ദില്ലി: എക്സിറ്റ് പോളുകൾ നൽകിയ ആത്മവിശ്വാസത്തിൽ എൻഡിഎ - 2 സർക്കാർ രൂപീകരണത്തിനൊരുങ്ങി ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും ഇന്നലെ രാത്രി ദില്ലിയിൽ നടന്ന എൻഡിഎ സഖ്യകക്ഷിയോഗത്തിൽ പുതിയ സർക്കാരിന്‍റെ നയരൂപീകരണത്തിന്‍റെ ബ്ലൂപ്രിന്‍റിൽ ഒപ്പു വച്ചു.

ഇന്നലെ രാത്രി അമിത് ഷായുടെ നേതൃത്വത്തിൽ ദില്ലി അശോക ഹോട്ടലിൽ നടത്തിയ യോഗത്തിലും പിന്നീട് ഒരുക്കിയ വിരുന്നിലും 36 എൻഡിഎ സഖ്യകക്ഷികളുടെ പ്രതിനിധികൾ നേരിട്ട് പങ്കെടുത്തു. മൂന്ന് സഖ്യകക്ഷികൾ പിന്തുണ അറിയിച്ച് കത്ത് നൽകിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് അറിയിച്ചു. 

എക്സിറ്റ് പോളുകളിൽ നിന്ന് ലഭിച്ച ട്രെൻഡുകളുടെ അടിസ്ഥാനത്തിൽ, കഴിഞ്ഞ ഭരണകാലത്തെ നയങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ടാണ് പുതിയ ബ്ലൂപ്രിന്‍റ് തയ്യാറാക്കിയിരിക്കുന്നത്. പുതിയ എൻഡിഎ സർക്കാരിന്‍റെ നയങ്ങളുടെ കേന്ദ്രബിന്ദുക്കൾ മൂന്നാണ്: ദേശീയത, ദേശസുരക്ഷ, വികസനം. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനം പുതിയ നയത്തിലും ആവർത്തിക്കുന്നു. സാധാരണക്കാർക്കുള്ള ക്ഷേമപദ്ധതികൾക്കുള്ള ഊന്നലും നയങ്ങളിലുണ്ട്. 

''കഴിഞ്ഞ അഞ്ച് വർഷത്തിൽ ജനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു. ഇനി വികസനത്തിന്‍റെ വേഗം കൂട്ടാനുള്ള നടപടികൾ സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാകും'', രാജ്‍നാഥ് സിംഗ് പറഞ്ഞു. 

ദില്ലിയിൽ കരുനീക്കങ്ങളുമായി പ്രതിപക്ഷ കക്ഷികൾ സജീവമായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ കേന്ദ്രമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. ബിജെപി ആസ്ഥാനത്ത് നടന്ന യോഗത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങൾക്ക് മോദി നന്ദി പറഞ്ഞു. തെരഞ്ഞെടുപ്പിൽ ജനങ്ങൾ ക്രിയാത്മകമായി പ്രതികരിച്ചെന്ന് മോദി പറഞ്ഞു.

''ഇത് ആരെയും തോല്പിക്കാനുള്ള തെരഞ്ഞെടുപ്പായിരുന്നില്ല. തനിക്കിത് ആത്മീയ യാത്രയായിരുന്നു'' എന്നാണ് മോദി യോഗത്തിൽ പറഞ്ഞത്. 24, 25 തീയതികളിലായി മന്ത്രിമാർ മണ്ഡലങ്ങളിൽ നിന്ന് ദില്ലിയിൽ തിരിച്ചെത്തണം എന്നും മോദി നിർദ്ദേശം നൽകി.

ഇവിഎം പരാതികളിൽ മോദിക്ക് ആശങ്ക

ഇവിഎമ്മുകളുടെ തിരിമറിയെക്കുറിച്ചുള്ള ആരോപണങ്ങളിൽ ആശങ്കയുണ്ടെന്ന് മോദി മന്ത്രിമാരുടെ യോഗത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്താൻ പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നു. ഏറെ ആശങ്ക ഉയർത്തുന്നതാണിതെന്നും മോദി യോഗത്തിൽ പറഞ്ഞു.

