കാസർകോട്: ഉപതെര‍ഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഇന്ന് ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റി അന്തിമ തീരുമാനമെടുക്കും. മുൻ എംഎൽഎയും സിപിഎം സംസ്ഥാനസമിതി അം​ഗവുമായ സി എച്ച് കുഞ്ഞമ്പുവിന്റെ പേരായിരുന്നു ആദ്യം പരിഗണിച്ചിരുന്നതെങ്കിലും ഇക്കാര്യത്തിൽ മാറ്റം വന്നേക്കുമെന്നാണ് സൂചന. സിപിഎം ജില്ലാ കമ്മറ്റി അംഗവും യക്ഷഗാന കലാകാരനുമായ ശങ്കർ റായിയുടെ പേരാണ് ഇപ്പോൾ സജീവമായി പരിഗണിക്കുന്നത്.

കോൺഗ്രസ് നേതാവ് സുബ്ബയ്യ റായിയെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി ചരടുവലി ശക്തമാക്കിയ സാഹചര്യത്തിൽ കൂടിയാണ് സിപിഎം നേതൃത്വത്തിന്റെ ഈ മനം മാറ്റം. ശങ്കർ റായിയെ സ്ഥാനാർത്ഥിയാക്കിയാൽ ഭാഷാന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ കൂടി ഉറപ്പാക്കാക്കാമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ കുഞ്ഞമ്പുവിന്‍റെ പേര് മാത്രമായിരുന്നു സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചത്. മറ്റാരുടേയും പേര് ഉയര്‍ന്നു വരാത്ത സാഹചര്യത്തില്‍ കുഞ്ഞമ്പുവിനെ തന്നെയാവും മഞ്ചേശ്വരം തിരികെ പിടിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തുക എന്നായിരുന്നു സൂചന. എന്നാൽ, മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയായി കുഞ്ഞമ്പുവെന്ന് ഏതാണ്ട് ഉറപ്പിച്ച സാഹചര്യത്തിലാണ് പുതിയ സ്ഥാനാർത്ഥിയുടെ പേര് ഉയർന്ന് കേൾക്കുന്നത്. സിഎച്ച് കുഞ്ഞമ്പു, ശങ്കർ എന്നിവരെ കൂടാതെ കെആർ ജയാനന്ദന്റെ പേരും പാർട്ടിക്ക് മുന്നിൽ ഉണ്ടായിരുന്നു. 

 1987 മുതല്‍ തുടര്‍ച്ചയായി മഞ്ചേശ്വരത്ത് ജയിച്ചു വന്ന ചേര്‍ക്കളം അബ്ദുള്ളയെ അട്ടിമറിച്ചാണ് 2006-ല്‍ സിഎച്ച് കുഞ്ഞമ്പു മഞ്ചേശ്വരത്ത് ജയിച്ചത്. മുസ്ലീം ലീഗിനുള്ളില്‍ നിലനിന്ന ആഭ്യന്തര തര്‍ക്കങ്ങളാണ് അന്ന് മഞ്ചേശ്വരം പിടിക്കാന്‍ എല്‍ഡിഎഫിന് തുണയായത്. ഇപ്പോള്‍ വീണ്ടും അത്തരമൊരു രാഷ്ട്രീയസാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ ലീഗില്‍ ഉടലെടുത്ത ഭിന്നത മുതലാക്കാന്‍ സാധിക്കുന്ന ആളെന്ന നിലയില്‍ കുഞ്ഞമ്പുവാണ് മഞ്ചേശ്വരത്ത് നിര്‍ത്താന്‍ പറ്റിയ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി എന്ന വിലയിരുത്തലിലായിരുന്നു സിപിഎം എന്നായിരുന്നു സൂചന.