Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിലക്ക്: നടപടി ജനാധിപത്യ വിരുദ്ധം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മായാവതി

വിദ്വേഷ പരാമർശം നടത്തിയെന്ന് പ്രചരിപ്പിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമായി കമ്മീഷൻ കൈക്കോർത്തതായും മായാവതി ആരോപിച്ചു. 

Mayawati Targets ELECTION Commission
Author
New Delhi, First Published Apr 16, 2019, 9:20 AM IST

ദില്ലി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിലക്കേര്‍പ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി ജനാധിപത്യ വിരുദ്ധവുമാണെന്ന് ബിഎസ്പി നേതാവ് മായാവതി. വിദ്വേഷ പരാമർശം നടത്തിയെന്ന് പ്രചരിപ്പിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമായി കമ്മീഷൻ കൈക്കോർത്തതായും മായാവതി ആരോപിച്ചു. ലഖ്‌നൗവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവർ.

കമ്മീഷന്റെ തീരുമാനം വളരെ ധൃതിപിടിച്ചതും സ്വാധീനിക്കപ്പെട്ടതുമാണ്. താൻ ജാതിയുടെ പേര് പറഞ്ഞ് വോട്ട് പിടിച്ചിട്ടില്ല. വോട്ട് ഭിന്നിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ മുസ്ലിങ്ങളോട് ആവശ്യപ്പെട്ടതാണ്. ഏതെങ്കിലും മതത്തിനെതിരെ പ്രസ്താവനകൾ നടത്തിയിട്ടില്ലെന്നും തീരുമാനം പുനഃപരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്നും മായാവതി പറഞ്ഞു. 
 
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വിവാദ പ്രസംഗങ്ങള്‍ നടത്തിയതിന്റെ പേരില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 72 മണിക്കൂറും മായാവതിക്ക് 48 മണിക്കൂറുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം പ്രചാരണ വിലക്കേര്‍പ്പെടുത്തിയത്. സഹാരൻപൂരിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ 'മുസ്ലീം സഹോദരീ സഹോദരൻമാരേ, നിങ്ങളുടെ വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. മുസ്ലിങ്ങളുടെ വോട്ടുകൾ ഭിന്നിക്കരുത്', എന്ന് പ്രസംഗിച്ചതിനാണ് മായാവതിയ്ക്ക് വിലക്കേർപ്പെടുത്തിയത്. 

ദൈവങ്ങളുടെ പേര് പറഞ്ഞ് വോട്ടു പിടിക്കരുതെന്നും വർഗീയധ്രുവീകരണം നടത്തുന്ന പ്രസംഗം നടത്തരുതെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാതൃകാ പെരുമാറ്റച്ചട്ടത്തിൽ കൃത്യമായി പറയുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് മായാവതിക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.  

Follow Us:
Download App:
  • android
  • ios