കൊല്‍ക്കത്ത: നാല്പത് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാദ പരാമര്‍ശത്തില്‍ അദ്ദേഹത്തെ വെല്ലുവിളിച്ച് തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി. അങ്ങനെ ബിജെപിയിലേക്ക് വരാന്‍ തയ്യാറായി നില്‍ക്കുന്ന ഒരാളെയെങ്കിലും കാണിച്ചു തരാമോ എന്നാണ് മമത മോദിയെ വെല്ലുവിളിച്ചത്. 

"എന്‍റെ പാര്‍ട്ടി നിങ്ങളുടേത് പോലെ മോഷ്ടിക്കുന്ന പാര്‍ട്ടിയല്ല. ഭരണഘടനയുടെ സംരക്ഷകനെന്ന് പറയാന്‍  നിങ്ങള്‍ക്ക് നാണമില്ലേ? ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് കൊണ്ട് ഭരണഘടനയ്ക്കെതിരായി പ്രവര്‍ത്തിക്കുകയാണ് നിങ്ങള്‍ പ്രധാനമന്ത്രിയായിരിക്കാന്‍ നിങ്ങള്‍ക്കൊരു യോഗ്യതയുമില്ല."മോദി രാഷ്ട്രീയകുതിരക്കച്ചവടം നടത്തുകയാണെന്നാരോപിച്ച് മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയ്ക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ വിവാദപരാമര്‍ശം. മെയ് 23ന് ബംഗാളില്‍ എല്ലായിടത്തും താമര വിരിയുമെന്നും തൃണമൂലിന്‍റെ 40 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്നുമാണ് മോദി പറഞ്ഞത്. തൃണമൂല്‍ എംഎല്‍എമാര്‍ തന്നെ ഇപ്പോഴും ബന്ധപ്പെടാറുണ്ടെന്നും മോദി പറഞ്ഞു.  തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അദ്ദേഹത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുമുണ്ട്.