Asianet News MalayalamAsianet News Malayalam

ഗോവയിൽ വീണ്ടും രാഷ്ട്രീയനാടകം: രണ്ട് ഘടകകക്ഷി എംഎൽഎമാർ ബിജെപിയിൽ, ഉപമുഖ്യമന്ത്രിയെ മാറ്റി

അർദ്ധരാത്രി രണ്ട് മണിക്കാണ് മഹാരാഷ്ട്ര ഗോമന്തക് പാർട്ടി - 2 എന്ന പാർട്ടി രൂപീകരിച്ചതായി 2 എംഎൽഎമാർ വ്യക്തമാക്കിയത്. ഇതോടെ മുന്നണിയിൽ നിന്ന് വില പേശിയ ഇതേ ഘടകക്ഷിയിൽ നിന്നുള്ള ഉപമുഖ്യമന്ത്രി അപ്രസക്തനായി. 

midnight Drama In Goa Again As BJP Gains Two Lawmakers From Ally
Author
Panaji, First Published Mar 27, 2019, 2:21 PM IST

പനാജി: മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മരണശേഷം രാഷ്ട്രീയനാടകങ്ങൾ തുടരുന്ന ഗോവയിൽ ഉപമുഖ്യമന്ത്രിയെ മാറ്റി. ഘടകകക്ഷിയിൽ നിന്നുള്ള രണ്ട് ഭരണകക്ഷി എംഎൽഎമാർ ബിജെപിയിൽച്ചേർന്നതോടെയാണ് അപ്രസക്തനായ ഉപമുഖ്യമന്ത്രിയെ മാറ്റിയത്.

അർദ്ധരാത്രി രണ്ട് മണിക്കാണ് മഹാരാഷ്ട്ര ഗോമന്തക് പാർട്ടി - 2 എന്ന പാർട്ടി രൂപീകരിച്ചതായി മഹാരാഷ്ട്ര ഗോമന്തക് പാർട്ടി എന്ന ഘടകകക്ഷിയിൽ നിന്നുള്ള 2 എംഎൽഎമാർ വ്യക്തമാക്കിയത്. എംജിപിയുടെ മനോഹർ അജ്‍ഗാവ്‍ങ്കർ, ദീപക് കൗസ്‍കർ എന്നിവരാണ് ഭിന്നിച്ച് വന്ന് വേറെ പാർട്ടി രൂപീകരിച്ച് ബിജെപിയിൽ ചേർന്നത്. ഇതോടെ മുന്നണിയിൽ നിന്ന് വില പേശിയ ഇതേ ഘടകക്ഷിയിൽ നിന്നുള്ള ഉപമുഖ്യമന്ത്രി അപ്രസക്തനായി. 

പരീക്കറുടെ സംസ്കാരച്ചടങ്ങുകൾക്ക് ശേഷം അർദ്ധരാത്രി രണ്ട് മണിക്കാണ് ഗോവ മുഖ്യമന്ത്രിയായി ബിജെപി എംഎൽഎയും സ്പീക്കറുമായിരുന്ന പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്യുന്നത്. 

നേരിയ ഭൂരിപക്ഷത്തിൽ സർക്കാർ നിലനിർത്തുന്ന ബിജെപിക്ക് എംഎൽഎമാരെ മറുകണ്ടം ചാടിച്ച് സ്വന്തം ക്യാംപിലെത്തിയത് വലിയ നേട്ടമാണ്. നേരിയ ഭൂരിപക്ഷത്തിലാണ് ഗോവയിൽ ബിജെപി സഖ്യകക്ഷി സർക്കാർ നിലനിൽക്കുന്നത്. നാൽപതംഗ നിയമസഭയിൽ 14 എംഎൽമാരുള്ള കോണ്‍ഗ്രസാണ് ഏറ്റവും വലിയ കക്ഷി. 13 സീറ്റുകളാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. പരീക്കറുടെ മരണത്തോടെ നിയമസഭയിലെ ബിജെപിയുടെ അംഗബലം 12-ലേക്ക് ചുരുങ്ങി. ആറ് ഘടകകക്ഷി എംഎൽഎമാരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയിലാണ് ബിജെപി സർക്കാരിനെ താങ്ങിനിർത്തിയിരുന്നത്. 

ഈ സാഹചര്യം ഘടകകക്ഷികളായ മഹാരാഷ്ട്രാവാദി ഗോമന്തക് പാർട്ടി, ഗോവാ ഫോർവേഡ് പാർട്ടി എന്നിവർ നന്നായി മുതലെടുത്തു. മുഖ്യമന്ത്രിസ്ഥാനത്തിന് ഇരു കക്ഷികളും അവകാശവാദം ഉന്നയിച്ചു. എന്നാൽ ഇത് ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്ക് താൽപ്പര്യമുണ്ടായിരുന്നില്ല. മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി നേതാവ് സുധീപ് ധാവാലികർ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒടുവിൽ രണ്ട് പാർട്ടികൾക്കും ഉപമുഖ്യമന്ത്രിസ്ഥാനം നൽകി തൃപ്തിപ്പെടുത്തുകയായിരുന്നു.

എന്നാലിപ്പോൾ രണ്ട് എംഎൽഎമാർ സ്വന്തം പാളയത്തിലേക്ക് വന്നതോടെ ബിജെപി തന്നെ ഗോവ നിയമസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. ആകെ 14 പേരാകും നിയമസഭയിൽ ബിജെപിയുടെ അംഗബലം. ആകെ ഗോവ നിയമസഭയിൽ 36 സീറ്റുകളാണുള്ളത്. അർദ്ധരാത്രി രണ്ട് മണിക്ക് നടന്ന ഈ കൂറുമാറ്റത്തെ സ്പീക്കർ മിഖായേൽ ലോബോ അംഗീകരിക്കുകയും ചെയ്തു. 

ഇതോടെ അപ്രസക്തനായ ഉപമുഖ്യമന്ത്രി സുധീപ് ധാവാലികറെ മന്ത്രിസഭയിൽ നിന്ന് എല്ലാ വകുപ്പുകളും എടുത്തുമാറ്റി ഒഴിവാക്കുകയും ചെയ്തു. 

Follow Us:
Download App:
  • android
  • ios