19 ലക്ഷത്തിലധികം വരുന്ന വ്യാപാരികള്‍ ദില്ലിയിലെ പ്രധാന വോട്ട് ബാങ്കുകളിൽ ഒന്നാണ്. ഈ മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന മുപ്പത് ലക്ഷത്തിലേറെ തൊഴിലാളികളുണ്ട്. ചാന്ദ്നി ചൗക്കിലും ന്യൂദില്ലിയിലും 40 ശതമാനത്തിലേറെയും വ്യാപാരി വോട്ടുകളാണ്. മറ്റു മണ്ഡലങ്ങളിലും ഇവരുടെ വോട്ടുകള്‍ നിര്‍ണായകമാണ്.

ദില്ലി: ശക്തമായ ത്രികോണ മത്സരം നടക്കുന്ന ദില്ലിയിൽ വ്യാപാരികളുടെ വോട്ട് നിർണ്ണായകമാണ്. അനധികൃത വാണിജ്യകെട്ടിടങ്ങൾ സീൽ വെച്ചതടക്കം ഇവിടെ തെരഞ്ഞെടുപ്പ് വിഷയമാണ്. 

19 ലക്ഷത്തിലധികം വരുന്ന വ്യാപാരികള്‍ ദില്ലിയിലെ പ്രധാന വോട്ട് ബാങ്കുകളിൽ ഒന്നാണ്. ഈ മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന മുപ്പത് ലക്ഷത്തിലേറെ തൊഴിലാളികളുണ്ട്. ചാന്ദ്നി ചൗക്കിലും ന്യൂദില്ലിയിലും 40 ശതമാനത്തിലേറെയും വ്യാപാരി വോട്ടുകളാണ്. മറ്റു മണ്ഡലങ്ങളിലും ഇവരുടെ വോട്ടുകള്‍ നിര്‍ണായകമാണ്.

സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ മേല്‍നോട്ടത്തിൽ ആറായിരത്തോളം അനധികൃത വ്യാപാരകേന്ദ്രങ്ങളാണ് കുടിയൊഴിപ്പിച്ചത്. നഗരസഭകള്‍ ഭരിക്കുന്നത് ബിജെപിയാണ്. കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ ഇതിനെതിരെ ഒന്നും ചെയ്തില്ലെന്ന പരാതിയാണ് വ്യാപാരികള്‍ക്ക്. നോട്ട് നിരോധനവും ജിഎസ്ടിയും ഏൽപ്പിച്ച ആഘാതവും ഈ തെരഞ്ഞെടുപ്പിൽ വിഷയമാകുമെന്ന് പറയുന്നു വ്യാപാരികൾ. 

അധികാരത്തിലെത്തിയാല്‍ 10 ദിവസത്തിനുള്ളില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന വാഗ്ദാനമാണ് കോണ്‍ഗ്രസ് നൽകുന്നത്. വ്യാപാരികളുടെ പ്രതിനിധിയായ ബ്രിജേഷ് ഗോയലിനെ ന്യൂദില്ലിയില്‍ സ്ഥാനാര്‍ത്ഥിയാക്കി കച്ചവടക്കാരെ ആം ആദ്മിയിലേക്ക് അടുപ്പിക്കാനാണ് കെജ്രിവാളിന്‍റെ ശ്രമം. മാസ്റ്റര്‍പ്ലാനില്‍ ഭേദഗതി വരുത്തി കോടതിക്ക് സമര്‍പ്പിച്ചിരിക്കുകയാണെന്ന മറുപടിയാണ് ബിജെപിയുടേത്.