മൊഴിയെടുപ്പിന് ശേഷം നിറ കണ്ണുകളോടെയാണ് എംകെ രാഘവന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അരികിലെത്തിയത്. അന്വേഷണം നടക്കട്ടെ എന്നും ജനകീയ കോടതി തീരുമാനിക്കട്ടെയെന്നും എംകെ രാഘവന്‍.
കോഴിക്കോട്: ഒരു മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പിനിടെ അന്വേഷണ സംഘത്തിന് മുന്നില്‍ എംകെ രാഘവന്‍ വികാരാധീനനായാണ് മൊഴി നല്‍കിയത്. അന്വേഷണ സംഘം മൊഴിയെടുത്ത് മടങ്ങിയതിന് ശേഷം നിറ കണ്ണുകളോടെയാണ് എംകെ രാഘവന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അരികിലേക്ക് വന്നത്. സഹപ്രവര്‍ത്തകന്‍ നല്‍കിയ തൂവാല കൊണ്ട് കണ്ണ് തുടച്ചതിന് ശേഷം വിശദമായ മൊഴി നല്‍കിയെന്നും ഇനി അന്വേഷണം നടക്കട്ടെ എന്നും എംകെ രാഘവന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബാക്കി കാര്യങ്ങള്‍ ജനകീയ കോടതിയും നീതിന്യായ കോടതിയും തീരമാനിക്കുമെന്നും എം കെ രാഘവന്‍ പറഞ്ഞു. മാധ്യമ പ്രവർത്തകരെന്ന് പരിചയപ്പെടുത്തിയാണ് ചാനല്‍ സംഘം എത്തിയതെന്നാണ് എം കെ രാഘവന്‍ അന്വേഷണ സംഘത്തിന് നല്കിയ മൊഴി. കേരളത്തിലെ തെരഞ്ഞെടുപ്പ് ചെലവുകളെ കുറിച്ച് അഭിപ്രായം തേടി. താൻ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും തന്‍റെ സംഭാഷണമല്ല ദൃശ്യങ്ങളിൽ ഉള്ളതെന്നും രാഘവന്‍ മൊഴി നല്‍കി.
രണ്ട് പരാതികളിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. സ്വകാര്യ ചാനൽ നടത്തിയ അന്വേഷണത്തിൽ രാഘവൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചത് വ്യക്തമായെന്ന് കാണിച്ച് ഡിവൈഎഫ്ഐ ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് അഡ്വ പി എ മുഹമ്മദ് റിയാസ് നൽകിയ പരാതിയാണ് ഒന്ന്. ഗൂഢാലോചനയുണ്ടെന്ന എംകെ രാഘവന്‍റെ പരാതിയാണ് മറ്റൊന്ന്.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഡിജിപിക്ക് കൈമാറിയ പരാതിയിൽ നടക്കുന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് മൊഴി എടുത്തത്. അന്വേഷണ ഉദ്യോഗസ്ഥനായ എസിപി വാഹിദ് നേരത്തെ തന്നെ മൊഴിയെടുക്കാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് രാഘവന് നോട്ടീസ് നൽകിയിരുന്നു. പിന്നീട് ഫോണിൽ വിളിച്ചും ആവശ്യപ്പെട്ടെങ്കിലും എം കെ രാഘവൻ ഹാജരാവാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം വീണ്ടും നോട്ടീസ് നൽകുകയായിരുന്നു.
തുടർന്നാണ് ഇന്ന് രാവിലെ രാഘവന്‍റെ വീട്ടിലെത്തി മൊഴിയെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്. ഒളിക്യാമറ ഉപയോഗിച്ച് വാർത്ത ചെയ്ത TV9 ഭാരത് വർഷ് ചാനലും അന്വേഷണപരിധിയിയിലുണ്ട്. ചാനൽ മേധാവിയുടേയും റിപ്പോർട്ടർമാരുടെയും മൊഴിയെടുക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. യഥാർത്ഥ ദൃശ്യങ്ങൾ ചാനലിൽ നിന്ന് അന്വേഷണസംഘം കസ്റ്റഡിയിലെടുക്കും.
അതേസമയം, രാഘവനെതിരായ ആരോപണം കോൺഗ്രസ് പാർട്ടി തന്നെ അന്വേഷിക്കാനും തീരുമാനമായിട്ടുണ്ട്. കോഴ ആരോപണത്തില്‍ രാഘവന് ജാഗ്രത കുറവുണ്ടായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് ചെലവുകളെ കുറിച്ചടക്കമുള്ള രാഘവന്‍റെ വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ കൂടി പ്രതിരോധത്തിലാക്കുന്നതാണ്. രാഘവന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലം അന്വേഷിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. എന്നാല്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമേ നടപടികള്‍ തുടങ്ങൂ. സിപിഎം കോഴിക്കോട് ജില്ല നേതൃത്വത്തിനൊപ്പം ഒരു മാഫിയ സംഘവും ഗൂഡാലോചനക്ക് പിന്നിലുണ്ടെന്നാണ് രാഘവന്‍ ആവര്‍ത്തിക്കുന്നത്. ഇതിന്‍റെ നിജസ്ഥിതിയടക്കം പരിശോധിക്കുമെന്നാണ് അറിയുന്നത്.

