'എനിക്ക് ഒരു പാർട്ടിയുമായി ബന്ധമില്ല. ആരും പറഞ്ഞിട്ടല്ല ഞാൻ അദ്ദേഹത്തെ മർദ്ദിച്ചത്. പൊലീസ് തന്നോട് മോശമായി പെരുമാറിയിട്ടില്ല. നിങ്ങള്‍ ചെയ്തത് തെറ്റായിപ്പോയെന്ന് മാത്രമാണ് പൊലീസ് പറഞ്ഞത്'- സുരേഷ് പറഞ്ഞു.
ദില്ലി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മുഖത്തടിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ആക്രമി സുരേഷ്. എന്തിനാണ് താൻ കെജ്രിവാളിനെ മർദ്ദിച്ചതെന്ന് അറിയില്ലെന്നും അത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നുവെന്നും സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
'എനിക്ക് ഒരു പാർട്ടിയുമായി ബന്ധമില്ല. ആരും പറഞ്ഞിട്ടല്ല അദ്ദേഹത്തെ മർദ്ദിച്ചത്. പൊലീസ് തന്നോട് മോശമായി പെരുമാറിയിട്ടില്ല. നിങ്ങള്‍ ചെയ്തത് തെറ്റായിപ്പോയെന്ന് മാത്രമാണ് പൊലീസ് പറഞ്ഞത്'- സുരേഷ് പറഞ്ഞു. ദില്ലി മോത്തി ബാഗിൽ റോഡ് ഷോയ്ക്കിടെ യുവാവ് ജീപ്പിലേക്ക് ചാടിക്കയറി കെജ്രിവാളിന്റെ മുഖത്ത് അടിക്കുകയായിരുന്നു.
തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നോർത്ത് - ഈസ്റ്റ് ദില്ലിയിലെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ മനോജ് തിവാരി നല്ല നർത്തകനാണെന്നും, നർത്തകരെയല്ല, നല്ല രാഷ്ട്രീയക്കാരെയാണ് നാടിനാവശ്യമെന്നും കെജ്‍രിവാൾ പറഞ്ഞിരുന്നു. ഇതിൽ പ്രകോപിതനായാണ് യുവാവ് ആക്രമണം നടത്തിയതെന്നായിരുന്നു സൂചന.
ആക്രമണത്തെ ആം ആദ്മി പാർട്ടി അപലപിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. കേന്ദ്രസർക്കാരിന്‍റെ കീഴിലുള്ള ദില്ലി പൊലീസ് മുഖ്യമന്ത്രിക്ക് വേണ്ട സുരക്ഷയൊരുക്കുന്നതിൽ വരുത്തിയ വീഴ്ചയാണിതെന്നും ഈ ഭീരുത്വത്തെ അപലപിക്കുന്നതായും പാർട്ടി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞു.
