''രാജ്യദ്രോഹികളെ ശക്തിപ്പെടുത്തുകയാണ് കോൺഗ്രസ് ചെയ്യുന്നത്. എന്നാൽ നിങ്ങളുടെ കാവൽക്കാരൻ എപ്പോഴും ജാഗരൂകനായി തന്നെ നിലകൊളളുന്നുണ്ട്. അയാൾ നിങ്ങളെ രക്ഷിക്കും.'' മോദി പറഞ്ഞു.
അരുണാചൽ പ്രദേശ്: കോൺഗ്രസിന്റെ പ്രകടനപത്രികയെ വാക്കുകളാൽ പിച്ചിച്ചീന്തി പ്രധാനമന്ത്രി മോദി. കോൺഗ്രസിന്റെ അറുപത് വർഷത്തെ ഭരണവും ബിജെപിയുടെ അറുപത് മാസത്തെ ഭരണവും താരതമ്യം ചെയ്തു കൊണ്ടായിരുന്നു മോദിയുടെ കടന്നാക്രമണം. ''അറുപത് വർഷം ഭരിച്ചവർ ഒന്നും ചെയ്തില്ല. അറുപത് മാസം മാത്രമേ ഞാനിവിടം ഭരിച്ചിട്ടുള്ളൂ. ജനങ്ങൾക്കത് മനസ്സിലാക്കാൻ സാധിക്കും.'' അരുണാചൽപ്രദേശിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ മോദി പറഞ്ഞു.
ചൊവ്വാഴ്ചയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തുവിട്ടത്. എന്നാൽ പത്രിക അഴിമതി നിറഞ്ഞതാണെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടുക മാത്രമാണ് കോൺഗ്രസ് ഈ പ്രകടന പത്രിക കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മോദി രൂക്ഷവിമർശനമുന്നയിച്ചു. അരുണാചൽ പ്രദേശിൽ ബിജെപി സംഘടിപ്പിക്കുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പ് റാലിയാണിത്. 2004 ലെ കോൺഗ്രസിന്റെ പ്രകടന പത്രികയിൽ 2009 ആകുമ്പോഴേയ്ക്കും എല്ലാം വീടുകളും വൈദ്യുതീകരിക്കുമെന്ന് വാഗ്ദാനമുണ്ടായിരുന്നു. എന്നാൽ 2014 വരെ 18000 ത്തിലധികം വീടുകളിലും വൈദ്യുതി എത്തിയിട്ടുണ്ടായിരുന്നില്ലെന്നും മോദി ചൂണ്ടിക്കാണിച്ചു. പ്രകടനപത്രികയല്ല, കപട പത്രികയെന്നാണ് മോദി കോൺഗ്രസ് പ്രകടന പത്രികയെ വിശേഷിപ്പിച്ചത്.
കാർഷിക പ്രതിസന്ധി, തൊഴിലവസരങ്ങൾ, ജിഎസ് ടി ഒറ്റനികുതിയാക്കുക, ദരിദ്രകുടുംബങ്ങൾക്ക് പ്രതിവർഷം 72, 000 രൂപ വീതം നൽകും തുടങ്ങിയ വിഷയങ്ങൾക്ക് പ്രാധാന്യം നൽകിയാണ് കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. എന്നാൽ രാജ്യത്തിന് ദ്രോഹം വരുത്തുന്ന ശക്തികളെയാണ് കോൺഗ്രസ് പിന്തുണയ്ക്കുന്നതെന്ന് മോദി ആരോപിച്ചു. ''രാജ്യദ്രോഹികളെ ശക്തിപ്പെടുത്തുകയാണ് കോൺഗ്രസ് ചെയ്യുന്നത്. എന്നാൽ നിങ്ങളുടെ കാവൽക്കാരൻ എപ്പോഴും ജാഗരൂകനായി തന്നെ നിലകൊളളുന്നുണ്ട്. അയാൾ നിങ്ങളെ രക്ഷിക്കും.'' മോദി പറഞ്ഞു.
എഴുപത് വർഷം ഭരിച്ചവർ ശ്രദ്ധ കൊടുക്കാത്ത അനവധി മേഖലകൾ ഉണ്ടെന്നും അവയിലാണ് ബിജെപി ശ്രദ്ധ ചെലുത്താൻ പോകുന്നതെന്നും മോദി പ്രസംഗമധ്യേ പറഞ്ഞു. ജനങ്ങളുടെ പിന്തുണയുണ്ടെങ്കിൽ എത് തരത്തിലുള്ള വികസനവും സാധ്യമാണെന്ന് മോദി ഉറപ്പ് നൽകി. അരുണാചല്‍പ്രദേശില്‍ ദേശീയ പാത, റോഡുകൾ, റെയിൽവേ എന്നിവയുടെ വികസനത്തിന് മുൻതൂക്കം നൽകും. ബിജെപിയിൽ അർപ്പിക്കുന്ന വിശ്വാസത്തിന്റെ ഫലമായിരിക്കും ഈ വികസനങ്ങളെന്നും മോദി കൂട്ടിച്ചേർത്തു.
