രാഘവൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചത് വ്യക്തമായെന്ന് കാണിച്ച് ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ് തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഡിജിപിക്ക് കൈമാറിയ പരാതിയിൽ നടക്കുന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് മൊഴി എടുക്കുന്നത്

കോഴിക്കോട്: ഒളിക്യാമറ വിവാദത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവൻ ഇന്ന് മൊഴി നൽകും. സ്വകാര്യ ചാനൽ നടത്തിയ അന്വേഷണത്തിൽ രാഘവൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചത് വ്യക്തമായെന്ന് കാണിച്ച് ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ് തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

തെരഞ്ഞെടുപ്പ് കമ്മീഷൻ ഡിജിപിക്ക് കൈമാറിയ പരാതിയിൽ നടക്കുന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് മൊഴി എടുക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ എസിപി വാഹിദ് നേരത്തെ തന്നെ മൊഴിയെടുക്കാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് രാഘവന് നോട്ടീസ് നൽകിയിരുന്നു. പിന്നീട് ഫോണിൽ വിളിച്ചും ആവശ്യപ്പെട്ടെങ്കിലും എം കെ രാഘവൻ ഹാജരാവാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം വീണ്ടും നോട്ടീസ് നൽകി.

തുടർന്നാണ് ഇന്ന് രാവിലെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ തീരുമാനിച്ചത്. അതേസമയം, രാഘവനെതിരായ ആരോപണം പാർട്ടി തന്നെ അന്വേഷിക്കാനും തീരുമാനമായിട്ടുണ്ട്. കോഴ ആരോപണത്തില്‍ രാഘവന് ജാഗ്രത കുറവുണ്ടായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

തെരഞ്ഞെടുപ്പ് ചെലവുകളെ കുറിച്ചടക്കമുള്ള രാഘവന്‍റെ വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ കൂടി പ്രതിരോധത്തിലാക്കുന്നതാണ്. രാഘവന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലം അന്വേഷിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. എന്നാല്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമേ നടപടികള്‍ തുടങ്ങൂ. സിപിഎം കോഴിക്കോട് ജില്ല നേതൃത്വത്തിനൊപ്പം ഒരു മാഫിയ സംഘവും ഗൂഡാലോചനക്ക് പിന്നിലുണ്ടെന്നാണ് രാഘവന്‍ ആവര്‍ത്തിക്കുന്നത്. ഇതിന്‍റെ നിജസ്ഥിതിയടക്കം പരിശോധിക്കുമെന്നാണ് അറിയുന്നത്.