ദില്ലി: അച്ചുതണ്ടില്‍ കറങ്ങുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തെ വീണ്ടും ആനയിക്കുകയാണ് നരേന്ദ്ര മോദി. ഇന്ദിരാഗാന്ധിക്ക് ശേഷം ഒറ്റപ്പാര്‍ട്ടി സമ്പ്രദായത്തിലേക്ക് മോദി-ഷാ കൂട്ടുകെട്ട് ഇന്ത്യയെ നയിക്കുന്നു. ഇപ്പോള്‍ ഇന്ത്യയെന്നാല്‍ മോദി എന്ന മുദ്രാവാക്യത്തിലേക്ക് മാറ്റിയെഴുതാന്‍ മോദിക്ക് സാധിച്ചിരിക്കുന്നു. ഇന്ത്യയെന്നാല്‍ ഇന്ദിര എന്ന സമാന മുദ്രാവാക്യത്തിലേക്ക് വര്‍ഷങ്ങള്‍ക്കിപ്പുറം മോദി രാജ്യത്തെ എത്തിച്ചിരിക്കുന്നു. 

അടിയന്തരാവസ്ഥയെ തുടര്‍ന്ന് അധികാരത്തില്‍നിന്ന് തുടച്ച് നീക്കപ്പെട്ടെങ്കിലും 1980ലെ തെരഞ്ഞെടുപ്പ് ഇന്ദിരാഗാന്ധി ഷോ ആയിരുന്നു.നെഹ്റുവിന്‍റെ മരണത്തിന് ശേഷം ഇന്ത്യ ഇന്ദിരയെന്ന കേന്ദ്രത്തിന് ചുറ്റും കറങ്ങുകയാണെന്ന് തെളിയിച്ച തെരഞ്ഞെടുപ്പ്. പ്രതിപക്ഷങ്ങളെ അപ്രസക്തമാക്കി 383 സീറ്റാണ് കോണ്‍ഗ്രസ് അന്ന് നേടിയത്. പിന്നീട് ഇന്ദിരാഗാന്ധിയുടെ മരണത്തിന് ശേഷമുള്ള സഹതാപ തരംഗത്തിലും കോണ്‍ഗ്രസ് 404 സീറ്റോടെ രാജ്യം തൂത്തുവാരി.

എന്നാല്‍, 1989ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അടിതെറ്റി. എങ്കിലും രാജീവ് ഗാന്ധിയുടെ കൊലപാതകം കോണ്‍ഗ്രസിന് അടുത്ത തെരഞ്ഞെടുപ്പില്‍ സഹതാപ തരംഗത്തിന് കാരണമായി. 244 സീറ്റ് നേടിയ കോണ്‍ഗ്രസ് അധികാരത്തിലേറിയെങ്കിലും അതോടുകൂടി ഒറ്റപ്പാര്‍ട്ടി സമ്പ്രദായത്തിന് താല്‍ക്കാലികമായി അന്ത്യമാകുകയായിരുന്നു. 1998ലും 1999ലും ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ, 2004 മുതല്‍ 2014 വരെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ യുപിഎ. ഇതായിരുന്നു അവസ്ഥ.  അഴിമതിയാരോപണങ്ങളാല്‍ വലഞ്ഞ യുപിഎ ഭരണത്തിനെതിരെയുള്ള 2014ലെ നരേന്ദ്ര മോദിയുടെ വിജയം ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒറ്റപ്പെട്ട വ്യതിയാനമായി കണ്ടവരുണ്ട്.

എന്നാല്‍, 2019ലെ ജനവിധിയിലുടെ മോദി ആ വിലയിരുത്തലിന് മറുപടി നല്‍കുന്നു. പ്രാദേശിക രാഷ്ട്രീയം വിധി നിര്‍ണയിക്കുന്ന ഏറെ സങ്കീർണ്ണമായ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മോദി മാറ്റി വരയ്ക്കുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ പ്രത്യേകതയായിരുന്ന പ്രാദേശിക കക്ഷികളെ ബിജെപി വിഴുങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ എല്ലായിടത്തും പ്രാദേശിക രാഷ്ട്രീയത്തെ ബിജെപി ഇല്ലാതാക്കുകയാണ്. 

