ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും ഒപ്പം മികച്ച പ്രവര്‍ത്തനവും ചേരുമ്പോള്‍ ഉത്തര്‍പ്രദേശില്‍ 74ല്‍ കൂടുതല്‍ സീറ്റുകള്‍ ബിജെപിക്ക് നേടാനാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിവിധ സര്‍വേകള്‍ 40-45 സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍, മോദിയുടെ പേരും പ്രവര്‍ത്തനവും ചേരുമ്പോള്‍ 74ല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്ന കാര്യം ഉറപ്പാണ്.

എസ്പിയും ബിഎസ്പിയും പലയിടങ്ങളിലും അപ്രസക്തരാകുമ്പോള്‍ അഞ്ച് വര്‍ഷത്തെ മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാകും ജനങ്ങള്‍ വോട്ട് ചെയ്യുക. ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ പ്രഭാവം ഇപ്പോള്‍ വളരെ വലുതാണ്. ഒരു സാമ്പത്തിക ശക്തിയായി ഇന്ത്യ വളര്‍ന്നു കഴിഞ്ഞു. അതിനൊപ്പം അതിര്‍ത്തികള്‍ സംരക്ഷിക്കുന്ന സര്‍ക്കാരിന്‍റെ കൃത്യമായ നടപടികളും ജനങ്ങള്‍ അംഗീകരിച്ചതാണെന്നും യോഗി വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിയുടെ അമേഠിയും അഖിലേഷ് യാദവിന്‍റെ അസംഗര്‍ഹും അടക്കമുള്ള സീറ്റുകളാണ് ബിജെപി നേടുക. 74 എന്നത് ബിജെപിക്ക് ലഭിക്കാന്‍ പോകുന്ന ഏറ്റവും കുറഞ്ഞ സീറ്റുകളാണ്. അത് ഒരു പ്രതിപക്ഷം പാര്‍ലമെന്‍റില്‍ വേണമെന്നത് കൊണ്ട് മാത്രമാണ്. കോണ്‍ഗ്രസ് തീവ്രവാദികള്‍ക്ക് ബിരിയാണി വച്ച് കൊടുത്തവരാണ്.

ഭീകരവാദികളുടെ പേരിനൊപ്പം അവര്‍ 'ജി' എന്ന് ചേര്‍ക്കുന്നു. അതേസമയം അവര്‍ പ്രധാനമന്ത്രിയെ അപമാനിക്കുന്നു. ഭീകരവാദികള്‍ക്ക് ഒപ്പം നില്‍ക്കുന്നുവെന്ന സന്ദേശമല്ലേ ഇതൊക്കെ ജനങ്ങളിലേക്ക് കൊടുക്കുന്നത്. ക്ഷേത്രങ്ങള്‍ സംബന്ധിച്ച വിഷയങ്ങള്‍ ബിജെപി ഒരിക്കലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉയര്‍ത്താറില്ല. അത്തരം വിഷയങ്ങള്‍ പ്രതിപക്ഷം മാത്രമാണ് ഉന്നയിക്കാറുള്ളത്. രാമനുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് അയോധ്യ. രാമരാജ്യമാണ് തങ്ങള്‍ മുന്നോട്ട് വെ്ക്കുന്നതെന്നും യോഗി കൂട്ടിച്ചേര്‍ത്തു.