ദില്ലി: കുടുംബഭരണത്തെ ചൊല്ലി ബിജെപി-കോൺഗ്രസ് ഏറ്റുമുട്ടൽ. കുടുംബഭരണം രാജ്യത്തെ തകർത്തന്ന നരേന്ദ്ര മോദിയുടെ ആരോപണത്തെ  ചെറുത്ത് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്തു വന്നു. ഇതിനിടെ കുടുംബമില്ലാത്തതു കൊണ്ടാണ് മോദി കുടുംബഭരണത്തെ എതിർക്കുന്നതെന്ന കോൺഗ്രസ് നേതാവ് താരിഖ് അൻവറിൻറെ പരാമർശവും വിവാദമായി.

മൂന്നു ദിവസത്തെ പ്രിയങ്കാ ഗാന്ധിയുടെ ഗംഗായാത്ര വാരാണസിയിൽ എത്തുമ്പോഴാണ് കുടുംബഭരണത്തിനെതിരായ മോദിയുടെ കടന്നാക്രമണം. കുടുംബഭരണം സ്ഥാപനങ്ങളെ തകർത്തു. പാർലമെൻറ് മുതൽ മാധ്യമങ്ങൾ വരെ കുടുംബഭരണത്തിൻറെ ഇരകളാണെന്നും. സൈനികർ, സുപ്രീംകോടതി, ഭരണഘടന തുടങ്ങി ഒന്നിനെയും കോൺഗ്രസിൻറ കുടുംബഭരണം വെറുതെവിട്ടില്ലെന്നുമാണ് നരേന്ദ്രമോദി തന്‍റെ ബ്ളോഗിലൂടെ കുറ്റപ്പെടുത്തിയത്. ഇതിനെതിരെ ശക്തമായ ഭാഷയിലാണ് പ്രിയങ്ക പ്രതികരിച്ചത്. മാധ്യമങ്ങൾ ഉൾപ്പടെ എല്ലാ സ്ഥാപനങ്ങളെയും അധികാരത്തിലിരുന്ന അഞ്ച് വര്‍ഷം കൊണ്ട് ബിജെപി തകർത്തുവെന്ന് പ്രിയങ്ക പറഞ്ഞു. ഇത് എല്ലാവർക്കും അറിയാം. അതിനാൽ പ്രധാനമന്ത്രി ജനങ്ങൾ വിഡ്ഢികളാണെന്ന് കരുതരുത്. 

അതേസമയം മോദി കുടുംബത്തിൽ നിന്ന് വരാത്തതുകൊണ്ടാണ് ഈയഭിപ്രായം പറയുന്നതെന്ന കോണ്‍ഗ്രസ് നേതാവ് താരിഖ് അൻവറിന്‍റെ പ്രതികരണം ബിജെപിക്ക് ആയുധമായി. കിഴക്കൻ ഉത്തർപ്രദേശിൽ പ്രിയങ്ക തരംഗമുണ്ടാക്കാൻ ശ്രമിക്കുമ്പോഴാണ് മോദി കുടുംബഭരണം ഉയർത്തി  പ്രതിരോധിക്കുന്നത്. 2014ൽ പ്രിയങ്ക നീച് രാഷ്ട്രീയം അഥവാ താഴ്ന്ന രാഷ്ട്രീയം എന്ന് പ്രയോഗിച്ചത് തൻറെ ജാതി സൂചിപ്പിച്ചാണെന്ന് മോദി ആരോപിച്ചിരുന്നു. യാദവരൊഴികെയുള്ള മറ്റു പിന്നാക്കവിഭാഗങ്ങളെ ഉത്തർപ്രദേശിൽ ഒപ്പം നിറുത്താൻ കൂടിയാണ് കുടുംബരാഷ്ട്രീയം മോദി വിഷയമാക്കുന്നത്.