ദില്ലി: മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരം നിലനിര്‍ത്തി നരേന്ദ്ര മോദി രണ്ടാം ഇന്നിങ്സിന് തുടക്കമിടുമ്പോള്‍ വിപുലമായ പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. കഴിഞ്ഞ തവണ 100 ദിന പദ്ധതികളാണ് മോദി സര്‍ക്കാര്‍ ആവിഷ്കരിച്ചതെങ്കില്‍ ഇത്തവണ 1000 ദിന പരിപാടികളുടെ പട്ടികയാണ് ബിജെപി തയ്യാറാക്കുന്നത്. ഒരു ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. 

സ്ത്രീശാക്തീകരണം മുതല്‍ ഭാരതീയനെ ബഹിരാകാശത്ത് എത്തിക്കുന്നത് വരെയുള്ള പദ്ധതികളാണ് മോദി 2.0 മന്ത്രിസഭയുടെ പുതിയ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2022-ഓടെ പദ്ധതികള്‍ പൂര്‍ത്തിയാക്കാനാകും എന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. 

1000 ദിന പദ്ധതികള്‍ ആവിഷ്കരിക്കാനും 2022-ഓടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി സമഗ്രമായ പദ്ധതികള്‍ ആവിഷ്കരിക്കാനും പുതിയ മന്ത്രിമാരോടും ബന്ധപ്പെട്ട വകുപ്പുകളോടും നിര്‍ദ്ദേശിക്കും. കൃഷിയിലൂടെയും മറ്റും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുക മുതല്‍ ഇന്ത്യക്കാരനെ ബഹിരാകാശത്ത് എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികളാണ് പുതിയ ഇന്ത്യയ്ക്കായി  ആവിഷ്കരിച്ചിരിക്കുന്നത്. അന്തോദയ(നിര്‍ദ്ധനരുടെ ഉന്നമനം) എന്ന പേരില്‍ സമൂഹ നന്മ ലക്ഷ്യമാക്കിയുള്ള വിവിധ പരിപാടികള്‍ ഏകദേശം 220 മില്ല്യണ്‍ ആളുകള്‍ക്ക് പ്രയോജനകരമാകും. പുതിയ മന്ത്രിമാരെ നിയമിക്കുന്നതിലൂടെ എത്രയും വേഗം പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണെന്നും മോദിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം മോദി മന്ത്രിസഭയില്‍ ആരൊക്കെയാകും ഉള്‍പ്പെടുക എന്നറിയാനുള്ള ആകാംഷയിലാണ് രാജ്യം. പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കും എന്നാണ് സൂചന. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ധനകാര്യ മന്ത്രിയായി ഇത്തവണ അരുണ്‍ ജെയ്‍റ്റ്‍ലി ഉണ്ടാകില്ലെന്നും സുഷമ സ്വരാജ് വിദേശകാര്യ മന്ത്രിയായി തുടരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.