മണ്ണ് കൊണ്ടുണ്ടാക്കിയ കല്ലുവച്ച രസഗുള മോദിക്ക് ബംഗാള്‍ നല്‍കുമെന്നാണ് മമതയുടെ പ്രതികരണം. അസൻ സോളിലെ പാര്‍ട്ടി റാലിയിലായിരുന്നു മമതയുടെ മറുപടി.
ദില്ലി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തനിക്ക് എല്ലാ വര്‍ഷവും കുര്‍ത്തയും മധുര പലഹാരങ്ങളും സമ്മാനമായി അയക്കാറുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് മമത. മണ്ണ് കൊണ്ടുണ്ടാക്കിയ കല്ലുവച്ച രസഗുള മോദിക്ക് ബംഗാള്‍ നല്‍കുമെന്നാണ് മമതയുടെ പ്രതികരണം. അതേസമയം വോട്ടര്‍മാരെ ഭീഷണിപ്പെടുത്താൻ മമത അഹ്വാനം ചെയ്തെന്ന് ആരോപിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
വ്യക്തി ജീവിതത്തെക്കുറിച്ച് വിശദീകരിച്ച് നടൻ അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തിലാണ് തനിക്ക് കുര്‍ത്തയും മധുരവും മമത അയച്ച് തരാറുണ്ടെന്ന് മോദി പറഞ്ഞത്.
Also Read:'സ്പീഡ് ബ്രേക്കർ ദീദി' അല്ല, കുർത്ത അയക്കുന്ന 'ദീദി': മമതയെക്കുറിച്ച് മോദി പറഞ്ഞതിങ്ങനെ
ബംഗാളിൽ മമതയെ തറപറ്റിച്ച് സീറ്റ് പിടിക്കാനുള്ള ബിജെപി ശ്രമത്തിനിടെയാണ് പ്രതിപക്ഷത്തെ തന്‍റെ സുഹൃത്തുക്കളിൽ ഒരാളാണ് മമതയെന്ന മോദി വെളിപ്പെടുത്തിയത്. കനത്ത പോരിനിടയിലെ മോദിയുടെ പരാമര്‍ശം മമതയ്ക്ക് മധുരിച്ചില്ല.
അസൻ സോളിലെ പാര്‍ട്ടി റാലിയിൽ മമതയുടെ മറുപടി ഇങ്ങനെ: 'നമ്മള്‍ മോദിക്ക് ബംഗാളിൽ നിന്ന് രസഗുള കൊടുക്കും. മോദിക്കായി മണ്ണു കൊണ്ട് മധുര പലഹാരം ഉണ്ടാക്കും. ലഡുവിൽ കശുവണ്ടിവയ്കുന്നത് പോലെ കല്ലുകള്‍ വയ്ക്കും. മോദിയുടെ പല്ലു പൊട്ടും.'
നേരത്തെ ബംഗാളിൽ വരാതിരുന്ന മോദി തെരഞ്ഞെടുപ്പായപ്പോള്‍ വോട്ടിനായാണ് വരുന്നതെന്നും മമത വിമര്‍ശിച്ചു. ബിജെപിയും ഒട്ടും മയപ്പെടുത്തുന്നില്ല. കഴിഞ്ഞ ദിവസം ബിര്‍ബും ജില്ലിയിലെ റാലിയിൽ വോട്ടര്‍മാരെ ഭീഷണിപ്പെടുത്താൻ തൃണമൂൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് മമത ആവശ്യപ്പെട്ടെന്നാണ് ബിജെപി പരാതി. പെരുമാറ്റച്ചട്ടം ലംഘിച്ച മമതയ്ക്കെതിരെ കടുത്ത നടപടി വേണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് പാര്‍ട്ടി ആവശ്യപ്പെട്ടു.