2014ല്‍ അധികാരത്തിലേറിയ ശേഷം മോദി സ്വയം അച്ചുതണ്ടായി മാറുകയായിരുന്നു. പ്രതിപക്ഷത്തെയും വിമര്‍ശകരെയും തനിക്ക് ചുറ്റും ഭ്രമണം ചെയ്യിപ്പിച്ചു, അവര്‍ പോലും അറിയാതെ. മോദി നിശ്ചയിച്ച അജണ്ടയിലൂടെയായിരുന്നു പ്രതിപക്ഷം പോലും സഞ്ചരിച്ചത്. ഇക്കാലത്തിനിടയില്‍ ഭരണ വൈദഗ്ധ്യം പ്രകടിപ്പിക്കുന്നതിന് പകരം താന്‍ മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ ബുദ്ധിപൂര്‍വം രാജ്യത്ത് ആഴത്തില്‍ വേരോടിക്കുന്നതിലും മോദി വിജയിച്ചു. 

68 ദിവസം നീണ്ടു നിന്ന പ്രചാരണത്തിൽ മോദിയുടെ വൈദഗ്ധ്യം രാജ്യം കണ്ടു. നോട്ട് നിരോധനം, തൊഴിലില്ലായ്മ, സാമ്പത്തിക തളര്‍ച്ച തുടങ്ങിയ എല്ലാ വിഷയങ്ങളെയും അപ്രസക്തമാക്കി മോദി അജണ്ട നിശ്ചയിച്ചു. പുല്‍വാമയും ബാലാകോട്ടും പാകിസ്ഥാനും തെരഞ്ഞെടുപ്പില്‍ നിറഞ്ഞുനിന്നു. പ്രതിപക്ഷം ചാര്‍ത്തി നല്‍കിയ ചൗകീദാര്‍ വിശേഷണം പോലും മോദി വോട്ടിലേക്ക് രൂപാന്തരപ്പെടുത്തി. പ്രീ പ്ലാന്‍ഡ് അഭിമുഖങ്ങളിലൂടെ  വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് ചര്‍ച്ചയുടെ വഴി തിരിച്ചുവിട്ടു.

ഗുഹയിലെ ധ്യാനം പോലും വോട്ടാക്കി മാറ്റി.  ഇങ്ങനെ പലവിധത്തിലും തനിക്കൊപ്പം ഇന്ത്യയിലെ ഭൂരിപക്ഷത്തെ നിറുത്താൻ മോദിക്കായി. 2014ല്‍ മോദിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടായിരുന്നു. 2019ല്‍ സാഹചര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. പ്രാദേശിക പാര്‍ട്ടികളുടെ ഐക്യം, ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിന്‍റെ തിരിച്ചു വരവ്, റാഫേല്‍ അഴിമതി, കര്‍ഷക പ്രക്ഷോഭം, നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങി നിരവധി പ്രതിബന്ധങ്ങള്‍ മോദിക്ക് മുന്നിലുണ്ടായിരുന്നു.

എന്നാല്‍, ഒറ്റ ചോദ്യങ്ങള്‍ക്കും ഉത്തരം പറയാതെ മോദി സൗത്ത് ബ്ലോക്കില്‍ കസേരയുറപ്പിച്ചു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ വമ്പന്‍ സംസ്ഥാനങ്ങളിലെല്ലാം മോദി പ്രഭാവം വിജയം കണ്ടു. അങ്ങനെ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകമാക്കേണ്ട തെരഞ്ഞെടുപ്പ് സമ്മാനിച്ചാണ് മോദി വീണ്ടും പ്രധാനമന്ത്രി കസേരയില്‍ എത്തുന്നത്.