ദില്ലി: തന്റെ സേവനം രാജ്യത്തെ എല്ലാ പൗരൻമാർക്ക് വേണ്ടിയാണെന്നും അല്ലാതെ ഹിന്ദുവിനും മുസ്ലീമിനും വേണ്ടി മാത്രമല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അവർക്ക്  മാത്രമായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയ സാഹചര്യത്തിൽ എബിപി ന്യൂസിന്  നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോദി. കോൺ​​ഗ്രസ് പാർട്ടി പുറത്തിറക്കിയ 
തെരഞ്ഞെടുപ്പ് പ്രകടനപത്രികയെ മോദി നിശിതമായി വിമർശിക്കുകയും ചെയ്തു. കപട പ്രകടന പത്രിക എന്നാണ് കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് പത്രികയെ മോദി വിശേഷിപ്പിച്ചത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ഈ പ്രകടന പത്രികയെന്നും മോദി ആരോപിക്കുന്നു,

വിഘടനവാദികളുടെ ഭാഷയാണ് കോൺ​ഗ്രസ് പ്രകടന പത്രികയിൽ ഉപയോ​ഗിച്ചിരിക്കുന്നതെന്നും ഇന്ത്യൻ സൈന്യത്തെ അപമാനിക്കുന്ന ഭാഷയാണ് പ്രയോ​ഗിച്ചിരിക്കുന്നതെന്നും മോദി ആരോപിക്കുന്നു. ജമ്മു കാശ്മീരിന്റെ വികസനത്തിൽ ബിജെപി ഏറെ ശ്രദ്ധ നൽകുന്നുണ്ട്. ജമ്മു കാശ്മീരിലെ എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ചു. അതുപോലെ തന്നെ എല്ലാ വീടുകളിലും ടോയ്ലെറ്റ് സംവിധാനവും നൽകിയതായി മോ​ദി അവകാശപ്പെട്ടു. 

അധികാരത്തിലേറിയാൽ രാജ്യദ്രോഹപരമായ നിയമങ്ങൾ റദ്ദ് ചെയ്യുമെന്നായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വാ​ഗ്ദാനം. ഇത്തരത്തിലുള്ള 1400 നിയമങ്ങൾ റദ്ദാക്കിയതായി മോദി വെളിപ്പെടുത്തി. നിയമസംവിധാനത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന പാർട്ടിയാണ് ബിജെപി.  അതുപോലെ ബിജെപിയുടെ ശ്രമഫലമായിട്ടാണ് നീരവ് മോദിയെപ്പോലെയുള്ള തട്ടിപ്പുവീരൻമാരെ തുറുങ്കിലടയ്ക്കാൻ സാധിച്ചത്. നമോ ചാനലിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇതുവരെ കാണാൻ സമയം ലഭിച്ചില്ല എന്നായിരുന്നു മോദിയുടെ മറുപടി. നരേന്ദ്ര മോദി അഴിമതിക്കൊപ്പം ഒരിക്കലും നിൽക്കില്ല എന്ന് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ ഈ ചാനൽ വഴി സാധിച്ചുവെന്നും മോദി പറഞ്ഞു. 

രാമക്ഷേത്ര നിർമ്മാണം തന്റെ മാത്രം ആ​ഗ്രഹമല്ല, മറിച്ച് രാജ്യത്തെ മുഴുവൻ ജനങ്ങളും അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചു കാണാൻ ആ​ഗ്രഹിക്കുന്നതായി മോദി അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ ഏറ്റവും പുതിയ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. മുസ്ലീം സമുദായത്തിന് മാത്രമായി ഒന്നും ചെയ്തിട്ടില്ല. അതുപോലെ ഹിന്ദുക്കൾക്ക് മാത്രമായും. എന്നാൽ 2020 ആകുമ്പോഴേയ്ക്കും രാജ്യത്തെ എല്ലാവർക്കും പാർപ്പിട സംവിധാനം ഒരുക്കുക എന്നതാണ് തന്റെ സ്വപ്നമെന്നും മോദി വ്യക്തമാക്കി. സബ്കാ സാത്ത് സബ്കാ വികാസ് എന്നതാണ് തന്റെ ലക്ഷ്യം. മതത്തിന് പ്രാധാന്യം നൽകുന്ന സർക്കാരല്ല തന്റേതെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. 

വാരണാസിയിൽ പ്രിയങ്ക ​ഗാന്ധി മത്സരിക്കുമെന്ന വാർത്തയ്ക്ക് മോദി നൽകിയ മറുപടി ജനാധിപത്യ രാജ്യത്ത് ആർക്ക് എവിടെ വേണമെങ്കിലും മത്സരിക്കാൻ അവകാശമുണ്ട് എന്നായിരുന്നു. രാജ്യസുരക്ഷയ്ക്ക് വേണ്ടി ഒരു മതിലായി നിലകൊള്ളുമെന്നും മോദി വ്യക്തമാക്കി.