് മഹായുതിക്കുള്ളിലെ അഭിപ്രായ ഭിന്നതയുടെ അടയാളമായി. എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്ത് വിവാദങ്ങളെയൊക്ക മാറ്റി നിര്‍ത്തുന്നതില്‍ ബിജെപി നേതൃത്വം വിജയിച്ചു.

കോണ്‍ഗ്രസ് കിതച്ചപ്പോള്‍ മുന്നിൽ നിന്ന് നയിച്ചത് ശരത് പവാറാണ്. സംസ്ഥാനത്തൊട്ടാകെ  രണ്ടാഴ്ച പവാർ പര്യടനം നടത്തി. ബിജെപിയെ കടന്നാക്രമിച്ചുള്ള പവാർ റാലികളിൽ ആയിരങ്ങൾ ഒഴുകിയെത്തി. സംസ്ഥാനത്തെ മുതിർന്ന കോണ്‍ഗ്രസ് നേതാക്കളായ പൃഥ്വിരാജ് ചവാനും അശോക് ചവാനും  സ്വന്തം മണ്ഡലത്തിന് പുറത്തേക്ക് തീരെ സജീവമായതുമില്ല. ഇപ്പോഴും ഗ്രാമീണ മണ്ഡലങ്ങളില്‍ പലയിടത്തും എന്‍സിപി ശക്തമായ വിജയ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. ചില പ്രദേശങ്ങളിലെങ്കിലും കോണ്‍ഗ്രസും ശക്തമാണ്. ഇതുകൊണ്ടൊക്കെ തന്നെ മഹാരാഷ്ട്രയില്‍ ശരത് പവാറിന്റെ പ്രചാരണം നിര്‍ണായകമാകുന്നതും.

Follow Us:
Download App:
  • android
  • ios