ശനിയാഴ്‌ച്ച ഉച്ചയ്‌ക്ക്‌ ശേഷമാണ്‌ ബല്ലാവ്‌പൂര്‌ ഗ്രാമത്തിലൂടെ മമതാ ബാനര്‍ജിയുടെ വാഹനവ്യൂഹം കടന്നുപോയപ്പോള്‍ ഒരുകൂട്ടം യുവാക്കള്‍ ജയ്‌ ശ്രീറാം എന്ന്‌ മുദ്രാവാക്യം വിളിച്ചത്‌.

കൊല്‍ക്കത്ത: തനിക്ക്‌ നേരെ 'ജയ്‌ ശ്രീറാം' മുദ്രാവാക്യം വിളിച്ചവര്‍ക്ക്‌ മുന്നറിയിപ്പുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാമര്‍ജി രംഗത്ത്‌. അങ്ങനെയൊക്കെ മുദ്രാവാക്യം വിളിക്കുന്നവര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ശേഷവും ബംഗാളില്‍ ജീവിക്കേണ്ടവരാണെന്ന്‌ മറന്നുപോകരുത്‌ എന്നായിരുന്നു മമതയുടെ പ്രസ്‌താവന.

ശനിയാഴ്‌ച്ച ഉച്ചയ്‌ക്ക്‌ ശേഷമാണ്‌ ബല്ലാവ്‌പൂര്‌ ഗ്രാമത്തിലൂടെ മമതാ ബാനര്‍ജിയുടെ വാഹനവ്യൂഹം കടന്നുപോയപ്പോള്‍ ഒരുകൂട്ടം യുവാക്കള്‍ 'ജയ്‌ ശ്രീറാം' എന്ന്‌ മുദ്രാവാക്യം വിളിച്ചത്‌. അതുകേട്ട്‌ മമത വാഹനം നിര്‍ത്തി പുറത്തിറങ്ങി. മുഖ്യമന്ത്രി പുറത്തിറങ്ങുന്നത്‌ കണ്ട്‌ യുവാക്കള്‍ ഓടിപ്പോകാന്‍ ശ്രമിച്ചെങ്കിലും വാക്കുകള്‍ കൊണ്ട്‌ മമത അവരെ തടഞ്ഞുനിര്‍ത്തുകയും ശാസിക്കുകയും ചെയ്‌തു. റോഡരികിലുള്ള ചിലര്‍ മോശമായി സംസാരിച്ചെന്നും മമത ആരോപിച്ചിരുന്നു.ജയ്‌ശ്രീറാം എന്നത്‌ മോശം വാക്കല്ലല്ലോ എന്നും പിന്നെന്തിനാണ്‌ മമതാ ബാനര്‍ജി അതുകേട്ട്‌ ദേഷ്യപ്പെടുന്നതെന്നുമായിരുന്നു സംഭവത്തോട്‌ ബിജെപിയുടെ പ്രതികരണം.

പിന്നീട്‌ പടിഞ്ഞാറന്‍ മിഡ്‌നാപ്പൂരില്‍ തെരഞ്ഞെടുപ്പ്‌ റാലിയില്‍ പങ്കെടുക്കുമ്പോഴാണ്‌ 'ജയ്‌ ശ്രീറാം' മുദ്രാവാക്യം വിളിക്കുന്നവര്‍ക്ക്‌ മമത മുന്നറിയിപ്പ്‌ നല്‍കിയത്‌. അത്തരം മുദ്രാവാക്യങ്ങളിലൊന്നും തനിക്ക്‌ പേടിയില്ല. അങ്ങനെയുള്ള പ്രവര്‍ത്തികളിലേര്‍പ്പെടുന്നവര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ശേഷവും ബംഗാളില്‍ത്തന്നെ ജീവിക്കേണ്ടവരാണെന്ന്‌ മറന്നുപോവരുതെന്നും മമത പറഞ്ഞു. ബിജെപിയെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മമതയുടെ പരാമര്‍ശം. നിരാശരായ ബിജെപി ബംഗാളില്‍ തങ്ങളാലാവും വിധമൊക്കെ കാപട്യം സൃഷ്ടിക്കുകയാണെന്ന്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ പിന്നീട്‌ ട്വീറ്റ്‌ ചെയ്യുകയും ചെയ്‌തു.

Scroll to load tweet…