പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ത്യയുടെ പ്രതിച്ഛായ മാറ്റിയത്. അദ്ദേഹമാണ് ഇന്ത്യയുടെ വിജയത്തിന് പിന്നിലെന്നും സുധീന്ദ്ര പറഞ്ഞു.

മം​ഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാൻ 41-കാരൻ സിഡ്നി വിമാനത്താവളത്തിലെ ജോലി വിട്ടു. മം​ഗളൂരു സൂരത്ത്ക്കൽ സ്വദേശി സുധീന്ദ്ര ഹെബ്ബാറാണ് തന്റെ ആരാധകപാത്രമായ മോദിക്ക് വോട്ട് ചെയ്യുന്നതിനായി ജോലി വിട്ട് നാട്ടിൽ വന്നിരിക്കുന്നത്.

കഴിഞ്ഞ വർഷമാണ് സിഡ്നി വിമാനത്താവളത്തിൽ സ്ക്രീനിങ് ഓഫീസറായി സുധീന്ദ്ര ജോലിയിൽ കയറിയത്. ഏപ്രിലിൽ അവധിക്ക് നാട്ടിൽ വരാൻ തീരുമാനിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്ന അതിയായ ആ​ഗ്രഹം ഉണ്ടായിരുന്നു. എന്നാൽ ഈസ്റ്ററും റമദാനും ആയതിനാൽ യാത്രക്കാരുടെ വൻ തിരക്ക് അനുഭവപ്പെട്ടു. അതിനാൽ അവധി നീട്ടി കിട്ടിയില്ല. ഏപ്രിൽ അഞ്ച് മുതൽ 12 വരെ മാത്രമേ അവധി കിട്ടിയുള്ളു. എന്നാൽ വോട്ട് ചെയ്യണമെന്ന ആ​ഗ്രഹമുള്ളത് കൊണ്ട് നാട്ടിലേക്ക് വരാതിരിക്കാൻ കഴിഞ്ഞില്ല, സുധീന്ദ്ര പറഞ്ഞു.

സിഡ്നിയിൽവച്ച് യൂറോപ്യൻസ്, പാകിസ്ഥാനികൾ തുടങ്ങി ലോകത്തിലെ പലഭാ​ഗത്തുനിന്നുമുള്ള ആളുകളുമായി ഇടപ്പെടാറുണ്ട്. ഇന്ത്യയ്ക്ക് വലിയ ഭാവിയുണ്ടെന്ന് അവരൊക്കെ പറയുമ്പോൾ എനിക്ക് അഭിമാനം തോന്നാറുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ത്യയുടെ പ്രതിച്ഛായ മാറ്റിയത്. അദ്ദേഹമാണ് ഇന്ത്യയുടെ വിജയത്തിന് പിന്നിൽ. തീർച്ചയായും, എന്റെ മാതൃരാജ്യം സംരക്ഷിക്കാൻ എനിക്കൊരിക്കലും അതിർത്തിയിൽ പോകാൻ കഴിയില്ല. എന്റെ അവകാശം സംരക്ഷിക്കാനും വോട്ട് ചെയ്യുക എന്ന കടമ നിർവ്വഹിക്കാനും മാത്രമേ എനിക്ക് കഴിയുകയുള്ളു.

ജോലിയെക്കുറിച്ച് പറയുകയാണെങ്കിൽ, ഞാൻ ഓസ്ട്രേലിയയിലെ പെർമനെന്റ് റെസിഡൻസി കാർഡ് ഉടമയാണ്. തന്റെ ഭാര്യ ഫിജി സ്വദേശിയാണ്. സിഡ്നി വിമാനത്താവളത്തിൽ ജോലി ചെയ്യുന്നതിന് മുമ്പ് സിഡ്നിയിലെ റെയിൽവെയിൽ ജോലി ചെയ്തിട്ടുണ്ട്. മറ്റൊരു ജോലി കണ്ടെത്തുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം ഒരു വിഷയമേ അല്ല. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമേ തിരിച്ച് സിഡ്നിക്കുള്ളുവെന്നും സുധീന്ദ്ര വ്യക്തമാക്കി. 2014-ലാണ് സുധീന്ദ്ര ആദ്യമായി ഓസ്ട്രേലിയയിലേക്ക് പറന്നത്.