പാകിസ്ഥാനിലെ ഭീകരാക്രണ താവളങ്ങളിൽ വരെ കടന്നു കയറി അവരെ ഇല്ലാതാക്കാൻ ധൈര്യം പ്രകടിപ്പിച്ചവരാണ് ഇന്ത്യൻ സൈനികർ. ദേശീയ സുരക്ഷയുടെ ശക്തമായ മതിലായിട്ടാണ് അവർ പ്രവർത്തിക്കുന്നത്. 


ദില്ലി: സായുധ സേനകളുടെ ധൈര്യം ഇല്ലാതാക്കാൻ കോൺ​ഗ്രസ് പാർട്ടി ശ്രമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാനിലെ ഭീകരാക്രണ താവളങ്ങളിൽ വരെ കടന്നു കയറി അവരെ ഇല്ലാതാക്കാൻ ധൈര്യം പ്രകടിപ്പിച്ചവരാണ് ഇന്ത്യൻ സൈനികർ. ദേശീയ സുരക്ഷയുടെ ശക്തമായ മതിലായിട്ടാണ് അവർ പ്രവർത്തിക്കുന്നത്. എന്നാൽ കോൺ​ഗ്രസ് അവരുടെ പ്രകടനപത്രികയിൽ സൈന്യത്തിന്റെ ധൈര്യം ഇല്ലാതാക്കുന്ന നിലപാടാണ് ‌സ്വീകരിച്ചിരിക്കുന്നത്. കൊൽക്കത്ത, സിലി​ഗുരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് പത്രികയെ വെറും തട്ടിപ്പെന്നായിരുന്നു മോദി വിശേഷിപ്പിച്ചത്. 

മുമ്പുണ്ടായിരുന്ന ഭരണകർത്താക്കൾ ആരും ഒരു മിന്നലാക്രമണത്തെക്കുറിച്ച് ചിന്തിച്ചിട്ട് കൂടിയില്ല. അതിർത്തി കടന്ന് അവരുടെ താവളങ്ങളിൽ എത്തി ഭീകരവാദികളെ കൊല്ലാനുള്ള ധൈര്യവും അവർക്കുണ്ടായില്ല. എന്നാൽ ഈ സർക്കാർ ഭീകരവാദത്തെ നേരിട്ടെതിർക്കുകയാണുണ്ടായത്. ഭീകരവാദത്തെയും ഭീകരവാദികളെയും പ്രോത്സാഹിപ്പിക്കുന്ന നയമാണ് കോൺ​ഗ്രസിന്റേത്. സത്യസന്ധതയുള്ള, ധാർമ്മികതയുള്ള ഒരു സർക്കാർ വേണോ അഴിമതി നിറഞ്ഞ സർക്കാർ വേണോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും മോദി കൂട്ടിച്ചേർത്തു. കോൺ​ഗ്രസിന്റെ വ്യാജവാ​ഗ്ദാനങ്ങളിൽ വീഴരുതെന്നും മോദി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.