125 ദിവസംകൊണ്ട് 103 റാലികളിലാണ് മോദി പങ്കെടുത്തത്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ സിക്കാറിൽവച്ച് നടന്ന റാലിയായിരുന്നു മോദി പങ്കെടുത്ത 103-ാമത്തെ റാലി.
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റാലികളുടെ എണ്ണം സെഞ്ചുറി കടന്നിരിക്കുകയാണ്. 125 ദിവസംകൊണ്ട് 103 റാലികളിലാണ് മോദി പങ്കെടുത്തത്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ സിക്കാറിൽവച്ച് നടന്ന റാലിയായിരുന്നു മോദി പങ്കെടുത്ത 103-ാമത്തെ റാലി. മാർച്ച് 10-നാണ് ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ഇതുവരെ 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇരുന്നൂറിലധികം പരിപാടികളിലാണ് മോദി പങ്കെടുത്തത്. താൻ മത്സരിക്കുന്ന വാരണാസി ലോക്സഭ മണ്ഡലത്തിലാണ് മോദി ഏറ്റവും കൂടുതൽ റാലിയിൽ പങ്കെടുത്തത്. അഞ്ച് തവണയാണ് മോദി വാരണാസി സന്ദർശിച്ചത്. ദില്ലിയിൽ ഈ വർഷം 30 പരിപാടികളിലും 14 കാബിനറ്റ് യോഗത്തിലും മാത്രമാണ് മോദി ഇതുവരെ പങ്കെടുത്തിട്ടുള്ളത്. വിദ്യാർഥികൾ മുതൽ ശാസ്ത്രഞ്ജർ വരെ, കർഷകർ മുതൽ കച്ചവടക്കാർ വരെ, സംസ്ഥാനത്തെ വിദേശ തലവൻമാർ മുതൽ പാർട്ടി പ്രവർത്തകർ വരെ നീളുന്നതായിരുന്നു മോദിയുടെ കലണ്ടർ.
തൻ്റെ സന്ദർശനങ്ങളെക്കുറിച്ച് മോദി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. കശ്മീർ മുതൽ കന്യാകുമാരി വരെ, ജംനനഗർ മുതൽ സിൽച്ചർ വരെ.125 ദിവസം കൊണ്ട് താൻ നടത്തിയ യാത്രകളെക്കുറിച്ചുള്ള ലേഖനം നിങ്ങൾക്ക് വളരെ ആസ്വാദ്യകരമായിരിക്കും. എങ്ങനെയാണ് 130 കോടി ജനങ്ങളെ സേവിക്കുന്നതിനായി അവർ എനിക്ക് ശക്തി പകർന്നെന്ന് നിങ്ങൾക്ക് ഈ ലേഖനത്തിലൂടെ മനസ്സിലാകുമെന്നും മോദി ട്വീറ്റ് ചെയ്തു. നാല് മാസമായി താൻ നടത്തുന്ന യാത്രകളെക്കുറിച്ചുള്ള വിവരങ്ങളും ട്വീറ്റിനൊപ്പം അദ്ദേഹം ചേർത്തിട്ടുണ്ട്.
