ഭുവനേശ്വര്‍: ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ചൂടുപിടിക്കുമ്പോള്‍ കോണ്‍ഗ്രസിനെതിരെ ആരോപണങ്ങള്‍ ശക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില പാര്‍ട്ടികള്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുകയാണെന്ന് മോദി പറഞ്ഞു. ത്രിപുരയില്‍ സംഭവിച്ച പോലെ ഒഡീഷയിലും ഇത്തവണ അത്ഭുതങ്ങള്‍ സംഭവിക്കും.

ജനങ്ങള്‍ തനിക്ക് ഒരു രണ്ടാം അവസരം നല്‍കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. അഴിമതിയില്‍ നിന്ന് രാജ്യത്തിന്‍റെ സമ്പത്തിനെ സംരക്ഷിക്കുമെന്നും മോദി അവകാശപ്പെട്ടു. രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. രാജ്യത്തെ സര്‍ക്കാര്‍ അവരുടെ അച്ഛന്‍റെ സ്വത്താണെന്നാണ് ചിലര്‍ കരുതുന്നതെന്നും മോദി ആരോപിച്ചു.

പാകിസ്ഥാന്‍ ഇപ്പോഴും ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരവാദികളുടെ മൃതദേഹങ്ങള്‍ എണ്ണിക്കൊണ്ടിരിക്കുകയാണ്, എന്നിട്ടും പ്രതിപക്ഷം തെളിവുകള്‍ ചോദിക്കുകയാണെന്ന് മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ''വ്യോമാക്രമണം നടന്നിട്ട് ഒരു മാസമായിരിക്കുന്നു. എന്നിട്ട് ഇപ്പോഴും പാകിസ്ഥാന്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതശരീരങ്ങള്‍ എണ്ണിക്കൊണ്ടിരിക്കുകയാണ്.

എന്നാല്‍ ഈ ജനങ്ങള്‍ (പ്രതിപക്ഷം) തെളിവ് ചോദിച്ചുകൊണ്ടിരിക്കുകയാണ്... ഇന്ത്യ ഭീകരവാദത്തിനെതിരെ നടപടിയെടുക്കുമ്പോള്‍, ശത്രു പാളയത്തിലേക്ക് കടന്നു കയറി ആക്രമണം നടത്തുമ്പോള്‍ അവര്‍ തെളിവ് ചോദിക്കുന്നു'' - - ഫെബ്രുവരി 26ന് പാകിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണത്തിന്‍റെ തെളിവുകള്‍ ചോദിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളെ കടന്നാക്രമിക്കുകയായിരുന്നു മോദി. ബാലകോട്ട് ആക്രമണം നടത്തിയത് സെെന്യമാണെന്നും അത് താനല്ലെന്നുമാണ് മോദി ഇന്ന് വ്യക്തമാക്കി.