ഇവിഎം ആരോപണങ്ങൾ വ്യാപകമായി പ്രതിപക്ഷം ശക്തമാക്കുന്നതിൽ ബിജെപിക്കും ആശങ്കയുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ വിശ്വാസ്യതയിൽ ബിജെപിയെ പ്രതിരോധത്തിലാക്കുന്നതാണിത്. ഇതിനെതിരെ തെര‌ഞ്ഞെടുപ്പ് കമ്മീഷനെ പരമാവധി പ്രതിരോധിക്കാൻ ബിജെപി ശ്രമിക്കുന്നു. 

ഇതിനിടെ, മോദി സത്യപ്രതിജ്ഞയ്ക്കൊരുങ്ങുകയാണെന്നും, അത് 2014-ൽ സത്യപ്രതിജ്ഞ ചെയ്ത അതേ ദിനത്തിലാകുമെന്നും ദേശീയ മാധ്യമങ്ങളിലെ മുതിർന്ന മാധ്യമപ്രവർത്തകർ ട്വീറ്റ് ചെയ്യുന്നു.

എല്ലാ ദേശീയമാധ്യമങ്ങളും പുറത്തുവിട്ട എക്സിറ്റ് പോളുകൾ അനുസരിച്ച് എൻഡിഎ സർക്കാരിന് ഭരണം തുടരാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്ന് തന്നെയാണ് സൂചനകൾ. എല്ലാ കേന്ദ്രമന്ത്രിമാരും സ്വന്തം മന്ത്രാലയങ്ങളിൽ തിരിച്ചെത്തി ജോലികൾ ഏറ്റെടുത്തു കഴിഞ്ഞു. ആദ്യ നൂറ് ദിനത്തിന്‍റെ അജണ്ട തയ്യാറാക്കുകയാണ് മന്ത്രിമാരുടെ ആദ്യ ജോലി. 

മുതിർന്ന ഉദ്യോഗസ്ഥരുമായി മോദിയുടെ കൂടിക്കാഴ്ച

ഇന്നലെ രാത്രി എൻഡിഎ യോഗത്തിന് തൊട്ടുമുമ്പ് മോദി മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് സൂചന. നിലവിലെ സാമ്പത്തിക സ്ഥിതിയടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയായി. കൃത്യമായ യോഗത്തിന്‍റെ അ‍ജണ്ട ലഭ്യമല്ലെങ്കിലും മന്ത്രാലയങ്ങളുടെ പ്രവർത്തനം ഇനി എങ്ങനെയാകണമെന്ന വിലയിരുത്തലായിരുന്നു യോഗത്തിലെന്നാണ് സൂചന.

14-ൽ 12 എക്സിറ്റ് പോളുകളും എൻഡിഎക്ക് 282 മുതൽ 365 സീറ്റുകൾ ലഭിച്ച് കൃത്യമായ ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രവചിക്കുന്നത്. പോൾ ഓഫ് പോൾസ് കണക്കിലെടുത്താൽ എൻഡിഎക്ക് ഏതാണ് 302 സീറ്റുകൾ ലഭിക്കും. കേവലഭൂരിപക്ഷത്തിന് 272 സീറ്റുകൾ ലഭിച്ചാൽ ഒരു സഖ്യത്തിന് സർക്കാർ രൂപീകരിക്കാം. കോൺഗ്രസിനും സഖ്യകക്ഷികൾക്കും ഏതാണ്ട് 122 സീറ്റുകൾ മാത്രമേ ലഭിക്കൂ എന്നാണ് പ്രവചനം. 

543 ലോക്സഭാ മണ്ഡലങ്ങളിൽ 542 മണ്ഡലങ്ങളിലാണ് ഇത്തവണ വോട്ടെടുപ്പ് നടന്നത്. തമിഴ്‍നാട്ടിലെ വെല്ലൂർ ലോക്സഭാ മണ്ഡലത്തിൽ അനധികൃതമായി പണം കണ്ടെത്തിയതിനെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.