മമതാ സര്‍ക്കാരിന് കീഴില്‍ ബംഗാളില്‍ ഒരു മാറ്റവും സംഭവച്ചിട്ടില്ലെന്നും വികസനങ്ങള്‍ ഉണ്ടായിട്ടില്ലെന്നും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് റാലിയില്‍ ആരോപിച്ചിരുന്നു. 

കൊല്‍ക്കത്ത: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാഹുല്‍ ഗാന്ധി വെറുമൊരു കുട്ടിയാണെന്നും അദ്ദേഹത്തിന്‍റെ ആരോപണങ്ങളില്‍ പ്രതികരിക്കാന്‍ താത്പര്യമില്ലെന്നും മമത ബാനര്‍ജി അഭിപ്രായപ്പെട്ടു. 

ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് മമത രംഗത്തെത്തിയത്.

മമതാ സര്‍ക്കാരിന് കീഴില്‍ ബംഗാളില്‍ ഒരു മാറ്റവും സംഭവച്ചിട്ടില്ലെന്നും വികസനങ്ങള്‍ ഉണ്ടായിട്ടില്ലെന്നും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് റാലിയില്‍ ആരോപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അവരുടെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഈ ആരോപണങ്ങള്‍ക്കുള്ള പ്രതികരണം തേടിയപ്പോഴാണ് രാഹുല്‍ ഗാന്ധി അദ്ദേഹത്തിന് ഇഷ്ടമുള്ളത് പറയട്ടെയെന്നും അദ്ദേഹം വെറും കുട്ടിയാണെന്നും മമത പറഞ്ഞത്.

അതേസമയം സോണിയ ഗാന്ധിയുമായി നല്ല അടുപ്പം പുലര്‍ത്തിയിരുന്ന മമത ബാനര്‍ജി കഴിഞ്ഞ മാസം പാര്‍ലമെന്‍റില്‍ ബംഗാളില്‍ നിന്നുളള കോണ്‍ഗ്രസ് നേതാവുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതോടെ സോണിയയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണു. ഇതിന് പിന്നാലെ ബംഗാളിലും ദില്ലിയിലും കോണ്‍ഗ്രസുമായി സഖ്യം ഇല്ലെന്നും പരസ്പരം മത്സരിക്കുമെന്നും മമത പ്രഖ്യാപിച്ചു.