വികസനത്തിന്‍റെ ഗംഗയുമായി താൻ വീണ്ടും പ്രധാനമന്ത്രി പദത്തിൽ എത്തുമെന്ന് നരേന്ദ്രമോദി. മുന്നൂറിലധികം സീറ്റ് നേടി മോദിയുടെ കീഴില്‍ എന്‍ഡിഎ  ഒരിക്കൽക്കൂടി അധികാരത്തിലെത്തുമെന്നാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ. മോദിയുടെ മണ്ഡലമായ വാരാണാസിയിൽ ഇന്ന് പ്രിയങ്ക ഗാന്ധിയുടെ റോഡ്  ഷോ.


ബിഹാർ: താൻ പ്രധാനമന്ത്രി ആകുമെന്ന് നരേന്ദ്ര മോദി . വികസനത്തിന്‍റെ ഗംഗയുമായി വീണ്ടും പ്രധാനമന്ത്രി പദത്തിൽ എത്തുമെന്ന് നരേന്ദ്രമോദി ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞു. കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും രാജ്യത്തെക്കുറിച്ചോ പാവപ്പെട്ടവരെക്കുറിച്ചോ യാതൊരു ചിന്തയുമില്ലെന്നും അഴിമതിയിലാണ് അവരുടെ ശ്രദ്ധയെന്നും മോദി ആരോപിച്ചു. പ്രതിപക്ഷ നേതാക്കള്‍ കോടികളുടെ ആസ്തിയുണ്ടാക്കിയെന്നും. ബിഹാറിലെ പാലിഗഞ്ചിൽ തിരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു 

മുന്നൂറിലധികം സീറ്റ് നേടി മോദിയുടെ കീഴില്‍ എന്‍ഡിഎ ഒരിക്കൽക്കൂടി അധികാരത്തിലെത്തുമെന്നാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ ഇന്ന് പറഞ്ഞത്. തെരഞ്ഞെടുപ്പിന്‍റെ ആറ് ഘട്ടം കഴിഞ്ഞപ്പോള്‍ ഇക്കാര്യം വളരെ വ്യക്തമായിരിക്കുകയാണെന്നും അമിത് ഷാ ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണാസിയിൽ ഇന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ നടക്കും. കാശി വിശ്വനാഥ ക്ഷേത്രം വരെയാണ് റോഡ് ഷോ . തുടര്‍ന്ന് കാശി വിശ്വനാഥ ക്ഷേത്രത്തിലും കാലഭൈരവ ക്ഷേത്രത്തിലും പ്രിയങ്ക ദര്‍ശനം നടത്തും . വാരാണാസിയിൽ മോദിക്കെതിരെ അജയ് റായിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.