പ്രതിപക്ഷ എതിരാളികൾ ബിജെപിയ്ക്കെതിരെ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും മോദി ആരോപിച്ചു.  ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ പിന്നാക്ക വിഭാ​ഗക്കാർക്ക് അർഹമായ സംവരണം നൽകുമെന്നും മോദി കൂട്ടിച്ചേർത്തു. 

ദില്ലി: കോൺ​ഗ്രസ് പാർട്ടി അധികാരത്തിലിരുന്ന സമയത്ത് ഇന്ത്യയിൽ ഭരണം റിവേഴ്സ് ​ഗിയറിലായിരുന്നു പോയിക്കൊണ്ടിരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാറിലെ ജാമൂയ് മണ്ഡലത്തിലെ തെര‍‌ഞ്ഞെടുപ്പ് റാലിയിൽ പ്രസം​ഗിക്കവേയാണ് കോൺ​ഗ്രസിനെതിരെ മോദി രൂക്ഷമായ വിമർശനമുന്നയിച്ചത്. ബിആർ അംബേദ്കറിനെ കോൺ​ഗ്രസ് പാർട്ടി അവ​ഗണിച്ചത് പോലെ മറ്റൊരു പാർട്ടിയും ചെയ്തിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി. പ്രതിപക്ഷ എതിരാളികൾ ബിജെപിയ്ക്കെതിരെ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും മോദി ആരോപിച്ചു. ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ പിന്നാക്ക വിഭാ​ഗക്കാർക്ക് അർഹമായ സംവരണം നൽകുമെന്നും മോദി കൂട്ടിച്ചേർത്തു. 

''കോൺ​ഗ്രസ് പാർട്ടിയും അവരുടെ സഖ്യകക്ഷികളും അധികാരത്തിലിരുന്നപ്പോൾ ഭരണം റിവേഴ്സ് ​ഗിയറിൽ പിന്നോട്ടാണ് സഞ്ചരിച്ചിരുന്നത്. ഭീകരവാദവും അക്രമവും അഴിമതിയും കള്ളപ്പണവും വർദ്ധിച്ചത് കോൺ​ഗ്രസിന്റെ ഭരണത്തിൻ കീഴിലാണ്. രാജ്യത്തിന്റെ അന്തസ്സും മാന്യതയും അഭിവൃദ്ധിയും സായുധ സേനയുടെ ധാർമ്മികതയും സത്യത്തോടുള്ള ആ​ദരവും ഇല്ലാതായതും ഈ ഭരണത്തിൻ കീഴിലാണ്.'' മോദി കുറ്റപ്പെടുത്തി. 

ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പിയായ അംബേദ്കറെ പരാജയപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും കോൺ​ഗ്രസ് നടത്തിയതായി മോദി ആരോപിച്ചു. പൊതുസമൂഹത്തിന്റെ ഓർമ്മയിൽ നിന്ന് അംബേദ്കറെ തുടച്ചു മാറ്റാനാണ് അവർ ശ്രമിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം പരമോന്നത ബഹുമതി അദ്ദേഹത്തിന് ലഭിക്കാൻ കാരണമായത് ബിജെപിയുടെ ശ്രമഫലമായിട്ടാണ് എന്നും മോദി കൂട്ടിച്ചേർത്തു. ബിജെപി അധികാരത്തിൽ വന്നാൽ‌ വിദ്യാഭ്യാസ രം​ഗത്തും സംവരണരം​ഗത്തും തിരിച്ചടികൾ ഉണ്ടാകുമെന്ന് എതിരാളികൾ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ അത്തരമൊരു നീക്കം ബിജെപിയുടെ ഭാ​ഗത്ത് നിന്നുണ്ടാകില്ലെന്നും മോദി ഉറപ്പു നൽകി.